സീസണിൽ മാത്രം ഫലം തരുന്ന അത്തി!
സീസണിൽ മാത്രം ഫലം തരുന്ന അത്തി!
വായനാഭാഗം മത്തായി 21:18-20, മർക്കോസ് 11:12-14
“പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.”
ഈ വായനാഭാഗം ചിരിയുടെയും സങ്കടത്തിന്റെയും സമ്മിശ്ര പ്രതികരണമാണ് എന്നിൽ ഉളവാക്കിയത്.നമ്മുടെ കർത്താവിനു ഇതെന്തു പറ്റി, വിശന്നാൽ ഇങ്ങനെയുണ്ടോ? "അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു" എന്നു രേഖപ്പെടുത്തി ഇല്ലായിരുന്നുവെങ്കിൽ സഹിക്കാമായിരുന്നു. സീസൺ അല്ലാതിരുന്നിട്ടു കൂടെ പാവം അത്തിയെ ശപിച്ചു വേരോടെ ഉണക്കിക്കളഞ്ഞു. നാൽപതു രാവും പകലും ഉപവസിച്ച ശേഷം പരീക്ഷകന്റെ പ്രലോഭനത്തിൽ അകപ്പെടാതെ "മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു" എന്നു പറഞ്ഞ കർത്താവ്. "എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികക്കുന്നതാണ് എന്റെ ആഹാരം" എന്ന് ശിഷ്യന്മാർക്കു മറുപടി കൊടുക്കുന്ന കർത്താവ്. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റു കൊണ്ട് എന്നോട് പഠിപ്പിൻ എന്ന് അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരോട് അരുളിചെയ്തവൻ. ക്രൂശീകരണത്തിൽ തന്നോട് ക്രൂരമായി ഇടപെട്ട ഏവരോടും ക്ഷമിക്കണമെന്നു പിതാവിനോട് അപേക്ഷിച്ചവൻ. ഇത്രയൊക്കെ വിശേഷണമുള്ള ഇതെല്ലാം ചെയ്ത കർത്താവു വിശന്നപ്പോൾ ഈ പാവം അത്തിയോടെ ചെയ്തത് ക്രൂരമായിപ്പോയി എന്നു സ്വഭാവികമായും നമ്മൾ ചിന്തിച്ചുപോകും.
ഈ അത്തി എല്ലാ കാലഘട്ടത്തിലെയും ആത്മികർ എന്നു നടിക്കുന്ന കപട ഭക്തിക്കാരുടെ പ്രതീകം ആണ്. വിശ്വാസികളും അവിശ്വാസികളും സകലരും കടന്നു പോകുന്ന വഴിയരികെ ഫലം ഇഷ്ടം പോലെ പുറപ്പെടുവിക്കുന്നവൻ എന്ന വ്യാജേന കപടതയുടെ മുഖം മൂടി അണിഞ്ഞു പലരെയും കബിളിപ്പിച്ചു നിൽക്കുന്ന അത്തി. വ്യാജ ഭാവത്തിൽ നിറയെ ഇലകൾ കാണിച്ചു പലരെയും വശീകരിച്ചു തന്നിലേക്ക് ആകർഷിക്കുന്ന അത്തി. ഇലകൾ കണിച്ച് പ്രീതി നേടുന്ന അത്തി. ദൂരെനിന്നു നോക്കികാണുന്ന സകലർക്കും നിറയെ ഫലം പുറപ്പെടുവിക്കുന്ന എന്ന പ്രീതിതി ജനിപ്പിക്കുന്ന അത്തി. ഈ കാരണങ്ങളാണ് യേശുകർത്താവിനെ ശാപത്തിന്റെ ഒന്നാമത്തെ ഭാഗം . കപടതയുടെ ,വ്യാജഭാവത്തിന്റെ , ഭാവിക്കേണ്ടതിനു മീതെ ഭാവിക്കുന്ന അവിശ്വാസിയെക്കാൾ അധമരായിത്തിരുന്നവരുടെ വീഴ്ചയുടെ ദയനീയ മുഖം ഈ അത്തി സുചിപ്പിക്കുന്നു.
ശാപകാരണത്തിൻറെ രണ്ടാം ഭാഗം ഈ അത്തി സീസണിൽ മാത്രം ഫലം കൊടുക്കുന്നതാണ് എന്നുള്ളത് തന്നെ. സീസണിൽ മാത്രമാണെന്നതിനു എന്താണ് ഇത്ര തെറ്റ്. ഏതൊരു ഫലവും സീസണിൽ മാർക്കറ്റിൽ വിലയിടിയും. യഥേഷ്ടം കിട്ടാനുള്ളതിനാൽ ഒരു അത്തിക്കും പ്രത്യേകത കാണുവാൻ സാധിക്കില്ല. ഏതു സീസണിലും എന്നിൽ ഫലം ഉണ്ടാകുമെന്ന വ്യാജേന കാപട്യത്തോടെ നിന്ന ഈ അത്തിയിൽ ഫലം ഉണ്ടാകുവാൻ സാധിക്കാത്ത സീസണിൽ കർത്താവിനു ഫലം കണ്ടെത്തുവാൻ സാധിച്ചില്ല.
യേശു കർത്താവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടു പരിശുധാത്മാവിന്റെ ഫലത്തെ പുറപ്പെടുവിക്കേണ്ട നാം അനുകൂലമായ കാലാവസ്ഥയിൽ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളു എന്നു പറഞ്ഞാൽ കഷ്ട്ടമല്ലേ.
ഉദാഹരണത്തിനു എന്റെ ഒരു സുഹൃത്തു എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഒരുതരത്തിലും വഴുതി മാറിപോകുവാൻ വഹിയാതെ വണ്ണം എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നു. പരിഹാസവും ആക്ഷേപവും എന്നു വേണ്ട, സകല അനീതിയും നിറച്ചു വേട്ടയാടപ്പെടുകയാണ് ഞാൻ. ആരായാലും തിരിച്ചു പ്രതികരിച്ചു പോകും അത്രക്കും വിഷമ സ്ഥിതിയിലാണ്. എന്നാൽ ദീർഘക്ഷമ എന്ന ആത്മാവിന്റെ ഫലത്തെ ഞാനാകുന്ന, വഴിയരികെ ഇലയോടു കൂടി നിന്ന അത്തിയിൽ നിന്നും ഭക്ഷിക്കുവാൻ വിശപ്പോടെ കടന്നു വരുന്ന കർത്താവ്. ഒരുതരത്തിലും ദീർഘക്ഷമയെന്ന ഫലം പുറപ്പെടുവിക്കുവാൻ കഴിയാത്ത സീസൺ. എന്നിൽ നിന്നും കോപവും പ്രതികാരവും മാത്രം പുറപ്പെടുന്ന സീസൺ. എന്നാൽ യജമാനൻ ഭക്ഷിക്കേണ്ടതു ദിർഘക്ഷമ എന്ന ഫലം. എന്നിൽ നിന്നു പുറപ്പെട്ടതോ കോപവും പ്രതികാരവും എന്ന ഫലവും. എന്റെ വ്യാജഭാവം മറ്റുള്ളവരിൽ മതിപ്പുളവാക്കുന്നതായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ എന്നിൽ ഫലം കണ്ടെത്തുവാൻ യജമാനന് കഴിഞ്ഞില്ല. സീസണിൽ യജമാനന് ഒരു പ്രത്യേക അത്തിയെ മാത്രം അന്വേഷിച്ചു മിനക്കെടേണ്ട ആവശ്യകതയില്ല. വീണ്ടെടുക്കപ്പെട്ട നമ്മിൽ നിന്നു എല്ലാ സീസണിലും ഫലം യജമാനൻ ആവശ്യപ്പെടും. പ്രത്യകിച്ചു അത്തിപ്പഴത്തിന്റെ കാലമല്ലെങ്കിലും. അനൂകൂലമായ കാലാവസ്ഥയിൽ എല്ലാ അത്തിയും ഫലം തരും. വിശ്വാസിയും അവിശ്വാസിയും. എന്നാൽ പ്രതികൂല കാലാവസ്ഥയിലും ഫലത്തെ പുറപ്പെടുവിക്കുന്നവനാണ് യഥാർത്ഥ ആത്മികൻ.
കാപട്യത്തോടെ, ഫലമുണ്ടെന്ന വ്യാജേന നിന്ന ഈ അത്തിയെ ശിക്ഷ്യന്മാർ കേൾക്കെ തന്നെ നമ്മുടെ കർത്താവു ശപിച്ചു. "സീസണിലും നിന്നിൽ നിന്നു ഇനിയും ആർക്കും ഫലം വേണ്ടാ".
പ്രിയമുള്ളവരേ, നമ്മിൽ നിന്ന് എല്ലാ സീസണിലും യജമാനൻ ഫലം ആഗ്രഹിക്കുന്നു. ഏതു സാഹചര്യത്തിലും യജമാനന് വിശക്കുമ്പോൾ ഫലം കൊടുക്കുന്നവരായി നമുക്ക് തീരാം...ദൈവം നമ്മെ അതിനു സഹായിക്കട്ടെ...
ഷിബു ഡാനിയേൽ
0 Responses to "സീസണിൽ മാത്രം ഫലം തരുന്ന അത്തി!"
Leave a Comment