ബുദ്ദിയുള്ളവരും ഇല്ലാത്തവരും

Posted on
7th Apr, 2019
| 0 Comments

ബുദ്ദിയുള്ളവരും ഇല്ലാത്തവരും 

സ്വർഗ്ഗരാജ്യ പ്രവേശനത്തിന്റെ സാദൃശ്യത്തെ മനോഹരമായി വിവരിക്കുന്ന കാഴ്ചയാണ് മത്തായി എഴുതിയ സുവിശേഷം 25 ന്റെ 1 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. സാദൃശ്യമായി പത്തു കന്യകമാരെ തുല്യമായി വിഭാഗിച്ചു രണ്ടുഗണത്തിലാക്കി ഒന്നാമത്തെ വിഭാഗത്തെ ബുദ്ധിയില്ലാത്തവരെന്നും രണ്ടാമത്തെ വിഭാഗത്തിൽ ബുദ്ധിയുള്ളവരെയും നിറച്ചു. രണ്ടു ഗണത്തിലാണെങ്കിലും മറ്റുള്ളവർക്കു തിരിച്ചറിയുവാൻ സാധിക്കാത്തതോ, മനപ്പൂർവ്വമായി മറച്ചുവച്ചതോ ആയ ഒട്ടനവതി സാമ്യം ഇവരിലുണ്ട്. പൊതുവായ സാമ്യം ഇവർ കന്യകമാരാണ്. മണവാളനുവേണ്ടി വേണ്ടി വേർതിരിക്കപ്പെട്ടവരാണ്. രക്ഷിക്കപ്പെട്ടവരാണ്, സ്നാനപെട്ടവരാണ്. അതുകൊണ്ടുത്തന്നെ മണവാളന്റെ വരവിനു വേണ്ടി പ്രതിക്ഷിച്ചവരാണ്. തങ്ങളുടെ നിയോഗം എന്താണെന്നുള്ള ബോധ്യം ഉള്ളവരാണ്. മണവാളൻ വരുമെന്നും ഒരുങ്ങിയിരുന്നവർക്കുമാത്രം പ്രവേശനം ഉള്ള കല്ല്യാണശാലയിൽ വച്ചാണ് കല്ല്യാണസദ്യ നടക്കുന്നെതന്നും, മണവാളനും ഒരുങ്ങിയിരുന്നവരും കയറിക്കഴിഞ്ഞാൽ വാതിൽ അടക്കുമെന്നും നല്ലനിശ്ചയമുള്ളവരായിരുന്നു പത്തു കന്യകമാരും.

ഒരേയൊരു വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ രണ്ടുവിഭാഗങ്ങളാക്കി വേർതിരിച്ചത്. വിളക്കോടുകൂടി എണ്ണഎടുത്തവരും, വിളക്കിനൊപ്പം എണ്ണ എടുക്കാത്തവരും. എണ്ണക്കൂടെ എടുക്കാത്തവർക്കു ന്യായമായ ചോദ്യം ഉന്നയിക്കാം, ഗുരോ അങ്ങു തന്നെയല്ലേ പറഞ്ഞതു നാളയെക്കുറിച്ചു വിചാരപ്പെടരുത്, വഴിയാത്രയിൽ പൊക്കണം സൂക്ഷിക്കരുതെന്ന്? യാചിക്കുന്നവനു കൊടുക്ക, വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കളയരുതെന്നു അരുളിചെയ്തിട്ടു, കെട്ടുപോകുന്ന , കരിംതിരി എരിയുന്ന വിളക്കിലേക്കു, ഒരുമിച്ചു ഇറങ്ങിപ്പുറപ്പെട്ട, ഒരുമിച്ചു തീരുമാനം എടുത്ത, ഒരുമിച്ചു ആരാധിച്ച, മണവാളന്റെ വരവിനു താമസമെന്നു വിചാരിച്ചു മയങ്ങി, അതിനിശേഷം ഉറങ്ങി, ഒരുമിച്ചു ആർപ്പുവിളിയിൽ എഴുന്നേറ്റു  ഒരു ഇത്തിരി എണ്ണ ചോദിച്ചപ്പോൾ വിൽക്കുന്നവരുടെ അടുക്കലേക്കു, ആർക്കും പ്രവർത്തിച്ചു കൂടാത്ത, ഒരു വിൽപ്പനശാലയും തുറന്നു പ്രവർത്തിക്കാത്ത രാത്രിയിൽ  ഞങ്ങളെ പറഞ്ഞയച്ച ഗണത്തിനു ഇട്ട പേരുകൊള്ളാം ബുദ്ധിയുള്ളവർ. ഇപ്പോൾ അവർ അകത്തും ഞങ്ങൾ പുറത്തും. കുറച്ചു മുൻപുവരെ മണവാളനുവേണ്ടി വേർതിരിക്കപ്പെട്ടവർ ഇപ്പോൾ മണവാളന്റെതന്നെ സ്വരം 'ഞാൻ നിങ്ങളെ അറിയുന്നില്ല' എന്നാണ്...

 ഈ രണ്ടുഗണത്തെയും പൂർണ്ണമായും നാം മനസ്സിലാക്കുന്നത്, ഗിരിപ്രഭാഷണത്തിൽക്കൂടെയാണ്. ഏഴാം അധ്യായം 21 മുതൽ 27 വരെയുള്ള വാക്യത്തിൽ യേശുകർത്താവ്‌ വിവരിക്കുന്നു "എന്നോടു കർത്താവെ കർത്താവെ എന്നു പറയുന്നവൻ ഏവനുമല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രെ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്".

യേശുവിന്റെ നാമം എടുത്തു പ്രവചിച്ചവരും ഭൂതങ്ങളെ പുറത്താക്കിയവരും, വീര്യപ്രവർത്തികൾ ചെയ്തവരും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. വിളക്കോടുകൂടെ എണ്ണ എടുക്കാത്തവർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടമായിരുന്നില്ല ചെയ്തു തീർത്തത്. അവർ അവരുടെ ഇഷ്ടങ്ങളും മനഃസുഖവുമായിരുന്നു പ്രവർത്തിച്ചത്. മറ്റുള്ളവർ കാൺകെ ചെയ്ത, ദൈവേഷ്ടം കൂടാതെ യേശുവിന്റെ നാമം ഉപയോഗിച്ചു ചെയ്ത സകല പ്രവർത്തിക്കാരെയും അധർമ്മം പ്രവർത്തിക്കുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി പുറത്താക്കിക്കളഞ്ഞു.

പ്രീയമുള്ളവരെ, പലപ്പോഴും നമ്മുടെ വിളക്കിലും എണ്ണയില്ലായെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഇനിയും സമയമുണ്ടല്ലോ, മണവാളൻ താമസിക്കുകയാണല്ലോ അല്ലെങ്കിൽ കുറച്ചുകൂടെക്കഴിഞ്ഞു ഞാൻ നിരപ്പുപ്രാപിക്കും, എന്നൊക്കെയുള്ള ചിന്തയാൽ മടിപിടിച്ചു, അലസരായി, കിട്ടുന്ന സമയങ്ങളൊക്കെ, കൃത്യമായ പ്രാർത്ഥനയില്ലാതെ, വചനധ്യാനമില്ലാതെ, വിശുദ്ധ ജീവിതം ദൂരത്താക്കി ഓരോ ദിവസവും നാളെയാകട്ടെയെന്നു തള്ളി നീക്കി കഴിയുന്നുവെങ്കിൽ, നാം നിനക്കാത്ത നാഴികയിൽ യേശുകർത്താവിന്റെ ആഗമനം ഉണ്ടാകും. നോക്കു, പ്രിയമുള്ളവരേ, നാം അടുത്തുചെല്ലുമ്പോൾ ഞാൻ നിന്നെ അറിയുന്നില്ല എന്നാണ്, യേശുകർത്താവിന്റെ തിരിച്ചുള്ള മറുപടിയെങ്കിൽ....നാം പ്രതീക്ഷിച്ച യേശുവിനെ നമുക്കു എന്നന്നേക്കുമായി നഷ്ടമാകും...

“ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.”

<< Back to Articles Discuss this post

0 Responses to "ബുദ്ദിയുള്ളവരും ഇല്ലാത്തവരും"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image