വീണ്ടെടുപ്പ് - ഭാവന ....
വീണ്ടെടുപ്പ്
ഭാവന ....
നെടുവീർപ്പെട്ടു പടവുകൾ കയറുന്ന ഭർത്താവിനെ നോക്കി ഭാര്യ ദേഷ്യത്തോടെ ചോദിച്ചു , "ഇന്നും പോയി അല്ലെ ?" 'എന്തിനാ മനുഷ്യാ എന്നും ഇങ്ങനെ, ഇറക്കി വിട്ടതല്ലേ, പിന്നെയും നാണമില്ലാതെ പുറത്തു നിന്നു പോയി നോക്കി നിൽക്കുന്നത്. എങ്ങാനം കയറിയാലോ എന്നു വിചാരിച്ചു കാവലും ഏർപെടുത്തിയിട്ടും നിങ്ങൾ പഠിച്ചില്ല...?'.
എല്ലാ സന്ധ്യകളിലും ഇറങ്ങി വന്നുകൊണ്ടിരുന്നതല്ലേടി...ഓർക്കുമ്പോൾ ഒരു വല്ലായ്‌മ. എല്ലാം നീ കാരണമാ ഹവ്വാ..നീ കാരണമാ.. എപ്പോഴും നമ്മളങ്ങനെയാണല്ലോ സ്‌നേഹിക്കുന്നവരെ നാം തിരിച്ചറിയാതെ പോകുന്നു. ഉപദേശങ്ങൾ തിരസ്‌കരിക്കുന്നു. പരിണിതഫലമോ ഭയാനകം തന്നെ.
ങാ...! ഞാനും ശ്രെദ്ധിക്കേണ്ടതായിരുന്നു. എന്തു ചെയ്യാം...മരിക്കുമെന്നു പറഞ്ഞപ്പോൾ ഇത്രയും നിരീച്ചില്ല. ഇതിപ്പോ എത്ര ദിവസമായി..ഒന്നു കണ്ടാൽ മതിയാരുന്നു..ആ സാന്നിധ്യം...വേറെ ഒന്നും വേണ്ടാ!.
അടുക്കളയിലേക്കു കയറിയ ഭാര്യ എന്തൊക്കെയോ പുലമ്പികൊണ്ടാണ് പോകുന്നത്. ചെവി കൂർപ്പിച്ചപ്പോൾ ദൈവത്തെത്തന്നെയാണ് പഴിക്കുന്നത്... 'എന്നാൽ ഒറ്റമോനേയുള്ളു, വേറെ ഒന്നിന്റെ മുഖത്തു നോക്കാൻ ഒന്നു കൂടി ഇല്ല. ഒരു തെറ്റു ചെയ്തുപോയി.മുഴുവനും സ്നേഹമാണെന്നു പറഞ്ഞിട്ടിപ്പോൾ ഒന്നു വന്നു കണ്ടു കൂടെ! വാശിയാ.. വാശി ...സ്‌നേഹമാ ജീവൻ തരും എന്നൊക്കെ പറഞ്ഞിട്ടിപ്പോൾ കുറെ ശാപവാക്കുകളും കൂടി തന്നിട്ടാ ഇറക്കി വിട്ടിരിക്കുന്നത്. വേദനയോടെ പ്രസവിക്കുമെന്നോ ...ആ...അതിനിയും എന്തു കുന്ത്രാണ്ടമാരിക്കും..? ഹവ്വാ പതം പറയുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു.'
തോട്ടത്തിൽ നിന്നിറക്കി വിട്ടപ്പോൾ മുതൽ ഇങ്ങനെയാ..ഒന്നിനും ഒരു ഉന്മേഷവും ഇല്ല. എല്ലാം തന്നത്താൻ ചെയ്യണം. ഒരഭിപ്രായം ചോദിക്കുവാൻ ആരുമില്ല..തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുന്നില്ല. വലിയ ശൂന്യത.ചൂടിന് ആധിക്യം കൂടുകയും പെട്ടന്ന് തണുപ്പിലേക്ക് പോകുകയും.. അധ്വാനത്തിനും പറയത്തക്ക പ്രതിഫലം ഭൂമി തരുന്നില്ല. സൃഷ്ട്ടികൾക്കെല്ലാം ഒരു മരവിപ്പു ബാധിച്ചിരിക്കുന്നു.
നെടുവീർപ്പോടെ ചാരു കസേരയിലേക്കു ഞാനമർന്നു. അറിയാതെ ഓർമ്മകൾ ചിന്തകളെ കീഴടക്കി...
ആദ്യമായി കാഴ്ച കണ്ടു തുടങ്ങിയ ദിവസം...അതായതു എന്റെ ഒന്നാമത്തെ ദിവസം.
പേടിപ്പെടുത്തുന്ന ഒരു ചിറകടി ശബ്‌ദം കേട്ടാണ് എന്നെ അമർത്തി പിടിച്ചിരിക്കുന്ന കരങ്ങളിലേക്കും മുഖത്തേക്കും നോക്കുന്നത്.എന്റെ കണ്ണിലെ ആശങ്ക മനസിലാക്കി എന്നെ നോക്കി മന്ദഹസിച്ചു കൊണ്ട് എന്നോടല്ലാതെ പറയുന്നു 'എന്റെ മകന്റെ ഒന്നാമത്തെ ദിവസം'.
ഓരോ കാഴ്ചകളും എന്നെ പരിചയപെടുത്തുമ്പോഴും ഉളള ആ കണ്ണുകളിലെ തിളക്കം... ആദ്യമായി കാണുന്ന എന്നെക്കാളും ആവേശത്തിലാണോ...പറവകൾ...ചെടികൾ...ഫലത്തോടു കൂടിയ വൃക്ഷങ്ങൾ...കാട്ടുമൃഗങ്ങൾ...മൽസ്യങ്ങൾ...അങ്ങനെങ്ങനെ...എല്ലാം നല്ലതു തന്നെ. എല്ലാം എനിക്കു പ്രയോജനപ്പെടും. കഴിഞ്ഞ ആറു ദിവസമായി പിതാവ് എനിക്കായി ഒരുക്കുകയായിരുന്നു സകലതും...
തൊട്ടുരുമ്മി കടന്നു പോയ ഒരു ജന്തുവിനു അതിന്റെ പേരറിയുവാനായി ഞാൻ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി...നേർത്ത പുഞ്ചിരി സമ്മാനിച്ചുകൊണ്ട് മൊഴിഞ്ഞു. 'നീ എന്തു പേരിടുന്നുവോ ഞാനും അതു തന്നെ വിളിക്കും'.
നാലു ശാഖകളായി പിരിഞ്ഞു ഒഴുകുന്ന നദിയുടെ സമീപത്തേക്കാണ് എന്നെ കൂട്ടികൊണ്ടു പോകുന്നത്. ചെറിയ കള കള ...ശബ്ദത്തോടെ ഒഴുകുന്ന അരുവികൾ...പുനർനിർമ്മിക്കുന്നതുനു മുമ്പുള്ള വെള്ളത്തിന്റെ നിഗുഢതയില്ല...അതിനു മീതെയുള്ള ഇരുളില്ല...യുഗങ്ങളായി ഇരുളിലായിരുന്ന പാഴും ശൂന്യവുമായ ഭൂമി, അതിനെ പുനർനിർമ്മിച്ചപ്പോഴുണ്ടാകുന്ന സ്വസ്ഥത അനുഭവിക്കുന്ന ദൈവം. "വളരെയധികം സന്തോഷത്തിന്റെ നിമിഷങ്ങൾ. കൂട്ടായ്മയുടെ ആനന്ദം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. മറ്റു യാതൊരു ജീവജാലത്തേക്കാളും ഉപരിയായി മനുഷ്യനെ സ്‌നേഹിക്കുന്ന ദൈവം".
നദിക്കരയിലൂടെ നടന്നാണ് ഞങ്ങൾ തോട്ടത്തിലേക്ക് പ്രവേശിച്ചത്. "വേല ചെയ്യുക, സംരക്ഷിക്കുക" ഒരു ആജ്ഞയുടെ സ്വരമാണ് അപ്പോൾ ഞാൻ ശ്രവിച്ചത്. താൻ വാസ യോഗ്യവും പൂർണ്ണതയുള്ളതുമായി സൃഷ്ട്ടിച്ച ഓരോ സൃഷ്ടിയെ കുറിച്ചും സൃഷ്ടിതാവിന്റെ ആഗ്രഹം അതിനെ നിലനിർത്തുക എന്നുള്ളതാണ്.
ഭൂമിയേയും അതിലെ ചരാചരങ്ങളെയും നശിപ്പിക്കുന്നവർക്കു, അന്യായമായി കടന്നുകയറ്റം ചെയ്യുന്നവർക്ക് പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കാതെ, സംരക്ഷിക്കാതെ ഇരിക്കുന്നവർക്ക്, ജോലിയിൽ കൃത്രിമം കാണിക്കുന്നവർക്ക്, എല്ലാവർക്കും ഉള്ള ഒരു താക്കിതു പോലെയാണ് ഞാൻ കേട്ടത്. "വേല ചെയ്യുക സംരക്ഷിക്കുക" എന്നുള്ളത്.
'മനുഷ്യന്റെ ഏകാന്തതക്കു പരിഹാരം തേടി സകല സൃഷ്ടികളുടെയും നടുവിലൂടെ നടന്നു നീങ്ങി..ഇല്ല...തന്റെ സൃഷ്ടിയിൽ മനുഷ്യനോളം വരുന്നതു വേറൊന്നില്ല..അവനു തക്ക തുണയായിരിക്കുവാൻ മറ്റൊരു സൃഷ്ട്ടിക്കും സാധ്യമല്ല...'
ഏതൊന്നു പുതുതായി ജനിക്കുന്നുവോ/ ഉണ്ടാകുന്നുവോ അതിനു പിന്നിൽ നിസ്വാർത്ഥമായ ത്യാഗം ഉണ്ടായിരിക്കുന്നത് പോലെ, ഞാനും പ്രസവ വേദന അനുഭവിച്ചുവോ!
കൂടെ പാർക്കേണ്ടതിനു, സകലത്തിനും പങ്കാളിയാകേണ്ടതിനു വേണ്ടി, സുഖവും ദുഃഖവും അനുഗ്രഹവും ശാപവും അനുഭവിക്കുവാൻ എന്നിൽ നിന്നു തന്നെ ഒരു പങ്കാളി...എന്റെ ദീർഘ നിശ്വാസവും പെട്ടന്നുള്ള പ്രതികരണവും പിതാവിലും സംതൃപ്‌തയെ കൊണ്ടുവന്നു. "അസ്ഥിയിൽ നിന്നു അസ്ഥി, മാംസത്തിൽ നിന്നു മാംസം"....
'വിട്ടു പിരിഞ്ഞു, പറ്റിച്ചേരുക...' കാലങ്ങളായി കൈപിടിച്ചു നടത്തിയ മാതാപിതാക്കളെ വിട്ടു പിരിയുക. അസ്ഥിയിൽ നിന്നു അസ്ഥിയിലേക്കും മാംസത്തിൽ നിന്നു മാംസത്തിലേക്കും പറ്റിചേരുക...
സ്വകാര്യതയിലേക്കു ഞങ്ങളെ വിട്ടിട്ടു മടങ്ങുമ്പോൾ സകല സന്ധ്യകളിലും പതിവുപോലെയുള്ള ഓർമ്മപ്പെടുത്തൽ.
എന്തൊക്കെ കാര്യങ്ങളാണ് അന്നു പറഞ്ഞുകൊണ്ടിരുന്നത്. ഒത്തിരി സംസാരിക്കും. ഞാൻ പറയാൻ തുടങ്ങിയാൽ ശ്രെദ്ധയോടെകേട്ടു നിൽക്കും. അപകടം നടക്കുന്നതിന്റെ തലേ സന്ധ്യാസമാഗമനത്തിലും കയറിപോകുന്നതിനു മുമ്പെയും ഓർമ്മിപ്പിച്ചതാ..പതിവില്ലാത്തതു പോലെ ആർദ്രമായിരുന്നു സ്വരം...മകനെ തോട്ടത്തിന്റെ നടുവിലെ വൃക്ഷം...ബാക്കിയെല്ലാം നിനക്ക് ഭക്ഷിക്കാം...എന്നാൽ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ ഫലം...അവസാന വാചകം പറയുമ്പോൾ ശബ്‌ദം ഇടറിയോ, കണ്ണിൽ നനവു പടർന്നത് പോലെ...ഒന്നും കാര്യമാക്കിയില്ല...പതിവു പോലെ പറഞ്ഞതാണെന്ന് വിചാരിച്ചു.
കുറെയേറെ സംസാരിച്ചു.പല പ്രാവശ്യം ഉപദേശം. സ്നേഹത്തിൽ കലർന്ന ശാസന...ചേർന്നു നടക്കുമ്പോൾ എന്തൊരു ആശ്വാസമാ...എല്ലാ ദിവസത്തേക്കാളും കൂടുതൽ സമയം ചിലവഴിച്ചോ...എനിക്കായിരുന്നു ധൃതി..നാരി തനിച്ചേ ഉള്ളു എന്നുള്ള ഓർമ്മ പലപ്പോഴും ചിന്തകളെ ദൈവസന്നിധിയിൽ നിന്നെന്നെ അകറ്റി...
ഒന്നുമറിയില്ല...താഴ്ച ഭവിച്ചു പോയി...വീണു പോയി..ഓർമ്മകൾ എന്നെ ചെറിയ ഒരു മയക്കത്തിലേക്കാണ് കൊണ്ടെത്തിച്ചത്...ചെറിയ മയക്കം വീണ്ടും ഗാഢ നിദ്രയിലേക്കാണോ...
ഭയാനകമായ ശബ്‌ദങ്ങൾ...കൂരിരുട്ടു വ്യാപിക്കുന്നു...ചുറ്റിലും ഭീതിജനകമായ കാഴ്ചകൾ...ഭൂമി കുലുങ്ങി ഇല്ലാതെയാകുകയാണോ...പാറകൾ പിളർന്നു മാറുന്നു. സകലതും കാഴ്ചയ്ക്കു മറഞ്ഞു പോകുന്നു. വലിയ ആരാവാരങ്ങൾ, അതിന്റെ നടുവിൽ കേട്ടു പരിചിതമായ ഒരു ശബ്‌ദം.. ഒരു കരച്ചിലിന്റെ ശബ്‌ദം..ഏദൻ തോട്ടത്തിൽ തുടങ്ങി തന്നെ പിന്തുടർന്ന സ്വരം. ഒരിക്കൽ പോലും ആ ശബ്‌ദത്തിനു ചെവി കൊടുക്കുവാൻ തോന്നിയിട്ടില്ല..വളരെ നേർത്തതും ശാന്തവുമായിരുന്നു എന്നെ ഈ കാലമത്രയും പിന്തുടർന്ന സ്വരം...എന്നാൽ ഇപ്പോൾ ചങ്കുപൊട്ടി അലറിക്കരയുന്ന ഒച്ച...ഞാൻ ചെവി വട്ടം പിടിച്ചു ..."ഏലി, ഏലി, ലമ്മാ...ശബ്ബക്താനി"...കണ്ണുകൾ തിരുമ്മി ഞാൻ നോക്കി..ഭൂതലത്തിന്റെ മധ്യ രണ്ടു മരക്കഷണങ്ങൾ നെടുകയും കുറുകെയും ചേർത്തു വച്ചു കെട്ടിയിരിക്കുന്നു. അതെ, അതിൽനിന്നു തന്നെയാണ് ശബ്‌ദം പുറത്തേക്കു പ്രവഹിക്കുന്നത്. മരക്കഷണത്തിൽ നിന്നു മനുഷ്യ ശബ്ദമോ...ദൂരത്തായിരുന്ന ഞാൻ അതിവേഗത്തിൽ പാഞ്ഞു ചെന്നു...അടുക്കുന്തോറും കണ്ണിനു അറപ്പുളവാക്കുന്ന തരത്തിലുള്ള ഒരു മാംസ പിണ്ഡം. ചോര ഒലിച്ചിറങ്ങുന്നു. ഹോ ! എത്ര ഭയാനകം..ഇത്ര വിചിത്രമായതൊന്നു മുമ്പു കണ്ടിട്ടേയില്ല...കണ്ണു മറച്ചുകളയത്തക്കവണ്ണം നിന്ദിതമായ ഒരു രൂപം...വേദനകൊണ്ടു പുളയുന്നു...അതെ ജീവനുള്ള ഒരു മനുഷ്യ രൂപം...രൂപം ...വിരൂപം അങ്ങനെ പറയുന്നതാവും ശരി...
എന്നെ നോക്കി ഒരു മന്ദഹാസം ഉണ്ടോ ആ ചുണ്ടുകളിൽ...വേദനക്കിടയിലുമുള്ള കണ്ണുകളിലെ തിളക്കം കണ്ടിട്ട് എന്നെ പ്രതീക്ഷിച്ചു നിന്നതുപോലെ...അവസാനത്തെ ശ്വാസം എടുക്കുന്നതിനു മുൻപേ, എന്തോ ഒന്നുകൂടി പറഞ്ഞു. ഞാൻ വ്യക്തമായി കേട്ടു...അതെ ഞാൻ തിരിച്ചറിഞ്ഞു. എല്ലാ സന്ധ്യകളിലും എന്നെ കൈപിടിച്ചു നടത്തിയവൻ...എങ്ങനെ ഇവിടെ?എനിക്ക് അത്ഭുതമായി. എന്റെ പുറകിലായിരുന്നല്ലോ ഈ കാലമത്രയും..ഒരിക്കലും ഞാൻ തിരിച്ചു നടക്കില്ല എന്നു അറിഞ്ഞു യുഗങ്ങളുടെ അധിപൻ മുൻപിൽ കയറി നിൽക്കുന്നു...അവസാനമായി എന്നെ നോക്കി മിഴികൾ പൂട്ടുമ്പോൾ...വീണ്ടും എന്തോ പറയുന്നതുപോലെ, ഒരായിരം കാര്യങ്ങൾ പറഞ്ഞു തീർത്തതുപോലെ, ശാന്തമായി, ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു...സ്വന്തം തോളിലേക്കു ശിരസു ചായ്ച്ചു...
പാപം ചെയ്യുന്ന ദേഹി മരിക്കുമെന്നുള്ള ദൈവിക നീതിയും മനുഷ്യനെ വീണ്ടെടുക്കുവാൻ വേണ്ടി ഏകജാതനായ മകനെ തകർത്തു കളയുന്ന ദൈവത്തിന്റെ ആഴമേറിയ സ്നേഹവും സമന്വിയിക്കുന്ന സംഗമ സ്ഥാനം "കാൽവരി ക്രൂശ്"
എന്നെ സമ്പന്നാക്കുവാൻ വേണ്ടി സ്വയം ദാരിദ്ര്യം തിരഞ്ഞെടുത്തു...എന്നെ ജീവിപ്പിക്കുവാൻ സ്വയം മരണത്തിനു പ്രാണനെ ഒഴുക്കി കളഞ്ഞു...
'സ്ത്രീയുടെ സന്തതി അവന്റെ തലയെ തകർത്തു'
'സ്ത്രീയുടെ സന്തതി പാമ്പിന്റെ തലയെ തകർത്തു'
'സ്ത്രീയുടെ സന്തതി പിശാചിന്റെ തലയെ തകർത്തു'
വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി
0 Responses to "വീണ്ടെടുപ്പ് - ഭാവന .... "
Leave a Comment