സന്തോഷം
ഹന്നായുടെ പ്രതിയോഗി പെനിനാ ശക്തയായിരുന്നു. അവർ അവളുടെ ഭർത്താവു ഏൽക്കാനയ്ക്കു മക്കളെ പ്രസവിച്ചു. അഹങ്കാര വർത്തമാനം ഒഴിഞ്ഞ സമയമില്ലായിരുന്നു അവരുടെ നാവിൽ. ഹന്നായെ എല്ലാ സമയവും മുഷിപ്പിച്ചിരുന്നു ആ സ്ത്രീ... ഒരു വശത്തു മക്കളില്ലാത്ത വിഷമം മറു വശത്തു കുത്തുവാക്കുകൾ കൊണ്ട് പീഡിപ്പിക്കുന്ന സഹോദരി. മനോവ്യസനം വർദ്ധിക്കുവാൻ മറ്റെന്തു വേണം?. ഒരാൾക്ക് ഇല്ലാത്തതും തനിക്കു ഉള്ളതുമായ കാര്യത്തെക്കുറിച്ചു ഓർത്തു പെനിനാ അഹങ്കാരിയായി തീർന്നു. ഹന്നാ തന്റെ വിധിയെ വിചാരിച്ചു അതി സങ്കടത്തോടെ കരഞ്ഞു കൊണ്ടേയിരുന്നു... ദിവസങ്ങളോളം പട്ടിണി കിടന്നു... ഒരു വ്യസന പാത്രമായി ഹന്നാ മാറി... ഞാൻ നിന്നെ പത്തു പുത്രന്മാരേക്കാൾ നന്നായിട്ടല്ലേ പോറ്റുന്നത് എന്നുള്ള ഏൽക്കാനയുടെ ആശ്വാസ വാക്കുകൾക്കും ഹന്നായുടെ ജീവിതത്തിൽ മാറ്റം സംഭവിപ്പിച്ചില്ല... ദൈവാലയത്തിലെ മനോവ്യസനത്തോടുള്ള പ്രാർത്ഥന പുരോഹിതനിൽ സംശയം ഉളവാക്കി കരുണ ലഭിക്കേണ്ട നാവിൽ നിന്ന് വിമർശനമാണ് ഹന്നായ്ക്ക് നേരിടേണ്ടി വന്നത്...മനുഷ്യൻ കണ്ണിനു കാണുന്നത് കണ്ടു വിധിക്കുമ്പോൾ, ഹൃദയങ്ങളെയും അന്തരീയങ്ങളെയും ശോധന കഴിക്കുന്നവൻ ഹന്നായുടെ അതിസങ്കടം കണ്ടു...കേട്ടു ...
യിസ്രായേലിന്റെ ദൈവത്തോടു കഴിച്ച അപേക്ഷ ലഭിച്ചു കഴിഞ്ഞു എന്നു ഹൃദയത്തിൽ ഉറപ്പു പ്രാപിച്ച ഹന്നാ സമാധാനത്തോടെ ദൈവാലയം വിട്ടു മടങ്ങി പോന്നു...
പണ്ടത്തെ നാളുകളെപോലെ പ്രതിയോഗി ഹന്നായ്ക്കു എതിരായി നിന്നെങ്കിലും യാതൊരാൾക്കും കവരുവാൻ കഴിയാത്ത സന്തോഷം പ്രാപിച്ച ഹന്നായെ കുറിച്ച് തിരുവചനം ഇപ്രകാരമാണ് സാക്ഷ്യം പറയുന്നത് "അവളുടെ മുഖം പിന്നെ വാടിയതുമില്ല" എന്നാണ്...
"യഹോവ ഹന്നായെ ഓർത്തു" . ശമുവേൽ എന്ന ഇസ്രായേലിലെ എക്കാലത്തെയും ശ്രേഷ്ടനായ പ്രവാചകൻ തന്റെ ഉദരത്തിൽ കൂടി പിറവിയെടുത്തു... യഹോവയുടെ വചനം ദുർലഭമായിരുന്നതും ദർശനങ്ങൾ ഏറെയില്ലാതിരുന്നതും ജനം താന്താങ്ങൾക്കു ഇഷ്ട്ടം പോലെ ജീവിച്ചിരുന്നതുമായ കാലഘട്ടത്തിൽ ശമുവേൽ എന്ന ബാലനെ പേരെടുത്തു വിളിച്ചു അരുളപ്പാടു കൊടുക്കുവാൻ യഹോവയ്‌ക്കു പ്രസാദമായി... ശമുവേൽ വളർന്നത് യഹോവയോടു ഒപ്പമായിരുന്നു... യഹോവ വീണ്ടും വീണ്ടും പ്രത്യക്ഷമായി അവനോടു അരുളപ്പാടു കൊടുക്കുവാൻ തക്കവണ്ണം യഹോവ അവനെ അത്രയ്ക്കും സ്‌നേഹിച്ചു... ഇസ്രയേലിന്റെ ഒന്നമത്തെ രാജാവിനെയും ഇസ്രയേലിന്റെ എക്കാലത്തെയും ശ്രേഷ്ടനായ രാജാവ് ദാവീദിനെയും അഭിഷേകം ചെയ്യുവാൻ ദൈവം ശമൂവേലിനെ ഉപയോഗിച്ചു... ഇസ്രായേൽ മക്കളുടെ നടുവിൽ ദൈവത്തിന്റെ വെളിച്ചമായി ശോഭിക്കുവാൻ ശമുവേലിന് സാധിച്ചതിനു പിന്നിൽ മനോവ്യസനമുള്ള ഹൃദയ തകർച്ചയുള്ള ഹന്നായുടെ പങ്കും ഏറെഉണ്ടായിരുന്നു...
നോക്കു പ്രിയമുള്ളവരേ, ഹന്നായുടെ അതിസങ്കടത്തെ, മനോവ്യസനത്തെ എങ്ങനെ ദൈവം അതി സന്തോഷമാക്കി മാറ്റിയെന്ന്... മച്ചിയെ ഏഴു പ്രസവിക്കുവാൻ , ദരിദ്രനെ പൊടിയിൽനിന്നു നിവർത്തുവാൻ , അഗതിയെ കുപ്പയിൽ നിന്ന് ഉയർത്തുവാൻ, പ്രഭുക്കന്മാരോട് കൂടെ ഇരുത്തുവാൻ മഹിമസാനം അവകാശമായി നൽകുവാൻ ദൈവം ശക്തനെന്നു ഹന്നാ മനസിലാക്കി . നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല എന്നുള്ള തിരിച്ചറിവ് , ദൈവത്തിലുള്ള പൂർണ്ണാശ്രയം തന്റെ ദുഃഖത്തെ അതിസന്തോഷമായി മാറുവാൻ സഹായിച്ചു...
പ്രതിയോഗികൾ നമ്മുടെ ചുറ്റിനും ഉണ്ടായിരിക്കാം...സങ്കടം നൽകുന്നവർ, നമ്മുടെ കുറവുകളെ ചൂണ്ടി കാട്ടി അധിക്ഷേപിക്കുന്നവരും ഉണ്ടാകാം...എന്നാൽ പൂർണ്ണമായ ദൈവാശ്രയം, പ്രതികരിക്കാതെ ദൈവത്തിൽ സമർപ്പിച്ചു അടങ്ങി പാർക്കുന്നതു, ദൈവപ്രസാദവും എക്കാലത്തും ദൈവത്തിന്റെ വെളിച്ചമായി ചുറ്റുപാടിലും പ്രകാശം പരത്തി നിൽക്കുവാനും നമ്മെ സഹായിക്കുന്നു...
0 Responses to "സന്തോഷം"
Leave a Comment