Christian Commitment to God's Mission

Posted on
28th Aug, 2017
under Malayalam/മലയാളം | 0 Comments

Christian Commitment to God's  Mission 

ദൈവ നിയോഗത്തിനായി ക്രിസ്തിയാനിയുടെ സമർപ്പണം 


നിയോഗവും സമർപ്പണവും :- ഈ രണ്ടു ചെറിയ വാക്കുകളിൽ മരണത്തോളം ആഴവും നിത്യജീവനോളം ഉയരവും നിഴലിച്ചിരിക്കുന്നു. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യനു വേണ്ടിയുള്ള വാഗ്ദാനം ആണ് തന്റെ മിഷൻ പൂർത്തീകരിക്കുവാനായുള്ള "നിയോഗം" നമ്മെ ഭരമേല്പിക്കുന്നു എന്നുള്ളത്. മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതു ചോദ്യം ചെയ്യാതെയുള്ള അനുസരണം അതായതു "സമർപ്പണം".
ദൈവത്തിന്റെ ഈ നിയോഗത്തിനായുള്ള ക്രിസ്തിയാനിയുടെ സമർപ്പണത്തെ യെശയ്യാവ്‌ പ്രവാചകന്റെ പുസ്തകം ആറാം അധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി വിവരിക്കുകയാണ്.
സമർപ്പണത്തിനായുള്ള മൂന്നു ഘട്ടങ്ങൾ.
i . സർവ്വശക്തനായ/ സകലത്തിന്റെയും മുകളിൽ വാഴുന്ന - ഉയർന്നും പൊങ്ങിയുമുള്ള സിഹാസനത്തിൽ ഇരിക്കുന്ന പരിശുദ്ധനായ ദൈവത്തിന്റെ ദർശനം (Isaiah 6 :1 -14 )

ii. വിശുദ്ധനായ ദൈവത്തെ ദർശിക്കുമ്പോൾ എൻെറ അശുദ്ധിയെ മനസിലാക്കുന്ന വിശാലതയോ അല്ലെങ്കിൽ ദൈവത്തിനു കീഴടങ്ങുന്നതോ ആയ ഹൃദയം (Isaiah 6 :5  )

iii. ആർ നമുക്കു വേണ്ടി പോകും എന്നുള്ള ചോദ്യത്തിനു മുൻപിൽ മറ്റുള്ളവരെ കുറിച്ചുള്ള ഹൃദയവുമായി ഒട്ടും അമാന്തിക്കാതെ ഞാൻ തയ്യാർ എന്നു ഏൽപ്പിച്ചു കൊടുക്കുന്ന സംപൂർണ്ണ സമർപ്പണം .(Isaiah 6 :8 )

i . സർവ്വശക്തനായ/ സകലത്തിന്റെയും മുകളിൽ വാഴുന്ന - ഉയർന്നും പൊങ്ങിയുമുള്ള സിഹാസനത്തിൽ ഇരിക്കുന്ന പരിശുദ്ധനായ ദൈവത്തിന്റെ ദർശനം (Isaiah 6 :1 -14 )
                        ഒരു ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആരാണ് ഭരമേല്പിക്കുന്നതെന്നും, ആ വ്യെക്തിയുടെ അസ്തിത്വവും, ദൗത്യവുമായി പോകുമ്പോൾ ഉള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ കാര്യാ പ്രാപ്തിയും ശേഷിയും ഉള്ള വക്തിയാണോ ദൗത്യം ഭരമേല്പിക്കുന്നതെന്നുള്ള മുന്നറിവും ആവശ്യമാണ്.
ദൈവിക ദൗത്യമായതിനാൽ മറ്റുള്ളവർ പറഞ്ഞുള്ള അറിവല്ല പ്രത്യുത സ്വയമായ തിരിച്ചറിവ്, ദൈവം ആരെന്നുള്ള അറിവ് നമുക്കുണ്ടായിരിക്കണം. ദൗത്യ നിർവഹണത്തിനായി ഭരമേൽപിക്കുന്ന പാത ദുർഘടം നിറഞ്ഞതായിരിക്കും. പ്രതികൂലം അനവധിയാകാം. എതിർപ്പുകൾ ഒട്ടനവതിയാകാം, എന്നാൽ ലക്ഷ്യത്തിനു വേണ്ടി പൊരുതുമ്പോൾ ആരെയാണ് വിശ്വസിച്ചിരിക്കുന്നതെന്നും, എന്റെ ഉപനിധി അവസാനത്തോളം കാക്കുവാൻ മതിയായവനാണെന്നുള്ള ബോധ്യത്തിനാണ് ദർശനം അനിവാര്യമായിരിക്കുന്നതു.(2nd Timothy 1:12).
                        നിരാശ, ചിന്താകുഴപ്പം, തീരുമാനങ്ങൾ എടുക്കുവാനുള്ള അമാന്തം, ഇവയെല്ലാം മുൻപോട്ടുള്ള യാത്രയിൽ എതിരിടേണ്ടി വന്നേക്കാം. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഒട്ടനവതിയുണ്ടായേക്കാം, ജീവനു പോലും ഭീഷണിയും, സാധ്യതകൾ സകലതും പ്രതികൂലവുമാകാം, എന്നാൽ ഉയർന്നും പൊങ്ങിയുമുള്ള സിഹാസനത്തിൽ ഇരിക്കുന്ന സൈന്ന്യങ്ങളുടെ അധിപനായ ദൈവത്തിന്റെ ദർശനം പ്രാപിച്ചു ദൗത്യ നിർവഹണത്തിനായി ഇറങ്ങുന്നവനു അവന്റെ മുൻപിലുള്ള പ്രതിസന്ധികളിൽ വാഴുന്നതു സ്വർഗ്ഗമാണന്നുള്ള ബോധ്യം എപ്പോഴും ഉണ്ടായിരിക്കും.
                         ദൗത്യ നിർവഹണത്തിന് ഏറ്റവും അത്യന്താപേഷിതമായിരിക്കുന്ന ഘടകമാണ് ഈ ദർശനം. മിഷൻ പൂർത്തീകരിക്കുന്നതിനാവശ്യമായ സകല വിഭവങ്ങളും നമുക്കു ലഭിക്കും എന്നുള്ള ഉറപ്പും ഈ ദർശനം നമ്മെ കൂടെ കൂടെ ഓർമ്മിപ്പിക്കും. കരുണ ലഭിച്ചിട്ടു ഭരമേൽപിക്കുന്ന ഈ മിഷൻ പൂർത്തീകരിക്കുവാൻ ഈ ദർശനം എപ്പോഴും സഹായകമാകും. 
                         ലോകത്തിലെ സകല അധികാരങ്ങളുടെയും മുകളിലാണ് ഈ അധികാരം എന്നുള്ളത്, ഉയർന്നും പൊങ്ങിയുമുള്ള സിഹാസനത്തെ സൂചിപ്പിക്കുന്നു. ദൈവം അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്നുള്ള ഉറപ്പും ഈ സിഹാസനം നമ്മെ ബോധ്യപ്പെടുത്തുന്നു.

ii. വിശുദ്ധനായ ദൈവത്തെ ദർശിക്കുമ്പോൾ എൻെറ അശുദ്ധിയെ മനസിലാക്കുന്ന വിശാലതയോ അല്ലെങ്കിൽ ദൈവത്തിനു കീഴടങ്ങുന്നതോ ആയ ഹൃദയം (Isaiah 6 :5  )
                          പരിശുദ്ധനായ ദൈവത്തിന്റെ ദർശനം പ്രാപിക്കും വരെയും ഞാൻ ഈ ദൗത്യത്തിനായി പാകമുള്ളവനാണെന്നാണ് എന്റെ വിചാരം. ദൈവത്തിന്റെ പ്രകാശത്തിൽ എന്നെ കാണുമ്പോഴാണ് ഞാൻ അശുദ്ധിയുള്ളവനാണെന്നുള്ള തിരിച്ചറിവുണ്ടാകുന്നത്. ഞാൻ അശുദ്ധിയുള്ളവനാണ്, തന്നെയുമല്ല അശുദ്ധിയുള്ള ജനത്തിന്റെ നടുവിലുമാണ് എന്റെ വാസവും. ഈ രണ്ടു കാര്യങ്ങൾ നമ്മെ നയിക്കുന്നത് ബോധ്യങ്ങളിലേക്കാണ്. ഈ ബോധ്യം മറ്റൊന്നുമല്ല ദൗത്യ നിർവഹണത്തിന് ഞാൻ സാധുവായ മനുഷ്യനാണെന്നുള്ള ഇതു വരെയുള്ള എന്റെ ചിന്തയെ മാറ്റുവാനും, എന്റെ അശുദ്ധിയെ കുറിച്ചുള്ള തിരിച്ചറിവും പാപക്ഷമാക്കായുള്ള യാചന അർപ്പിക്കുവാനും എന്നെ സഹായിക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല മഹത്വവാനായ ദൈവം തന്റെ ദൗത്യം എന്നെ ഭരമേല്പിച്ചതു മറിച്ചു തന്റെ കരുണാധിക്യ പ്രകാരമാണെന്നു ഈ വെളിച്ചം നമ്മെ ഓർമ്മിപ്പിക്കുന്നു.(2 Corinthians 4:1)

iii. ആർ നമുക്കു വേണ്ടി പോകും എന്നുള്ള ചോദ്യത്തിനു മുൻപിൽ മറ്റുള്ളവരെ കുറിച്ചുള്ള ഹൃദയവുമായി ഒട്ടും അമാന്തിക്കാതെ ഞാൻ തയ്യാർ എന്നു ഏൽപ്പിച്ചു കൊടുക്കുന്ന സംപൂർണ്ണ സമർപ്പണം .(Isaiah 6 :8 )
                          ദൈവം തന്റെ ദൗത്യ നിർവഹണത്തിനായി ഒരുവനെ തിരഞ്ഞെടുക്കുമ്പോഴും മനുഷ്യന്റെ പൂർണ്ണമായ ഹൃദയം അതിനോടു പറ്റി ചേർന്നിരിക്കുന്നുവോ എന്നു ആരായുന്നു. ദൗത്യം (Mission) ദൈവമാണ് വിഭാവനം ചെയ്യുന്നത്. വിഭവങ്ങൾ (Resources) തരുന്നതും ദൈവമാണ്. എന്നാൽ ഞാൻ തയ്യാർ (YES LORD) എന്നു പറയും വരെയും തന്റെ ദൗത്യം ദൈവം ആരെയും ഭരമേല്പിക്കുകയില്ല.
                           സമർപ്പണം എന്നാൽ അനുസരണം എന്നാണ്. ചോദ്യം ചെയ്യാതെയുള്ള അനുസരണം. സമർപ്പണത്തിനു മകുടോദാഹരണമാണ് നമ്മുടെ കർത്താവായ യേശു.
യേശുവിനെ കുറിച്ച് വചനം പറയുന്നു "കൊല്ലുവാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെ പോലെയും രോമം കത്രിക്കുന്നവരുടെ മുൻപാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതെയിരുന്നു" (Isaiah53:7 ). ചോദ്യം ചെയ്യാതെയുള്ള അനുസരണം, എന്റെ ഭാഗത്താണ് ന്യായം എങ്കിലും അതിൽ നിന്ന് ഒഴിയുവാനാവശ്യമായ ഹേതു പക്കലുണ്ടെങ്കിലും അതിനു മുതിരാതെ ദൈവഹിതത്തിനു വേണ്ടി മരണത്തോളം അനുസരണമുള്ളവരായി തീരുന്നതാണ് സമർപ്പണം.
തന്റെ ദൗത്യത്തിനായി സമർപ്പിക്കുന്ന ഒരുവന്റെ മനോഭാവം എങ്ങനെ ആയിരിക്കണം എന്നു യേശു കർത്താവു തന്റെ ശിഷ്യന്മാർക്കു ലൂക്കോസിന്റെ സുവിശേഷം പതിനേഴാം അധ്യായം ഏഴു മുതൽ പത്തു വരെയുള്ള വാക്യങ്ങളിൽ ഒരു ഉപമയിൽ കൂടി വിവരിക്കുന്നു. "നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല: എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ?  തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ? അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ."
സമർപ്പിക്കുന്നവൻ നന്ദി പ്രതീക്ഷിക്കുന്നില്ല , ചെയ്യണ്ടതു മാത്രം ചെയ്യുന്ന ദാസന്മാർ ....അതെ  ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ എന്നുള്ള ബോധ്യം നമുക്കുണ്ടായിരിക്കണം...

അതെ മരണത്തോളം ആഴവും നിത്യജീവനോളം ഉയരവും ഉള്ള ഈ നിയോഗവും ദൗത്യവും കർത്താവിന്റെ വാക്കുകൾകൊണ്ടും പ്രവർത്തികൾ കൊണ്ടും അന്വർത്ഥമാകുന്നു...ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ തന്നത്താൻ ത്യജിക്കുക, തന്റെ ക്രൂശ് എടുക്കുക ...ക്രൂശ് മരണത്തെ സൂചിപ്പിക്കുന്നു . സ്വയ ത്യാഗവും മരണത്തെ ചൂണ്ടുന്നു..ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
യേശു കർത്താവു തന്റെ മുൻപിൽ വച്ചിരുന്ന അപമാനം അലക്ഷ്യമാക്കി ദൈവത്തിന്റെ നിയോഗത്തിനായി അനുസരണമുള്ളവനായി തീർന്നത് കൊണ്ട് ദൈവം അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നൽകി (Philippians 2:9-10).
 
നമ്മെ ഭരമേൽപിക്കുന്ന ഈ ദൗത്യം നിത്യതയോളം വലിപ്പമുള്ളതാണ് ...ശാസ്ത്രത്തിന്റെ വളർച്ചയും ആധുനിക ജീവിതത്തിൻെറ സുഖലോലിപതയും ഈ മഹാ ദൗത്യത്തെ നിസാരവൽക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ദൈവ നിയോഗത്തിനായി ദൗത്യവുമായി നമുക്കു പോകാം ...അനേക ലക്ഷങ്ങൾ നരകത്തിലേക്ക് പോകുമ്പോൾ, ആർ നമുക്കു വേണ്ടി പോകുമെന്നുള്ള അരുമനാഥനായ യേശുവിന്റെ ചോദ്യത്തിനു മുൻപിൽ നമുക്കും ഒന്നു പറയാം , 'കർത്താവെ അടിയൻ ഇതാ അടിയനെ അയക്കണമേ' എന്ന് ....

<< Back to Articles Discuss this post

0 Responses to "Christian Commitment to God's Mission"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image