ഒരു ആട്, ഒരു ദ്രഹ്മ, ഒരു മകൻ 

Posted on
26th Feb, 2020
| 0 Comments

ഒരു ആട്, ഒരു ദ്രഹ്മ, ഒരു മകൻ 

ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം കാണാതെ പോയ ഒരു ആടിന്റേയും ഒരു ദ്രഹ്മയുടെയും ഒരു മകന്റെയും വിവരണമാണ്. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ് മനുഷ്യപുത്രൻ ജഡാവതാരം എടുത്തത് എന്നുള്ളതു ലോകത്തോടു പറയുകയാണ്. ചുങ്കക്കാരോടും പാപികളോടുമുള്ള യേശുകർത്താവിന്റെ സമീപനത്തെ ഒട്ടും ദഹിക്കാതെ വന്ന പരീശന്മാരുടെയും ശാസ്ത്രിമാരോടെയും വിധിക്കുള്ള മറുപടി കൂടിയാണിത്. 
നൂറു ആടുള്ള മനുഷ്യൻ തെറ്റിപ്പോയ ഒരാടിന്റെ പുറകെ തിരക്കിയിറങ്ങുന്ന മനോഹര കാഴ്ച. തൊണ്ണൂറ്റൊൻപതിനയെയും മരുഭൂമിയിൽ വിട്ടേച്ചു കാണാതെ പോയതിനെ തേടിയിറങ്ങി. ലോക പ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാം ഇങ്ങനെ ഒരിക്കൽ പറഞ്ഞു "ലോകത്തിലുള്ള ഒരേയൊരു വ്യകതി നിങ്ങൾ മാത്രമെന്ന നിലയിലാണ് അവൻ നിങ്ങളെ കാണുന്നത്. മുഴു ലോകത്തിലും നിങ്ങൾ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും യേശു നിങ്ങൾക്കായി മരിക്കുമായിരുന്നു". എല്ലാവർക്കും ഇടയനെക്കൊണ്ടു ആവശ്യമുണ്ടെന്നു മനപ്പൂർവ്വമായി മറന്നിട്ടാണ് തൊണ്ണൂറ്റൊമ്പതുപേരും കൂട്ടം തെറ്റിയ ഒന്നിനു നേരെ വിരൽ ചൂണ്ടുന്നത്. കൂട്ടം തെറ്റിയ ഒന്നിനും ബാക്കി തൊണ്ണൂറ്റൊൻപതിനും ദൈവത്തിന്റെ കൃപ ഒരു പോലെ ആവശ്യമാണ്. എന്നാൽ ആലയിൽ ഉള്ള തൊണ്ണൂറ്റൊൻപതിനും ഈ ആവശ്യബോധമില്ല. അത് കൊണ്ടുതന്നെ അനുതാപത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നില്ല.
തൊണ്ണൂറ്റൊൻപതു എണ്ണത്തിനെയും ഇടയനല്ല ഉപേക്ഷിച്ചത്. ഇടയനെ ആവശ്യമില്ലാതിരുന്നത് കൂട്ടം തെറ്റിയിട്ടില്ലെന്നു അഭിമാനിക്കുന്ന തൊണ്ണൂറ്റൊൻപതു എണ്ണത്തിനാണ്. അതുകൊണ്ടുതന്നെ അനുതാപം ഉണ്ടാകില്ല, കണ്ണുനീരു ഉണ്ടാകില്ല. നിസ്സഹായതയോടെ അലറിക്കരയുന്ന, ഞാൻ തെറ്റി പോയെന്നും എനിക്കു ഇടയൻ വരാതെ മടങ്ങി വരുവാനുള്ള കഴിവില്ലെന്നു മനസ്സിലാക്കുന്ന ഈ ആടിനെ ഇടയൻ തേടിയിറങ്ങുകത്തന്നെ ചെയ്യും. കണ്ടുകിട്ടുന്ന ആടിനെ ചുമലിൽ എടുത്തുള്ള ഇടയന്റെ വരവ് ബാക്കി തൊണ്ണൂറ്റൊൻപതു എണ്ണത്തിനും സഹിക്കില്ല. മടങ്ങി വരവ് ആഘോഷമാക്കുന്ന ഇടയന്റെ മനസ്സ് സ്വർഗ്ഗത്തിന്റെ പ്രതിഫലനം ആണെന്നുള്ള തിരിച്ചറിവില്ലാതെ മാനസാന്തരത്തിനു അവസരം തേടാതെ, ഇടയന്റെ പ്രവർത്തിയെ ദോഷമായി ചിത്രീകരിക്കുന്ന തൊണ്ണൂറ്റൊന്പത്. 
പത്തു ദ്രഹ്മഉണ്ടായിരുന്ന സ്ത്രീയുടെ കഥയും വ്യത്യസ്തമല്ല. കാണാതെ പോയ ദ്രഹ്മ കണ്ടുകിട്ടുന്നതുവരെയും അന്വേഷിക്കുന്നു. കണ്ടുകിട്ടുമ്പോൾ ഉള്ള സന്തോഷം തിരഞ്ഞു കണ്ടുപിടിക്കുവാൻ എടുത്ത സകല ദുഃഖങ്ങളെയും സകല പ്രയത്നങ്ങളെയും മറക്കുന്നതാണ്. ഒരിക്കൽ കാണാതെപോയ നമ്മെയും കണ്ടുകിട്ടുമ്പോൾ ചുമലിൽ എടുത്തു സന്തോഷത്തോടെ മടങ്ങി വരുന്ന സുദിനം മുൻപിൽ കണ്ടുകൊണ്ടാണല്ലോ നമ്മുടെ നല്ല ഇടയനായ യേശുകർത്താവ് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചത്. (എബ്രായർ 12:2) 
മൂന്നാമത് മകനെ നക്ഷ്ട്ടപെട്ട അപ്പന്റെ കഥയാണ്. വേദനാജനകവും നൊമ്പരപെടുത്തുന്നതുമാണ് ഈ വിവരണം. ഒരുപോലെ വളർത്തികൊണ്ടു വന്ന രണ്ടു മക്കളിൽ ഒരുവനാണ് അവകാശം ചോദിച്ചു മുൻപിൽ നിൽക്കുന്നത്. നാട്ടുനടപ്പനുസരിച്ചു അപ്പന്റെ മരണശേഷമാണ് അവകാശം മക്കളിലേക്കു ചെന്നു ചേരണ്ടെന്നിരിക്കെ അപ്പൻ മരിക്കാതെ തന്നെ കൊല്ലുകയാണ് ഈ ചോദ്യത്തിലൂടെ. യജമാനനാകേണ്ട അവകാശി ശിശുവായിരിക്കുന്നിടത്തോളം അതായതു പക്വത എത്തുന്നതുവരെയും ദാസനേക്കാൾ ഒട്ടും കേമനല്ലയെന്നു പൗലോസ് ശ്ലീഹായുടെ വാക്കുകൾക്ക് അടിവരയിടുകയാണ് തുടർന്നുള്ള ഇളയമകന്റെ പ്രവർത്തി. അപ്പന്റെ ഭവനത്തിലെ വാസം ലോകത്തിന്റെ സുഖങ്ങൾക്കു വിലങ്ങുതടിയായപ്പോൾ അവകാശവും മേടിച്ചു പടിയിറങ്ങിയ മകൻ അപ്പനു മരിച്ചത് പോലെയായി. ഫലം തിന്നുന്ന നാളിൽ നീ മരിക്കും എന്ന ആദാമിനോടുള്ള ദൈവത്തിന്റെ പ്രസ്താവന ഇവിടെ വരച്ചു കാട്ടുകയാണ്. എങ്ങനെയാണു ആദാം ദൈവത്തിനു മരിച്ചത് എന്നു ഈ സംഭവത്തിലൂടെ യേശു കർത്താവു നമ്മെ മനസിലാക്കുന്നു. മനസാന്തരം വന്നു മടങ്ങി വന്ന പുത്രനെക്കുറിച്ചു അപ്പന്റെ സാക്ഷ്യമാണ് ഉദാഹരണം "ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു." 
ഈ കഥയിലും നമ്മുടെ കേന്ദ്രബിന്ദു മുടിയനായ പുത്രനല്ല വീട്ടിൽ അടങ്ങിപ്പാർക്കുന്ന മൂത്തമകൻ തന്നെയാണ്. ധൂർത്തു പുത്രൻ അപ്പനു വേദന തന്നെയാണ്. അവന്റെ മടങ്ങി വരവാണ് അപ്പനു പ്രധാന വിഷയം. കണ്ണടയുന്നതിനു മുൻപേ എന്റെ കുഞ്ഞു മടങ്ങി വരുമോ എന്ന ആശങ്ക. ദിനചര്യകളെല്ലാം ക്രമമായി അപ്പൻ ചെയ്യുന്നുണ്ടെങ്കിലും സകലതും യാന്ത്രികമാണ്. 
ഭക്ഷണം കഴിക്കുന്നുണ്ട്...വായിക്കു രുചിയില്ല 
ചിരിക്കുന്നുണ്ട്...വിളറിയ ചിരി 
സംസാരിക്കുന്നുണ്ട് .... ഹൃദയത്തിൽ നിന്നല്ല 
എന്നാൽ മുടിയനായ പുത്രനെക്കാൾ അപകടം പിണഞ്ഞത് മൂത്തമകനാണ് . അപ്പന്റെ ഭവനത്തിൽ ഒരു അന്യനെപോലെ കഴിഞ്ഞിരുന്നവൻ. അപ്പന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുവാൻ വേണ്ടുന്നതൊന്നും ചെയ്യാത്ത മകൻ. ഓടി നടന്നു കാര്യങ്ങളെല്ലാം ചെയുന്നുണ്ട്. മാർത്തയെപ്പോലെ ശുശ്രുഷയാൽ കുഴങ്ങി കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നുണ്ട്. അയൽവാസികളെല്ലാം നല്ലതുമാത്രമേ പറയുന്നുള്ളൂ. മുടിയനായ പുത്രൻ വീടുവിട്ടു പോയിട്ടും അപ്പനെ ചുറ്റിപ്പറ്റി നിന്നു വേണ്ടിയതെല്ലാം ചെയ്തു കൊടുക്കുന്നുണ്ട്. കുടുംബം നോക്കുന്നവനെന്നു നാട്ടുകാരെല്ലാം പറയുന്നുണ്ട്. മകന്റെ മടങ്ങി വരവ് ആഘോഷമാക്കിയ അപ്പന്റെ ഹൃദയം എന്തായിരുന്നുവെന്നു  മൂത്തമകന് മനസ്സിലാക്കുവാൻ കഴിയുന്നില്ല. അപ്പന്റെ ഭവനത്തിലെ വാസമാണ് തന്റെ സാമിപ്യമാണ് മൂത്തമകനു പ്രിയപ്പെട്ടതെന്നു പിതാവു തെറ്റിദ്ധരിച്ചു. ഇളയമകൻ പ്രവർത്തികൊണ്ടു മുടിയൻ പുത്രനായി തീർന്നുവെങ്കിൽ, ഈ വികാരങ്ങൾ എല്ലാം ഉള്ളിൽ അടക്കി അപ്പന്റെ ഭവനത്തിൽ അപ്പന്റെ സമീപത്തു ഒരു അന്യനെപ്പോലെജീവിച്ചു തീർത്തു. ഉള്ളിൽ വർഷങ്ങളായി അടക്കിവച്ചിരുന്ന വികാരങ്ങളുടെ തിരത്തള്ളലാണ്, മടങ്ങിവന്നപ്പോൾ അകത്തേക്കു കടക്കുവാൻ കൂട്ടാക്കാതെ പുറത്തുനിന്നു പറഞ്ഞത്. വേശ്യാമാരോടുകൂടി നിന്റെ സ്വത്തെല്ലാം നശിപ്പിച്ചവൻ വന്നപ്പോൾ, ഞാനും കൂടെ ചോര നീരാക്കി ഉണ്ടാക്കിയ ഒരു മുഴുത്ത കാളക്കുട്ടിയെ അറുത്തു... അവനു കൊടുക്കാനുള്ളതെല്ലാം കൊടുത്തു വിട്ടതാണ്. ഇനിയും എനിക്കവകാശപ്പെട്ടതാണ് ഉള്ളത്. അതിൽ നിന്നെടുത്തു ആഘോഷം നടത്തുവാനോ ഭാഗിച്ചു കൊടുക്കുവാനോ  പറ്റില്ല. 
വർഷങ്ങൾ കാണാതെയിരുന്ന, ക്ഷീണിച്ചു എല്ലും തോലുമായി മടങ്ങിവന്ന സഹോദരനെ ഒന്നു കെട്ടിപ്പിടിക്കുവാൻ മനസ്സില്ലാതെ പുറത്തുനിന്നു വെല്ലുവിളി നടത്തുകയാണ്. തടിച്ച കാളക്കുട്ടിയെ അറുത്തത്തിന്റെ രോഷം തിരത്തള്ളലായി പുറത്തേക്കു വന്നത് ചെറിയ ആട്ടിൻകുട്ടിയെ കൂട്ടുകാരുമൊത്തു ആഘോഷിക്കുവാൻ നൽകിയില്ല എന്ന രോദനമായിട്ടാണ്. 
നാമും അപ്പന്റെ ഭവനത്തിലാണ് വസിക്കുന്നത്. ഓടിനടന്നു അപ്പൻ ഏൽപ്പിക്കാത്തതും ഏൽപ്പിച്ചതുമായതെല്ലാം ചെയ്തു തീർക്കുന്നുമുണ്ട്. ഈ പ്രവർത്തിയിലൂടെയാണ് നാം സംതൃപ്തി അടയുന്നതു. എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യുവാൻ കഴിയുകയില്ലെന്നുള്ള യേശുകർത്താവിന്റെ ഉപദേശം, കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും നമ്മിൽനിന്നും കൈമോശം വന്നിരിക്കുന്നു. നമ്മുടെ പ്രവർത്തിപരിചയം അപ്പന്റെ സഹായമില്ലാതെ നിൽക്കുവാനുള്ള നമ്മുടെ കഴിവിനെ വർധിപ്പിക്കുന്നു. 
പ്രിയമുള്ളവരേ, നഷ്ട്ടപെട്ട സഹോദരനെ തേടിയിറങ്ങാത്ത മകൻ അപ്പന്റെ ഹൃദയത്തെ തണുപ്പിക്കുന്നില്ല. അതു വീട്ടിൽ അടങ്ങിപ്പാർക്കുകയാണെങ്കിലും സകലത്തിനും മേൽനോട്ടം വഹിക്കുകയാണെങ്കിലും. നിന്റെ സഹോദരനെവിടെ എന്നുള്ള ചോദ്യം നമ്മോടുക്കൂടെയുള്ളതാണ്. അല്ല നമ്മോടു തന്നെയാണ്. 
നിസ്സഹായാവസ്ഥയിലാണ് ധൂർത്തു പുത്രൻ അപ്പനെ അന്വേഷിക്കുന്നത്. ആശ്രയം നഷ്ടപ്പെടുമ്പോൾ, സ്വന്തം കാലിൽ നിൽക്കുവാൻ കഴിയാതെ വരുമ്പോൾ, വാളവര പോലും അന്യമാകുമ്പോൾ. അപ്പോഴാണ് വാവിട്ട നിലവിളി ഉണ്ടാകുന്നതു. പാപബോധം ഉണ്ടാകുന്നതു. അലറിക്കരച്ചിൽ ഉണ്ടാകുന്നത്. നീതിമാനാണ് എന്ന ചിന്തയും ഈ ചുങ്കക്കാരെനെപ്പോലെയും പാപിയെപ്പോലെയും ഞാൻ അല്ലായ്കയാൽ എനിക്കു നിന്നെക്കൊണ്ടു ആവശ്യമില്ലായെന്നു പറയുന്നിടത്തു അനുതാപമില്ല. തേങ്ങിക്കരച്ചിൽ ഇല്ല. വഴിതെറ്റിപ്പോയതിനെ ഇടയൻ മടക്കി കൊണ്ടുവരും, കാണാതെപോയതിനെ തിരഞ്ഞു കണ്ടുപിടിക്കും. ഇറങ്ങിപ്പോയതു മടങ്ങിവരും. ആലയിൽ ഉള്ള തൊണ്ണൂറ്റൊൻപതു, കൈവശം ഉള്ള ഒൻപതു, നല്ല സാക്ഷ്യപത്രം ഉള്ള ഒന്ന് ? മാനസാന്തരം കൊണ്ടു ആവശ്യമില്ലായെന്നു സ്വയം നിരൂപിക്കുന്നവരേക്കാൾ എനിക്കു ദൈവത്തെക്കൊണ്ടു ആവശ്യമുണ്ടെന്നു പറയുന്നവനെ കണ്ടാണ് സ്വർഗ്ഗം സന്തോഷിക്കുന്നത്.

<< Back to Articles Discuss this post

0 Responses to "ഒരു ആട്, ഒരു ദ്രഹ്മ, ഒരു മകൻ "

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image