ദാരിദ്ര്യം ഭാഗ്യാവസ്ഥയോ...
ദാരിദ്ര്യം ഭാഗ്യാവസ്ഥയോ...
വായനാഭാഗം: മത്തായി 5:3- “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.”
ദാരിദ്ര്യം ആരും ഇഷ്ടപെടാത്ത കാര്യമാണെങ്കിലും ധാരാളമായി അനുഭവിക്കുവാൻ തുടങ്ങി കഴിഞ്ഞപ്പോൾ ദാരിദ്ര്യം മാറിയതിന്റെ കൂടെത്തന്നെ പല മൂല്യങ്ങളും നാമറിയാതെത്തന്നെ നമ്മിൽ നിന്നും കൈമോശം വന്നുകഴിഞ്ഞു. കൈമോശം വന്ന പട്ടികയിൽ മുൻപിൽ കയറിനിൽക്കുന്നതു 'സ്നേഹം'തന്നെയാണ്. പിന്നെ അനേക കാര്യങ്ങൾ സ്‌നേഹത്തിന്റെ പുറകിൽ അണി അണിയായി നിൽക്കുന്നു. സഹകരണാമനോഭാവം, നിഷ്കളങ്കത...അങ്ങനെ അനേകം. ദാരിദ്ര്യത്തിന്റെ സമയത്തു എല്ലാവർക്കും എല്ലാവരെയും ആവശ്യമായിരുന്നു. മുൻകൂട്ടി അറിയിക്കാതെ മറ്റു വീടുകളിൽ ചെല്ലാമായിരുന്നു. ഇന്നു എല്ലാ കാര്യങ്ങൾക്കും ഔപചാരികത വന്നെത്തിയിരിക്കുന്നു. സ്വകാര്യത സൂക്ഷിക്കുവാൻ തൃഷ്‌ണപെടുന്നു. അവൻ എന്റെ സ്വകാര്യതയിൽ കടന്നു കയറിയെന്നു സ്വന്തം മാതാപിതാക്കളോടും വരെ തുറന്നു പറയുവാൻ ധൈര്യംക്കാട്ടുവാൻ നമുക്കു മടിയില്ലാതായിരിക്കുന്നു.
ഇന്നു എല്ലാവർക്കും എല്ലാത്തിനെയും സംശയമാണ്. മുൻപിലുള്ള ദുരനുഭവങ്ങൾ നമ്മെ അങ്ങനെയാക്കിത്തീർത്തു. കഴിക്കുന്ന എല്ലാ ആഹാരത്തെയും സംശയം. മറ്റു മനുഷ്യരെ സംശയം. സകലത്തെയും ഒരു വേലിക്കെട്ടി നമ്മൾ സംരക്ഷിച്ചു. ചെറിയ ചെറിയ അണുകുടുംബങ്ങളായി നാം മാറി. അങ്ങനെ ഈ ചെറിയ എന്റെ സാമ്രാജ്യത്തിൽ അതിക്രമിച്ചു കടക്കാതെവണ്ണം ഞാൻ എല്ലാവരെയും വേലിക്കെട്ടിതിരിച്ചു. അങ്ങനെ ഞാൻ ഏറ്റവും ഒടുക്കം (ഇതെഴുതുമ്പോൾ വരെ) ചെറിയ അണു കുടുംബത്തിൽ നിന്നൊക്കെ ഒത്തിരി ദൂരം സഞ്ചരിച്ചു ഞാനും മൊബൈൽ ഫോൺ വരെ എത്തിനിൽക്കുന്നു എന്റെ സ്വകാര്യത. ആ സാമ്രാജ്യത്തിൽ ഒരു പക്ഷെ ജീവിത പങ്കാളിക്കും, കുഞ്ഞുങ്ങൾക്കും, യേശുവിനും വരെ ഞാൻ ഭ്രഷ്ട് കല്പിച്ചിരിക്കുന്നു.
ചുരുക്കം പറഞ്ഞാൽ നാം പഴയ കാലത്താണോ ദരിദ്രർ അതോ ഇപ്പോഴോ... അന്നു ആഹാരത്തിനും വസ്ത്രത്തിനും മാത്രമായിരുന്നു ദാരിദ്രം എങ്കിൽ അതിന്റെയൊക്കെ എത്രയോ ഇരട്ടി ദാരിദ്ര്യമാണ് ഇന്നു ഓരോ വീട്ടിലും. ഇന്നു നമ്മുടെ വീടുകളിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയാണ്. സ്‌നേഹത്തിന് ദാരിദ്ര്യം, പൊട്ടിച്ചിരികൾക്കു ദാരിദ്ര്യം, കണ്ണുനീരിനു ദാരിദ്ര്യം, പ്രാർത്ഥനക്കു ദാരിദ്ര്യം, സമയത്തിന് ദാരിദ്ര്യം....ഏറ്റവും വലിയ രസം ഇതൊക്കെ ദാരിദ്ര്യം ആണോ എന്നുപോലും തിരിച്ചറിയുവാൻ കഴിയാത്ത ദാരിദ്ര്യം. എനിക്കു ഒന്നിനും മുട്ടില്ല എന്നു പറയുമ്പോഴും 'നിർഭാഗ്യവാനും അരിഷ്ടനും ദാരിദ്ര്യനും കുരുടനും നഗ്നനും' (വെളിപ്പാട് 3:17) ആയിതീർന്നിരിക്കുന്നതു നാം അറിയുന്നില്ല.
ആഹാരത്തിനും വസ്ത്രത്തിനും ദാരിദ്ര്യമുള്ള കാലത്തെക്കുറിച്ചു നമുക്കറിവുള്ളതാണല്ലോ, അന്നു നാം ചെയ്തതു വന്നതുപോലെ കൊടുക്കലും വാങ്ങലും പതിവായിരുന്നു, അതും സമരായവരോട്. എന്നാൽ അതിലും താഴേക്കു മേടിച്ചാൽ തിരിച്ചു കൊടുക്കുവാൻ കഴിയാത്ത, എല്ലാ ദിവസവും എല്ലാത്തിനും ദരിദ്രയിരിക്കുന്നവർ. ഈ ദരിദ്രർ തങ്ങളുടെ മുട്ടു തീർക്കുവാനായി യാചിക്കും. ദരിദ്രൻ തീർച്ചയായും യാചിക്കുന്നവനാണ്. ദരിദ്രന്റെ യാചന തീർത്തും ഉള്ളവനോട് ആയിരിക്കും. അതും കൊടുക്കുവാൻ മനസുള്ളവനോട്.
അങ്ങനെ ശാപമെന്നു നമ്മൾ മനസിലാക്കിയ ദാരിദ്ര്യത്തെയാണ് യേശു കർത്താവു "ഭാഗ്യാവസ്ഥ" എന്നു വിശേഷിപ്പിച്ചത്. കർത്താവു പറയുന്നത് 'ആത്മാവിൽ ദരിദ്രരായവർ' ഭാഗ്യവാന്മാർ എന്നാണ്. ദാരിദ്ര്യം ഉള്ളവൻ തീർച്ചയായും യാചിക്കുന്നവനാണന്നു നമ്മൾ മനസിലാക്കി. അതുപ്പോലെ ആത്മാവിനെ അധികമായി കൊടുക്കുന്നവനിൽ നിന്നുമാണ് യാചിക്കുന്നതു. "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു ലഭിക്കും". അതെ കർത്താവു വീണ്ടും സംസാരിക്കുന്നു "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുധാത്മാവിനെ എത്ര അധികം കൊടുക്കും" (ലൂക്കോസ് 11:13). എത്രയും അധികം ചോദിച്ചോളൂ അത്രയും അധികം നൽകും. കാരണം ഓരോ നിമിഷവും ഈ പാപ ലോകത്തു ജീവിക്കുവാൻ പരിശുദ്ധാത്മാവിനെ അധികമായി നമുക്കു ആവശ്യമാണ്. ആത്മാവിനാൽ നയിക്കപ്പെടുന്നവർ പാപത്തിൽ നിന്നൊഴിഞ്ഞിരിക്കും.
ഗിരിപ്രഭാഷണം ആരംഭിക്കുമ്പോൾ കർത്താവിന്റെ ഹൃദയമാണ് ആദ്യത്തെ വാക്കുകളിലൂടെ പുറത്തു വന്നതു 'ആത്മാവ്'. ആത്മാവിലുള്ള ദാരിദ്ര്യം... അതു തിരിച്ചറിയുന്നവർ യാചിക്കും..ആത്മാവിലെ ദാരിദ്ര്യത്തെ പരിഹരിക്കുവാൻ കഴിയുന്നവനോടുള്ള 'യാചന' ക്കു ദൈവത്തിൽ നിന്നു എത്രയധികം ലഭിക്കുന്നു എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. അതുകൊണ്ടു ആത്മാവിൽ ദാരിദ്ര്യം ഉണ്ടെന്നു മനസിലാക്കുകയും ആ ബോധ്യം നമ്മെ യാചനക്കു പ്രേരകമാക്കുകയും ചെയ്യുന്നു. അതുകൊണ്ടത്രേ കർത്താവു പറയുന്നതു ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
0 Responses to "ദാരിദ്ര്യം ഭാഗ്യാവസ്ഥയോ..."
Leave a Comment