അലക്ഷ്യമാക്കിയ അവകാശം
വായനഭാഗം: എബ്രായർ 12:14-15-16 , ഉല്പത്തി 25:19-34
"ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു"
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് “അബ്രഹാം യിസ്സഹാക്ക് യാക്കോബ്” അങ്ങനെ വിളിക്കുവാൻ എളുപ്പമായതുകൊണ്ടാണ് തുടർച്ചയായി ഇങ്ങനെ പേരുവരാൻ കാരണമായതെന്ന്. അല്ലാതെ യിസ്സഹാക്കിനുശേഷം ഏശാവ് എന്നായിരുന്നെങ്കിൽ വിളിക്കാൻ ഒരു സുഖമില്ലായിരുന്നു. എന്നാൽ ഉല്പത്തിപുസ്തകത്തിൽ നിന്നാരംഭിച്ച യാത്ര എബ്രായലേഖനത്തിൽ വന്നുനിൽക്കുമ്പോഴാണ്, പേരിന്റെ വിളിക്കുവാനുള്ള സൗകര്യം നോക്കിയല്ല യാക്കോബിന്റെ പേരു അവിടെ വന്നത്, പിന്നയോ ആ തുടർച്ചയായ പേരിന്റെ അവകാശം ഒരു അത്യാവശ്യം വന്നപ്പോൾ ഏശാവ് മറിച്ചു വിറ്റതാണെന്നു എബ്രായലേഖന കർത്താവു വിവരിക്കുന്നത്.
ഏശാവിന്റെ അത്യാവശ്യത്തെക്കൂടി വായിച്ചു മനസ്സിലാക്കുമ്പോഴാണ് നമ്മുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടരുന്നത്, അതു ഒരു പുച്ഛ സ്വരമായി പുറത്തേക്കു "ഒരു ഊണിനുവേണ്ടി" എന്നുകൂടെ ആയിക്കഴിഞ്ഞാൽ നാം നീതിമാന്മാരും ഏശാവ് അരിഷ്ടനുമായി നമ്മുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്യും.
ദൈവത്തെ പ്രതിനിധികരിക്കുവാനുള്ള അവകാശം, അപ്പന്റെ അവകാശം, തലമുറകളായി പിന്തുടരേണ്ട അവകാശം, അനുഗ്രഹങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ടു വേണ്ടെന്നു വച്ചു ഏശാവ്. യാക്കോബ് ഉണ്ടാക്കിയ ചുവന്നപായസം കണ്ടപ്പോൾ ഏശാവിനു ഒന്നുകൂടി തളർച്ചയനുഭവപ്പെട്ടു. ഏശാവ് ആവശ്യക്കാരനെന്നു മനസിലാക്കിയ ഉപായി സൂത്രം പ്രയോഗിച്ചു. ഉദരത്തിൽ നിന്നു വന്നപ്പോൾ സെക്കന്റുകൾക്കു നഷ്‌ടമായ അവകാശം ഒരുപായസത്തിൽക്കൂടി കൈവശപ്പെടുത്തുവാൻ ഈ അവസരം യാക്കോബ് വിനിയോഗിച്ചു. ജ്യേഷ്ഠാവകാശം എനിക്കെന്തിനു മരിക്കുവാൻ പോകുമ്പോഴല്ലേ ഒരു ജ്യേഷ്ഠാവകാശം... ഏശാവ് പ്രതിവദിച്ചു…
ദീർഘദർശനത്തിന്റെ അഭാവം ഏശാവിനെകൊണ്ടിതു ചെയ്യിച്ചു. ഒരു തലമുറക്കിപ്പുറം, എന്തിനേറെ, ഏശാവിന്റെ ആദ്യത്തെ പതിനഞ്ചു വർഷം ഒരുമിച്ചു കൂടാരത്തിൽ പാർത്തു, ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്ന തന്റെ വല്യപ്പച്ചനായ അബ്രഹാമിന്റെ വിശ്വാസത്തെ പ്രതിഭലിപ്പിക്കുവാൻ ഏശാവിനു കഴിഞ്ഞില്ല.
ഇയാളെന്തൊരു മണ്ടനാണ് ഒരു ഊണിനു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ എന്നു ഏശാവിനു നേരെ നാമും വിരലു ചൂണ്ടാറുണ്ട്. എന്നാൽ പലപ്പോഴും പായസത്തിനും താഴെ വിലകുറഞ്ഞതിനായി നാം എത്രയോ തവണ ഈ അവകാശം അടിയറവു വച്ചിട്ടുണ്ട്. എന്തിനൊക്കെ നാം അനുരഞ്ജനം ചെയ്തിട്ടുണ്ട്. ഒരു മുന്നറിയിപ്പുമായിട്ടാണ് പൗലോസ് അപ്പോസ്തോലൻ ആ ഭാഗം അവസാനപ്പിക്കുന്നത്. ഏശാവ് തന്റെ മണ്ടത്തരം മനസ്സിലാക്കി പിന്നത്തേതിൽ അനുഗ്രഹത്തിനായി യിസ്സഹാക്കിന്റെ കാൽക്കൽ വീണിട്ടും തള്ളപ്പെട്ടു മനസാന്തരത്തിനു ഇടകണ്ടില്ല.
നിത്യതയുടെ ദർശനത്തിന്റെ അഭാവം പലപ്പോഴും പായസത്തിനുവേണ്ടി നമ്മെ "compromise" ൽ എത്തിക്കുന്നു. മരിക്കുവാൻ കൊള്ളാത്ത വിശ്വാസം ജീവിക്കുവാനും കൊള്ളില്ല എന്നു പ്രഖ്യാപിച്ചു ജീവനെ വിലയേറിയതായി എണ്ണാത്ത നൂറുകണക്കിന് മഹാരഥന്മാർ ജീവൻകൊടുത്ത ഈ ഭൂമിയിൽ വിലയില്ലാത്തതിനായി വിലയേറിയതു നാം നഷ്ടപ്പെടുത്തുന്നു.
ഏശാവ് ഒരു ചൂണ്ടുപലകയാണ്, ഒരു മുന്നറിയിപ്പാണ്. ഒരിക്കൽ അലക്ഷ്യമാക്കിയ അവകാശം, പിന്നത്തേതിൽ തിരിച്ചു പിടിക്കുവാൻ സാധ്യമല്ലന്നുള്ള മുന്നറിയിപ്പ്. ദൈവം നമ്മുടെ സ്ഥാനത്തു മറ്റൊരാളെ ഉപവിഷ്ടിക്കുമുമ്പേ, നമ്മുടെ അവകാശം മറ്റൊരാൾക്കു കൊടുക്കുംമുമ്പേ മടങ്ങിവരാം. പാപത്തിനോടു അനുരഞ്ജനം പാടില്ല. വിട്ടുവീഴ്ച പാടില്ല. "NO COMPROMISE". ചില പായസങ്ങൾ നഷ്ടപെടട്ടെ. നക്ഷ്ടപെടാത്തതു നേടുന്നതിനുവേണ്ടി സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതു ഉപേക്ഷിക്കാം. ദൈവം നമ്മെ ഒരുമിച്ചു സഹായിക്കട്ടെ.
0 Responses to "അലക്ഷ്യമാക്കിയ അവകാശം"
Leave a Comment