നീതിമാന്മാരെന്നുറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവർ
നീതിമാന്മാരെന്നുറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവർ
വായനഭാഗം : ലൂക്കോസ് 18:9 -19:1-10
യേശു കർത്താവിന്റെ ക്രൂശീകരണത്തിനു മുമ്പുള്ള അവസാന ദിവസങ്ങൾ. ക്രൂശിക്കപ്പെടുവാനായി യെരുശലേമിലേക്കുപോകുവാൻ തയ്യാറെടുക്കുന്നതിനു തൊട്ടു മുമ്പെയും യെരുശലേമിലേക്കുള്ള വഴി മധ്യയിലും നടന്ന സംഭവങ്ങളെയാണ് ഇവിടെ ചിന്താവിഷയമായി അവതരിപ്പിച്ചിട്ടുള്ളത്. യേശു കർത്താവിന്റെ പരസ്യ ശ്രുശ്രുഷയിൽ ഏറ്ററ്വും കൂടുതൽ ഇടപെടലുകൾ നടത്തിയിട്ടുള്ള രണ്ടു വിഭാഗങ്ങളാണ് പരീശന്മാരും ചുങ്കക്കാരും. ഉപമകളൊന്നും തന്നെ ഉൾപെടുത്താത്ത യോഹന്നാൻ എഴുതിയ സുവിശേഷം ഉൾപ്പെടെ ഇരുകൂട്ടരെയും നമുക്ക് പരിചിതമാണ്.
പരീശന്മാർ പൊതുവെ തങ്ങളെതന്നെ വിലയിരുത്തുന്നത് 'നീതിമാന്മാർ' എന്നും മറ്റുള്ളവരെല്ലാം തന്നെ പാപികളും എന്നുമാണ്. അതുകൊണ്ടുതന്നെ യേശുകർത്താവ്, ഒരു ഉപമയിലൂടെ ഈ ധിക്കാര സ്വഭാവത്തിനു അന്തം വരുത്തുവാൻ ശ്രമിക്കുന്നു. പ്രാർത്ഥിക്കുവാനായി ദൈവാലയത്തിലേക്കു കടന്നു പോയ രണ്ടു മനുഷ്യർ, ഒരുവൻ ധിക്കാര സ്വഭാവത്തിനുടമയായ പരീശനും, പാപിയെന്നു സമൂഹവും താൻതന്നെയും നീരിക്കുന്ന ചുങ്കക്കാരനും.
സ്ഥിരപ്രാർത്ഥന ചൊല്ലുവാനായി ദൈവാലയത്തിലേക്കു കയറിയ പരീശന്റെ കണ്ണിൽ അപ്പോഴാണ് ചുങ്കക്കാരൻ പതിഞ്ഞത്. പ്രാർത്ഥിക്കുവാൻ ഒരു കാരണം കൂടി കണ്ടെത്തിയ പരീശൻ തന്റെ വാക്കുകളുടെ പഞ്ഞം തീർത്തുതന്ന ചുങ്കക്കാരനെ പുച്ഛത്തോടെ നോക്കിക്കൊണ്ടു പ്രാർത്ഥനയാരംഭിച്ചു. "പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല, അതുകൊണ്ടു എന്നെയോർത്തു നിനക്ക് അഭിമാനിക്കാം കർത്താവെ” , പിന്നെ എന്റെ കയ്യിൽ നിന്നും നിനക്ക് വരേണ്ടിയ ദശാംശം അതും ശമ്പളത്തിന്റെ മാത്രമല്ല എന്തൊക്കെ എനിക്ക് ആദായമായി കിട്ടുന്നുവോ അതിന്റെയെല്ലാം 'പതാരം'. അതും കൂടാതെ രണ്ടു ദിവസം ഉപവാസവും. മറ്റെന്തുവേണം നിനക്ക്, എന്നെപ്പോലെ ഒരു വിശ്വാസിയെ നിനക്കു കിട്ടിയതിൽ ഞാനും അഭിമാനിക്കുന്നു. പരീശൻ തന്റെ പ്രാർത്ഥന അവസാനിപ്പിച്ചു.
പരീശൻ നിർത്തിയിടത്തു നിന്ന് ചുങ്കക്കാരന്റെ ആരംഭം. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ചുങ്കക്കാരൻ ദൈവാലയത്തിലേക്കു പ്രാർത്ഥിക്കുവാനായി കടന്നു ചെല്ലുന്നതു. പരീശന്റെ പ്രാർത്ഥന കേട്ടിട്ടു അതുപോലെ പ്രാർത്ഥിക്കുവാനായി ശ്രമിക്കുന്നതിനിടെയാണ് പരീശന്റെ ഓരോ വാക്കുകളും വെള്ളിടിപ്പോലെ തന്റെ ഹൃദയത്തിൽ പതിഞ്ഞത്. താൻ ചെയ്തു വരുന്ന സകല പാപവും പോരാത്തതിന് സ്ഥിരീകരണത്തിനായി തന്നെ ചൂണ്ടിയുള്ള "ഇവനെപ്പോലെ (ചുങ്കക്കാരനെ) അല്ല ഞാനും എന്നുള്ള പരിശ പ്രാർത്ഥനയുടെ അവസാന നിർത്തും.
ഈ കുറ്റപ്പെടുത്തലുകൾ ദൈവസന്നിധിയിലേക്കു കടക്കുവാൻ ഞാൻ യോഗ്യനല്ല എന്നുള്ള തിരിച്ചറിവു ചുങ്കക്കാരനു നേടിക്കൊടുത്തു. നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ടു ഞാൻ പാപിയാണ്, എനിക്ക് നിന്റെ കരുണയാവശ്യമാണു എന്നു ചുങ്കക്കാരൻ അപേക്ഷിക്കുന്നു. യേശുകർത്താവിലുള്ള വിശ്വാസത്താൽ നീതീകരണം പ്രാപിച്ചു ചുങ്കക്കാരൻ വീട്ടിലേക്കു പോയി. പരിശനോ?, തന്നെത്തന്നെ ഉയർത്തി എന്നും സംസാരിച്ചു ശീലിച്ചതുകൊണ്ടു മഹത്വവാനായ ദൈവത്തിൻറെ സന്നിധിയിലും അവന്റെ സ്വഭാവം മാറ്റുവാൻ അവൻ തയ്യാറായില്ല. അവന്റെ ഹൃദയത്തിലെ അഹങ്കാരമനോഭാവം, ദൈവസന്നിധിയിൽ അവനെ കുറവുള്ളവനാക്കിത്തീർത്തു. “പുറമെ യെഹൂദനായവനു പുറമെ ജഡത്തിലുള്ള പരിച്ഛേദനക്കാരന് അവനു ദൈവത്താൽ അല്ല മനുഷ്യരാലത്രേ പുകഴ്ച ലഭിക്കുന്നത്”.
ഈ ഉപമയുടെ സാക്ഷത്കാരം അത്രേ യെരുശലേമിലേക്കുള്ള തന്റെ യാത്രാ മദ്ധ്യ അന്വേവർത്തമാകുന്നത്. ഒരു പരീശനെയും ചുങ്കക്കാരനെയും കണ്ടുമുട്ടുവാനും അവരെ രണ്ടുപേരെയും നേടുവാനും യേശുകർത്താവിന്റെ പരിശ്രമവുമാണ് വായനാഭാഗത്തിന്റെ ഇതിവൃത്തം.
വഴിമധ്യേ കണ്ടുമുട്ടുന്ന ആദ്യകഥാപാത്രം പരീശന്മാരുടെയെല്ലാം ഒരു പ്രതിനിധിയായി നിലകൊള്ളുന്ന പ്രമാണി. നിത്യജീവനെ അവകാശമാക്കുവാനുള്ള താൽപ്പര്യത്തോടെ യേശുവുമായി സംഭാഷണം നടത്തുന്നു. അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധിച്ചാൽ മതിയാകും ഉപമയിലെ പരീശൻ തന്നെയാണ്. ചെറുപ്പം മുതൽ ന്യായ പ്രമാണം അനുസരിച്ചു നടന്നവൻ. നേടുന്നതിൽ എല്ലാം പതാരം കൊടുക്കുന്നുവെന്നും ലോകത്തിലുള്ള സകല മനുഷ്യരെക്കാളും നിന്നോട് പറ്റിയിരിക്കുന്നതു ഞാനാണെന്നുള്ള പരീശന്റെ അവകാശവാദം, യേശുകർത്താവ് അവന്റെ സമ്പത്തിനെ ഒന്നു ഒഴിച്ചുകളയുവാനുള്ള ആവശ്യത്തെ നിരാകരിച്ചു മടങ്ങിപോയി.
അവൻ സ്‌നേഹിച്ചിരുന്ന സമ്പത്തിനെ തൊട്ടപ്പോൾ അവൻ ആകെപ്പാടെ ഞെട്ടിപ്പോയി. പച്ചയായി ചിന്തിക്കുന്ന ഏതൊരാൾക്കും അംഗീകരിക്കുവാൻ കഴിയാത്ത ഒരു സംഗതിയാണ് യേശു ആവശ്യപ്പെട്ടത്. അവനു പാരമ്പര്യമായി കിട്ടിയ സമ്പത്തുകൾ, തന്റെതന്നെ അധ്വാനത്താൽ നേടിയ സ്വത്തുക്കൾ, എല്ലാം ഒരു നിമിഷം കൊണ്ടു എഴുതി ദരിദ്രന്മാർക്കു കൊടുത്തേച്ചു ഇനിയും ഞാൻ ദരിദ്രനായി ജീവിക്കാനോ?.
ഇനിയും ഒരു പക്ഷെ ലോകപരമായ ഈ മണ്ടത്തരം ചെയ്യാമെന്നു വച്ചാലോ, ഭാര്യ സമ്മതിക്കുമോ, തന്റെ സമ്പത്തിന്റെ നല്ലൊരു പങ്കു നേടുവാൻ യത്‌നിച്ച മാതാപിതാക്കൾ സമ്മതിക്കുമോ, മക്കളു വളർന്നു വരുന്നു, അവരുടെ ഭാവിയെന്താകും. അനേക ചോദ്യങ്ങൾ... ധനവാനായ ഈ മനുഷ്യൻ വളരെ ദുഃഖിതനായി തീർന്നു. എത്ര പരിതാപകരമായ അവസ്ഥയെന്നു നോക്കൂ !. നിത്യജീവനെ തേടിയുള്ള യുവാവിന്റെ പ്രവേശനം വളരെ പ്രതീക്ഷ നൽകിയതാണ്. അവൻ ആഗ്രഹിച്ചിരുന്നത് യേശുകർത്താവിന്റെ പക്കൽ നിന്നും താൻ ചെയ്തുവരുന്ന സകല പ്രവർത്തികൾ നിമിത്തം ഒരു PASS MARK വാങ്ങി പോകാം എന്നായിരുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് സ്വർഗ്ഗരാജ്യ പ്രവേശനം സാധ്യമാകും എന്നു വിചാരിച്ചു സ്വയം നീതികരിക്കപ്പെട്ടു നടന്ന പരിശവൃന്തം, നിത്യമായ ഒരു ജീവിതം ഉണ്ടു എന്നു മനസ്സിലാക്കിയിരുന്നവർ, “നഷ്ടപ്പെടുന്നതിനെ ഉപേക്ഷിക്കുവാൻ തയ്യാറാകാത്ത ദയനീയത”. ഒരിക്കലും നഷ്ടപ്പെടാത്ത നിത്യജീവനേക്കാൾ ഉപരിയായി നഷ്ട്ടപ്പെടുന്ന സമ്പത്തിനെ അവൻ താലോലിച്ചു. ഈ ധനവാന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത്, ധനവാന്മാർ ദൈവരാജ്യത്തിൽ കടക്കുവാൻ പ്രയാസമാണെന്നാണ്. ധനം അവരുടെ ജീവിതത്തെ അത്രയേറെ സ്വാധിനിച്ചിരിക്കുന്നു. സമൂഹത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിട്ടു താഴേക്കു ഇറങ്ങി വരുവാനുള്ള വൈമനസ്യം. ചുങ്കക്കാരുടെയും പാപികളുടെയും നേർക്കു ചൂണ്ടുന്ന വിരലുകൾ ഒരിക്കൽപ്പോലും ഇവർ തങ്ങളിലേക്കു തിരിക്കുന്നില്ല എന്നു നാം മനസിലാക്കുന്നു.
സമ്പന്നരുടെ ദൈവരാജ്യ പ്രവേശനം തുലോം കുറവാണെന്നുള്ള യേശു കർത്താവിന്റെ വെളിപ്പെടുത്തൽ കേട്ടുനിന്നവരെ അത്ഭുതപ്പെടുത്തി. രക്ഷിക്കപ്പെടുവാനുള്ള അവരുടെ സാധ്യതകളെ മങ്ങലേൽപ്പിക്കുമെന്നു ഭയന്നിരുന്നിടത്തുനിന്നു യേശു കർത്താവിന്റെ പരിഹാരം, നിങ്ങളുടെ ആശ്രയം സമ്പത്തിൽ നിന്ന് ദൈവത്തിലേക്കാകട്ടെ. മനുഷ്യരാൽ അസാധ്യമാണ് ഈ കാര്യം.എന്നാൽ ദൈവത്താൽ സാധ്യവും.രക്ഷിക്കപ്പെടുവാൻ, മനുഷ്യരുടെ സ്വയപ്രയത്നത്താൽ സമ്പത്തുള്ളവനും ദരിദ്രനും എല്ലാവർക്കും അസാധ്യം. എല്ലാവർക്കും ദൈവത്തിന്റെ കരുണ ആവശ്യമാണ് രക്ഷയിലേക്കു നയിക്കപ്പെടുവാൻ.
നമ്മുടെ ചിന്തയുടെ രണ്ടാംഭാഗത്തിനു കർത്താവിന്റെ യെരുശലേമിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടുന്ന ചുങ്കക്കാരുടെ പ്രതിനിധി, പ്രമാണിയും ധനവാനുമായ സക്കായിയായിരുന്നു. ഉപമയിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ സക്കായിയും ദൈവത്തെ തിരിച്ചറിയുവാനുള്ള ആഗ്രഹം മനസ്സിൽ കൊണ്ടുനടന്നെങ്കിലും പ്രവർത്തിക ജീവിതത്തിൽ എത്തിക്കുവാൻ സാധിച്ചിട്ടില്ലായിരുന്നു. പരീശന്റെ പോലെ സമയക്ലിപ്തത ഒന്നും ചുങ്കക്കാരന്റെ ജീവിതത്തിൽ ഇല്ലാതിരുന്നു. ഇനിയും ഒരു പക്ഷെ ചുങ്കക്കാരൻ മനസാന്തരപ്പെട്ടാലും പരീശൻ അതു സമ്മതിച്ചു കൊടുക്കുകയുമില്ല.
സ്വയ നീതിമാൻ ഒരിക്കലും തന്റെ പാപത്തെ കുറിച്ച് ബോധ്യമുള്ളവനായിരിക്കുകയില്ല. നിരപ്പു പ്രാപിക്കുവാൻ ആഗ്രഹിക്കുകയുമില്ല. ഇവിടെ ചുങ്കക്കാരുടെ പ്രമാണി അങ്ങനെയല്ല ഉപമയിലെ ചുങ്കക്കാരനെ പോലെത്തന്നെ കുറ്റം വിധിക്കുന്ന കണ്ണുകൾ നാലുപാടും നിൽക്കുമ്പോഴും എല്ലാ വിരലുകളും തന്റെ നേരെ പാപിയെന്നു ചൂണ്ടികാണിക്കപ്പെടുമ്പോഴും തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുവാനും, തിരുത്തലുകൾ വരേണ്ടിയിടത്തേക്കു പരീശനെ പോലെ സ്വയ നീതിമാൻ എന്നു തെറ്റിദ്ധരിക്കാത്തതുമൂലമായി, തന്നിൽ കുറവുകൾ ഉണ്ടെന്നും അതു ഉപേക്ഷിക്കുവാനും ഉള്ള മനസ് ചുങ്കക്കാരന്റെ പ്രത്യകതയായി കാണപ്പെടുന്നു.
ഈ ഉപമയുടെ അന്വേർത്ത കഥാപാത്രങ്ങൾ രണ്ടുപേരും ധനവാന്മാരാണ്, രണ്ടുപേരും പ്രമാണിമാരാണ്. സമൂഹത്തിൽ സ്വാധിനവും പ്രശസ്തരുമാണ്. എന്നാൽ പരീശൻ തന്റെ പ്രവർത്തികൾകൊണ്ടും കല്പനകൾ പാലിക്കുന്നുവെന്നതിന്റെ പിൻബലം കൊണ്ടും ദൈവസന്നിധിയിൽ എത്തപെടുമെന്നു മോഹിച്ചു പരാജയപെട്ടു. പരിശമനോഭാവം തിരുത്തലുകൾ ആവശ്യമില്ലാത്തതായിരുന്നു. ആരാലും ഉപദേശിക്കപ്പെടുവാനും ആഗ്രഹിക്കാത്തതും അനുവദിക്കാത്തതുമാകുന്നു.പരീശൻ ചട്ടങ്ങളെയും നിയമങ്ങളെയും സ്വീകരിച്ചു ദാതാവിനെ ഉപേക്ഷിച്ചു. എന്നാൽ സക്കായി വേഗത്തിൽ കാട്ടത്തിയിൽ നിന്നും ഇറങ്ങി സന്തോഷത്തോടെ യേശുവിനെ കൈക്കൊണ്ടു. ധനവാനായ പരിശനോടെ ഉപേക്ഷിക്കുവാൻ പറഞ്ഞ സമ്പത്തിനെ പറയാതെ തന്നെ സക്കായി ദരിദ്രർക്ക് പകുത്തു കൊടുത്തു.ദൈവത്തെ ഹൃദയത്തിൽ കൈക്കൊണ്ടവന്റെയും ദൈവത്തെ ഉപേക്ഷിച്ചു നിയമങ്ങളെ മാത്രം പിന്തുടർന്നവനും തമ്മിലുള്ള വ്യത്യാസം .
ചുങ്കക്കാരുടെ പ്രതിനിധിയായ സക്കായിയെ കുറിച്ച് സ്വർഗ്ഗം ആനന്ദിച്ചപ്പോൾ, യേശുവിന്റെ മനസ്സിൽ വേദനയായി, പ്രമാണിയും പരീശന്റെ പ്രതിനിധിയുമായ ധനവാൻ മാറ്റപ്പെട്ടു.
"തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും: തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും"
0 Responses to "നീതിമാന്മാരെന്നുറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവർ"
Leave a Comment