സിംഹഗുഹയുടെ മുഖത്തു
ദാര്യവേശ് രാജാവ് രാവിലെ ഉറക്കമുണർന്നു ചെയ്യേണ്ട ദിനചര്യകളൊന്നും നിവർത്തിക്കാതെയാണ് രാജകൊട്ടാരത്തിന്റെ പടിക്കെട്ടുകൾ ഓടി ഇറങ്ങിയതു... പരിചാരകർ അന്തംവിട്ടു നിൽക്കുമ്പോൾ സിംഹഗുഹയുടെ മുഖത്തു എത്തുന്നതിനു മുൻപേ രാജാവ് വിളിച്ചു ചോദിച്ചു "ജീവനുള്ള ദൈവത്തിന്റെ ദാസനായ ഡാനിയേലേ, നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം സിംഹങ്ങളിൽ നിന്ന് നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ"? മറുപടി ഡാനിയേലിന്റേതു ഇപ്രകാരമായിരുന്നു "സിംഹങ്ങൾ എനിക്കു കേടു വരുത്താതിരിക്കേണ്ടതിനു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടച്ചു കളഞ്ഞു. അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ .രാജാവേ നിന്റെ മുൻപിലും അങ്ങനെതന്നെ ഞാൻ ഒരു ദോഷവും പ്രവർത്തിച്ചിട്ടില്ല...
രാജാവിന്റെ തലേ രാത്രി സകല സുഖങ്ങളും വെടിഞ്ഞുള്ളതായിരുന്നു. ഭക്ഷണ പാനീയങ്ങൾ ഇല്ല... ഉറക്കമില്ല...ഒരു സ്വസ്ഥതയുമില്ല... ഡാനിയേലിന്റെ സ്ഥിതിയെക്കുറിച്ചു രാജാവ് വളരെ ആകുലനായിരുന്നു...
ദാനിയേലിനെ സിംഹകുഴിയിലേക്ക് ഇട്ടപ്പോൾ തന്നെ സിംഹത്തിനു അവനെ പിടിച്ചു തിന്നാമായിരുന്നു... എന്നാൽ ദൈവം തന്റെ ദൂതനെ അയച്ചു സിംഹത്തിന്റെ വായടച്ചു കളഞ്ഞതു മനസിലാക്കിയ ഡാനിയേൽ സുഖമായി ഉറങ്ങി... സമാധാനത്തോടെ സിംഹത്തിന്റെ ഗുഹയിൽ അന്തിയുറങ്ങാൻ ദാനിയേലിനെ പ്രേരിപ്പിച്ച ഘടകം "നിർഭയം വസിക്കുമാറാക്കുന്നതു യെഹോവയാണന്നുള്ള തിരിച്ചറിവാണ്...
ഒരു രാജ്യത്തിന്റെ രാജാവിനു ഉറക്കമില്ലാത്ത രാത്രിയായെങ്കിൽ ദൈവത്തിന്റെ വെളിച്ചമായി അന്യദേശത്തു , പ്രവാസ കാലത്തു ധൈര്യത്തോടെ നിൽക്കുവാൻ ദാനിയേലിനു കഴിഞ്ഞത് , ചെറിയ കാര്യങ്ങൾ മുതൽ വൻ കാര്യങ്ങളിൽ വരെ വിശുദ്ധി സൂക്ഷിക്കുകയും വിശ്വസ്തനായി നിൽക്കുകയും ചെയ്തതിനാലാണ്...
രാജാവിന്റെ ഭോജനവും വീഞ്ഞും മുഖാന്തിരം തന്നത്താൻ അശുദ്ധനാകയില്ല എന്ന് തീരുമാനമെടുത്തു ദാനിയേൽ...അൽപത്തിൽ വിശ്വസ്തനായിരുന്ന ദാനിയേലിനെ അധികത്തിനു വിചാരകനാക്കുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്...
നമ്മേ കുറേക്കൂടെ ആവേശഭരിതരാക്കി കൊണ്ടാണ് ഡാനിയേലിന്റെ പുസ്തകം അവസാനിപ്പിക്കുന്നത്..."ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപോലെയും എന്നും എന്നേക്കും പ്രകാശിക്കും"
പ്രിയമുള്ളവരേ, സകലത്തിലും മനുഷ്യരോടും ദൈവത്തോടും വിശ്വസ്തനായിരുന്ന ദാനിയേൽ ആകാശ മണ്ഡലത്തിന്റെ പ്രഭ പോലെ എന്നേക്കും നിൽക്കുന്നു...
അൽപ്പത്തിലും അധികത്തിലും വിശ്വസ്തരായി വിശുദ്ധി സൂക്ഷിച്ചു നമുക്കും ദൈവത്തിന്റെ വെളിച്ചമായി തീരാം... അങ്ങനെ ബുദ്ദിമാന്മാരുടെ ഗണത്തിൽ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെ, നക്ഷത്രങ്ങളുടെ പ്രകാശം പോലെ, പലരെയും നീതിയിലേക്കു തിരിക്കുന്നവരായി ...
0 Responses to "സിംഹഗുഹയുടെ മുഖത്തു"
Leave a Comment