സങ്കീർത്തനം 51 - അനുതാപം
അനുതാപം
കുറെ ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തണുത്ത കാറ്റും വീശുന്നുണ്ട്. മഴക്കുള്ള ലക്ഷണമാണു രണ്ടു മൂന്നു ദിവസമായി. പെയ്തൊഴിയുവാൻ വെമ്പൽ കൊള്ളുന്ന മേഘങ്ങൾ ആരുടെയോ പ്രേരണയാൽ വേറെ എങ്ങോട്ടോ ഒഴുകിപ്പോകുന്നു. തുടെരെയുള്ള ഈ പ്രതിഭാസം അന്തരീക്ഷത്തിൽ പൊടിപടലവും മാലിന്യവും വർധിപ്പിക്കുന്നു. പറമ്പിൽ അവശേഷിക്കുന്ന രണ്ടു മൂന്നു മരങ്ങൾ വാശിയോടെ തലകൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുന്നു. പ്രകൃതിയുടെ ഈ വികൃതിയോടു ഏറെക്കുറെ സമാനമാണ് എന്റെ മനസും. പെയ്തൊഴിയുവാൻ പാകത്തിൽ കാറും കോളും മൂടി നിൽക്കുന്നു. എങ്കിലും സാധിക്കാത്ത ഒരു തരം മരവിപ്പ്. തുറന്നു പറഞ്ഞു മനസിലുള്ള കാർമേഘം ഒന്നു പെയ്തൊഴിഞ്ഞിരുന്നുവെങ്കിൽ...
"ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ
എന്റെ അസ്ഥികൾ ക്ഷയിച്ചു പോയി
രാവും പകലും നിന്റെ കൈ
എന്റെ മേൽ ഭാരമായിരുന്നു.
എന്റെ മജ്ജ വേനൽക്കാലത്തിലെ
ഉഷ്ണത്താൽ എന്ന പോലെ വറ്റിപോയി"
എത്ര കാവ്യാത്മകമായി ദാവീദു എന്റെ ഹൃദയത്തിലുള്ളതു വർണ്ണിച്ചിരിക്കുന്നു...ഭയം അസ്ഥികളെ ക്ഷയിപ്പിക്കുന്നു. ഇരുട്ടാകുന്നതിനും കാൽ അന്തകാര പർവ്വതങ്ങളിൽ ഇടറിപോകുന്നതിനും മുൻപേ ദൈവത്തിനു ബഹുമാനം കൊടുക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ...
കലുഷിതമായ മനസ്സുമായിട്ടാണ് അന്നും ഉറങ്ങുവാൻ കിടന്നതു. നല്ല തണുപ്പുള്ള രാത്രിയാണ്. പുതപ്പിനടിയിൽ ചുരുണ്ടു കൂടുമ്പോഴേ അറിയാതെ നിദ്രയിലേക്കു വീഴേണ്ടതാണ്. എന്നാൽ മനസ്സു അതിനനുവദിക്കുന്നില്ല. ആടിയുലഞ്ഞ മരങ്ങളെ ഓർമ്മിപ്പിക്കും വിധം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ എപ്പോഴോ അറിയാതെ മയക്കത്തിലാണ്ടു... കാണുവാൻ ആഗ്രഹിക്കാത്ത നിറമില്ലാത്ത സ്വപ്നങ്ങളാണ് ദൈർഖ്യം കുറഞ്ഞ മയക്കത്തിൽ നിന്നും എന്നെ ഉണർത്തിയത്. ചെറിയ ഈ മയക്കവും പ്രക്ഷുബ്ധമായ മനസിനു തെല്ലാശ്വാസം കൊണ്ടു വരുവാൻ ഉതകുന്നതായിരുന്നില്ല.
ഇന്നലെ തീരുമാനിച്ചിടത്തേക്കു പോയെ പറ്റു..കുറെ ദിവസങ്ങളായി ഈ തീരുമാനം മാറ്റി മാറ്റി വയ്ക്കുന്നു. ഇനിയും അമാന്തിച്ചു കൂടാ...പൊതുവെ മടിയനായ ഞാൻ നിർബന്ധം ഏറെ ആയതിനാലും വേറൊരു തിരഞ്ഞെടുപ്പു മുന്പിലില്ലാത്തതു മൂലവുമാണ് പോകുന്നത്.
വലിയ ഒരു കെട്ടിട സമുച്ചയത്തിലേക്കാണ് അദ്ദേഹം എന്നെ കൂട്ടികൊണ്ടു പോയത്. നിരനിരയായി ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന ചെറുതും വലുതുമായ കെട്ടിടങ്ങൾ മഹാനായ ശിൽപിയുടെ കരവിരുതിനെ ഓർമ്മിപ്പിക്കുന്നു...അനേകരുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാവാനത്തിന്റെ ബാക്കി പത്രം...
ഏറ്റവും ഉയർന്നു നിൽക്കുന്ന നൂറ്റമ്പതു മുറികളുള്ള കെട്ടിടമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. മേൽവിലാസവും സാഹചര്യവും പറഞ്ഞുകൊടുത്തപ്പോഴേ സന്ദർശകരെ സ്വീകരിക്കുവാൻ നിയുക്തനായ ആൾ ഞങ്ങൾക്കു ശരിയായ മുറി കാണിച്ചു തരുവാൻ ഒരാളെയും ഞങ്ങളോടൊപ്പം അയച്ചു. ഈ മുറി ഉണ്ടായ സാഹചര്യവും മറ്റും കൂടെ വന്ന വഴി കാട്ടി വിവരിക്കുന്നുണ്ടായിരുന്നു. ഞാൻ അലക്ഷ്യമായി കേട്ടുകൊണ്ടു നടന്നു. യാതൊന്നും കേൾക്കുവാൻ മനസിന്റെ പിരിമുറുക്കം എന്നെ അനുവദിക്കുന്നില്ലായിരുന്നു എന്നുള്ളതാണ് സത്യം.
റിസപ്ഷൻ താണ്ടി ഇടനാഴിയിലേക്കു പ്രവേശിച്ചപ്പോൾ തന്നെ പലമുറികളിൽ നിന്നും ഉയരുന്ന സംഗീതം കർണ്ണ പടത്തിൽ അടിച്ചു...എന്നെപ്പോലെ ഒരാൾക്കു സംഗീതം ആസ്വദിക്കുവാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. എങ്കിലും ഞാൻ കാതോർത്തു. സംഗീതത്തിന്റെ പെരുമഴക്കാലം...എല്ലാ മുറികളിലും...സംഗീതം ചിട്ടപ്പെടുത്തുന്ന സംഗീത സംവിധായകർ ആണോ എല്ലാ മുറികളിലും?.
അവിടെയും ഞങ്ങൾ സന്ദർശകരെ കാണുന്നുണ്ടായിരുന്നു. വലിയ നിലകളുള്ള കെട്ടിടമായിട്ടു കൂടെ ലിഫ്റ്റ് അവിടെങ്ങും കാണാനായില്ല. പടവുകൾ ചവിട്ടിതന്നെ മുകളിലേക്കു കയറണം. വളരെ ആയാസപെട്ടാണു എന്റെ നടത്തം. ലിഫ്റ്റ് ഇല്ലാത്തതോ ഞങ്ങൾ കയറിയ എൻട്രൻസ് മറ്റൊന്നോ ?. ആലോചിക്കുവാനോ വഴി കാട്ടിയോടു ചോദിക്കുവാനോ തോന്നിയില്ല. എനിക്ക് എത്രയും പെട്ടന്ന് ആ മുറിയിൽ എത്തണം. അഞ്ചാം നിലയിലാണ് ഈ മുറി സ്ഥിതി ചെയ്യുന്നത്. കോണിപ്പടി കയറി ഇടനാഴിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണായി വലിയ അക്കത്തിൽ മുറിയുടെ നമ്പർ 51 എന്നു എഴുതിയിരിക്കുന്നത്.അതിനു താഴെ ചെറിയ അക്ഷരത്തിൽ മറ്റെന്തോ കൂടി എഴുതിയിരിക്കുന്നു. താല്പര്യമില്ലാത്തതുപോലെ ഞാനൊന്നു നോക്കിയിട്ടു വാതിൽ തുറന്നു അകത്തേക്കു പ്രവേശിച്ചു. വാതിൽ വരെ മാത്രം അനുഗമിച്ചു വഴികാട്ടി പിന്തിരിഞ്ഞു നടന്നു.
സങ്കർഷമായ മനസും ഇടറിയ കാലടികളോടും കൂടിയാണ് ആ വലിയ മുറിയിലേക്കു പ്രവേശിച്ചത്.
മനോഹരമായി വിരിച്ചിരിക്കുന്ന ചുവപ്പു പരവതാനി. ഇരു വശത്തും ഓരോ ചെടികൾ. ഭിത്തിയിൽ ഏതോ ഒരു പെയിന്റിംഗ് തൂങ്ങി കിടക്കുന്നു. അകത്തെ സ്വീകരണ മുറിയിൽ പ്രൗഢ ഗംഭീരമായ സിംഹാസനം...അതിനൊപ്പം കിടപിടിക്കുന്നതും അല്പം ഉയരം കുറഞ്ഞതുമായ മറ്റൊരു ഇരിപ്പിടവും… സിഹാസനത്തിൽ യുവ കോമളനായ ഒരു രാജാവ്. സമീപത്തെ ഇരിപ്പിടവും ഒഴിവുള്ളതല്ല. വയോധികനെന്നു തോന്നിക്കുന്ന മറ്റൊരാൾ. മുഖ ഭാവം ദൃഢവും ഗാംഭീരവും. അവരുടെ സംസാരം കേൾക്കുവാനായി ഞാൻ ഒതുങ്ങി നിന്നു.
നാഥാൻ പ്രവാചകൻ വരുന്നുണ്ടെന്നു അറിയിച്ചപ്പോൾ തന്നെ സുസ്മേരവദനായി സിഹാസനത്തിൽ ഉപവിഷ്ടനായതാണ് രാജാവ്. ആലയം പണിയെക്കുറിച്ചു ഞാൻ സൂചിപ്പിച്ചിരുന്നു. ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ പാർക്കുമ്പോൾ ദൈവത്തിന്റെ പെട്ടകം കൂടാരത്തിൽ...നാഥാൻ പ്രവാചകൻ അനുവാദം തന്നതുമാണ്..വിശദമായ ചർച്ചക്കായിരിക്കും എത്തുന്നത്...പിന്നെ പട്ടാളക്കാരൻ യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ തന്റെ കുടുംബത്തെ കൊട്ടാരത്തിൽ കൊണ്ടു പാർപ്പിച്ചതൊക്കെ അറിഞ്ഞിട്ടാവും വരുന്നത്. എന്തായാലും ഇത്രയും കാര്യം ചെയ്യാൻ സാധിച്ചല്ലോ...ബഹുമാനത്തോടെ നാഥാൻ പ്രവാചകനെ സ്വീകരിച്ചിരുത്തി. പതിവിലും കടുപ്പമേറിയതായിരുന്നു മുഖഭാവം...
സംസാരത്തിൽ തുടക്കമിടുവാനായി രാജാവു കുശലാന്വേഷണം നടത്തിയെങ്കിലും അതിലൊന്നിലും ആയിരുന്നില്ല പ്രവാചകന്റെ ശ്രദ്ധ...ആമുഖമില്ലാതെ തന്നെ അദ്ദേഹം ഒരു കഥ പറയുവാൻ തുടങ്ങി.
രാജാവും ഇളകിയിരുന്നു കഥ കേൾക്കുവാനായി...കഥ കേൾക്കുവാനും പറയുവാനും സമയം ഇഷ്ടംപോലെയുള്ള രാജാവായിരുന്നു ദാവീദ്...രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള വസന്തകാലത്തിൽ ദാസന്മാരെ അയച്ചു രാജകൊട്ടാരത്തിൽ തന്നെയായിരുന്നു അദ്ദേഹം.
കഥ തുടങ്ങി...ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു. ഒരുവൻ 'ധനികൻ' മറ്റവൻ 'ദരിദ്രൻ'. ആടുകളും കന്നുകാലികളും ധനികനു ഇഷ്ടം പോലെ. ദരിദ്രൻ അങ്ങനെയല്ല അയാൾ വിലകൊടുത്തു വാങ്ങിയ ഒരു പെൺകുഞ്ഞാടു മാത്രം... ദാവീദിന്റെ താല്പര്യം വർദ്ധിച്ചു. കാരണം മറ്റൊന്നല്ല തന്റെ പൂർവ്വകാലം ഓർമ്മിപ്പിക്കുന്ന ആടിന്റെ കഥയായതിനാൽ തന്നെ.
ദരിദ്രന്റെ പെൺകുഞ്ഞാട് അവന്റെ മടിയിൽ വളർന്നു വന്നു. ഈ ആട് വീട്ടിലെ ഒരംഗം തന്നെയായിരുന്നു. തിന്നുന്നതിലും കുടിക്കുന്നതിലും ഓഹരി ലഭിച്ചിരുന്നു ഈ ആടിന്. ഒരേയൊരു ആടായതിനാൽ യജമാനന്റെയും കുടുംബാങ്ങളുടെയും വാത്സല്യം ഏറെ ലഭിച്ചിരുന്നു നമ്മുടെ കഥ നായികയ്ക്കു.
എന്നാൽ ധനവന്റെ ഭവനത്തിൽ ഏറെ ആടും കന്നുകാലികളും ഉണ്ടായിരുന്നതിനാൽ ധനവാന് എല്ലാ ആടിനെയും തിരിച്ചറിയാമോന്നു പോലും തിട്ടമില്ല.എല്ലാവയുടെയും പേരറിയില്ലെങ്കിലും വഴി പോക്കനുവേണ്ടി ഒരാടിനെ നഷ്ടമാക്കുവാൻ ധനവാൻ തയ്യാറായില്ല. ദരിദ്രന്റെ പെൺകുഞ്ഞാടിനെ കൊല്ലുവാൻ മനഃസാക്ഷില്ലാതെ ധനവാൻ തീരുമാനിച്ചു...അസൂയ ആയിരുന്നുവോ അതോ മോഹമോ..ധനവാൻ ഈ പെൺകുഞ്ഞാടിനെ നേരത്തെയും കണ്ടിരുന്നു...എന്നാൽ ഇപ്പോൾ അവസരം ലഭിച്ചു. ഭയമില്ലാതെ കൊല്ലുവാൻ..
കഥ മുഴുമിപ്പിക്കുവാൻ സമ്മതിക്കാതെ ഊരിപ്പിടിച്ച വാളുമായി ദാവീദു ചാടി എഴുന്നേറ്റു. സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ യെഹോവയെ സാക്ഷി നിർത്തി പ്രഖ്യാപനം നടത്തി. ഇങ്ങനെ ചെയ്ത മനുഷ്യൻ മരണയോഗ്യൻ. അവൻ കണ്ണിൽ ചോരയില്ലാതെയാണു പ്രവർത്തിച്ചത്. ആടിന്റെ നാലിരട്ടി വിലയും നൽകണം...
നാഥാൻ പ്രവാചകൻ രാജാവിന്റെ പക്വത ഇല്ലായ്മ നോക്കികൊണ്ട് ഘനഗംഭീര സ്വരത്തിൽ പ്രതിവദിച്ചു "ആ മനുഷ്യൻ നീ തന്നെ"
'ഇല്ല' ദാവീദിന്റെ ശബ്‌ദം ഉറച്ചതായിരുന്നു ഞാൻ അങ്ങനെ ചെയ്യില്ല. ദാവീദ് തിരിച്ചു കഥ പറയുവാനാരംഭിച്ചു. ഫെലിസ്ത്യനായ ഗൊല്യാത്തിനെ നേരിടുവാനുള്ള യോഗ്യതക്കുള്ള അപേക്ഷയുമായി ശൗലിനു മുൻപിൽ നിന്നു പറഞ്ഞ അതെ കഥ...
മനുഷ്യന്റെ ബലത്തേക്കാളും ശക്തിയുള്ള കരടി എന്നെ വിശ്വസിച്ചു തന്റെ ആഹാരം തിന്നു കൊണ്ടിരുന്ന ആടിനെ കടന്നു പിടിച്ചു...എന്നാൽ ആടുകൾക്കുവേണ്ടി ജീവനെ കൊടുക്കുവാൻ തയ്യാറായ ഞാൻ ഇതു ചെയ്യില്ല. നാഥാൻ പ്രവാചകന്റെ ശബ്‌ദം ഉറച്ചതായിരുന്നു... 'ഭൂതകാലത്തിന്റെ നിന്റെ നടപ്പു നല്ലതായിരുന്നു എന്ന് കരുതി ഈ ദയയില്ലാത്ത കാര്യം ചെയ്തതു നീ അല്ലെന്നു വരികയില്ല'. കാരണം എന്നോട് കാര്യം അറിയിച്ചവനെ തന്നെയാണ് നീയും സാക്ഷി നിർത്തിയിരിക്കുന്നത്. 'ആ മനുഷ്യൻ നീ തന്നെയാണ്'.
അങ്ങനെയല്ല, ഒരിക്കൽ ആർക്കും വഴിമാറാത്തതും കാട്ടിലെ രാജാവുമായിരുന്ന സിംഹം ഒരിക്കൽ എന്റെ ആടിനെ കടന്നു പിടിച്ചു എന്നാൽ എന്റെ ജീവനെ പോലും ശ്രെദ്ധിക്കാതെ ഞാൻ സിംഹത്തെ വലിച്ചു കീറി അവന്റെ വായിൽ നിന്നും എന്റെ ആടിനെ രക്ഷിച്ച ഈ ഞാൻ ദയയില്ലാതെ പ്രവൃത്തിക്കില്ല.
ദാവീദ് രഹസ്യത്തിൽ ചെയ്ത പാപത്തെ ഒട്ടൊഴിയാതെ നാഥാൻ പ്രവാചകൻ വെളിപ്പെടുത്തി. യഹോവെക്കു പ്രസാദകരമല്ലാത്ത കാര്യം ചെയ്തത് മൂലമുണ്ടാകുന്ന അനർത്ഥത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു.
ഈ നേരമത്രയും ശ്വാസമടക്കി പിടിച്ചു കേട്ടുകൊണ്ട് നിന്ന് ഞാൻ...വളരെ വെപ്രാളത്തോടെ തന്റെ പ്രാർത്ഥന മുറിയിലേക്കു രാജാവ് ഓടി കയറി. പിരിമുറുക്കത്തോടെ ഞാനും അകത്തേക്ക് കയറി. മുറിക്കകത്തു നെടുമ്പാടുവീണു കിടക്കുന്ന രാജ്യത്തിന്റെ രാജാവ്.
തന്റെ ദയയുടെ അളവിനനുസരിച്ചു, ആകാശവും ഭൂമിയും തമ്മിലുള്ള ഉയരത്തിനനുസരിച്ചു, അളവില്ലാത്ത കരുണക്കനുസരിച്ചു എന്നോട് ക്ഷമിക്കണേ എന്ന് അദൃശ്യനായ ദൈവത്തിന്റെ കാലിൽ കെട്ടിപിടിച്ചു കിടന്നു കരയുന്ന യിസ്രായേലിന്റെ രാജാവ്...
താൻ ചെയ്ത ലംഘനങ്ങളെ എണ്ണമിട്ടു ഏറ്റു പറയുന്ന ദാവീദ്. രാജാവ് എന്നുള്ള പദവി വേണ്ട, ദേവതാരു കൊണ്ടുള്ള അരമന പ്രശ്നമല്ല. തട്ടിട്ട വീടുവേണ്ട, സുന്ദരിമാരായ ഭാര്യമാർ വേണ്ട...ഒറ്റ ലക്‌ഷ്യം മാത്രം...രക്ഷയുടെ സന്തോഷം തിരികെ വേണം...
എന്റെ അകൃത്യങ്ങളിലേക്കുള്ള നിന്റെ നോട്ടം ഒന്ന് പിൻവലിക്കണം. ദിവസങ്ങളോളം ഞാൻ കേൾക്കാതിരുന്ന ഞാൻ കാണാതിരുന്ന സന്തോഷവും ആനന്ദവും കേൾക്കുവാനും കാണുവാനും ഒന്നു സഹായിക്കണമേ...
പാപം ചെയ്യുന്നതുവരെയും വെളിച്ചത്തെ കുറിച്ചു അന്വേഷിക്കാതിരുന്നവൻ, അബദ്ധം പിണഞ്ഞു എന്നു കണ്ടപ്പോൾ കരുണക്കായി യാചിക്കുന്നു. നിർമ്മലമായ ഹൃദയത്തിനായി ഇരക്കുന്നു...ആത്മാവിന്റെ പുതുക്കത്തിനായി കേഴുന്നു...തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കുകയില്ല...
യാഗപീഠത്തിന്റെ മുകളിൽ ഹൃദയത്തെ തകർത്തും നുറുക്കിയും വച്ചു...ദൈവത്തിനു പ്രസാദമുള്ള യാഗം...
ദാവീദിന്റെ പ്രാർത്ഥനയോടു കൂടി എന്റെ പ്രാർത്ഥനയും ചേരുകയായിരുന്നു...രക്ഷയുടെ സന്തോഷം തിരികെ വാങ്ങുവാനുള്ള യാചന...
ദാവീദിന്റെ കണ്ണുനീരോടു കൂടി എന്റെ മിഴി നീരും അലിയുകയായിരുന്നു...എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറക്കണമേ എന്ന്...
ദാവീദിന്റെ യാചനയോടു എന്റെ അപേക്ഷയും തിരുസന്നിധിയിൽ എത്തുകയായിരുന്നു...അതിക്രമക്കാരോടു ബുദ്ധി ഉപദേശിക്കുവാൻ, പാപികളെ നേർവഴിക്കു നടത്തുവാൻ എന്നെ നിയോഗിക്കണമേ എന്നുള്ള അപേക്ഷ...
തിരിച്ചു പടവുകൾ ഇറങ്ങുമ്പോഴും മിഴികൾ തോന്നിട്ടില്ല. കണ്ണീർ ചാലുകൾ മുറിഞ്ഞിട്ടില്ല...പുറത്തും മഴ പെയ്തു തീർന്നിരിക്കുന്നു...മഴ ചാലുകൾ അപ്പോഴും ഒഴുകികൊണ്ടേയിരിക്കുന്നു...പറമ്പിലെ ശേഷിച്ച മരങ്ങൾക്കു വികൃതിയില്ല...പകരം മരം പെയ്യുന്നു...എന്റെ കണ്ണിലെ ഉറവ പോലെ ...ആശ്വാസത്തിന്റെ ഉറവ പോലെ ...മൂടിക്കെട്ടിയ ആകാശം വെള്ളകീറുവാൻ ആരംഭിച്ചിരുന്നു. എന്റെ ഉള്ളിലെ വെളിച്ചം പോലെ...
0 Responses to "സങ്കീർത്തനം 51 - അനുതാപം"
Leave a Comment