ദൈവത്തിന്റെ ഉപകാരം
നിക്ഷേപമില്ലാത്ത ശൂന്യമായ സ്വർഗ്ഗത്തിലെ നമ്മുടെ അക്കൗണ്ട് കണ്ടു വിഷമിച്ചിട്ടാകാം കർത്താവു പലപ്പോഴും മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള അവസരം നമ്മുടെ കണ്മുൻപിൽ തരുന്നത്. എന്റെ വിചാരം ഞാൻ ആ പാവത്തിനെ സഹായിച്ചു, ഞാൻ ഇല്ലായിരുന്നെങ്കിൽ എന്റെ പൈസ ഇല്ലായിരുന്നുവെങ്കിൽ എന്റെ സഹായമില്ലായിരുന്നെങ്കിൽ എന്നൊക്കെയാണ്. എന്നാൽ ഒരു സഹായമാവശ്യമുള്ളവരെയോ ഒരു അശരണരെയോ ഒരു ആലംബഹീനരെയോ നമ്മുക്ക് സഹായം ചെയ്തു കൊടുക്കത്തക്ക രീതിയിൽ നമ്മുടെ കണ്മുൻപിൽ അയക്കുന്നത് സഹായം ആവശ്യമുള്ളവർക്ക് നാം ചെയ്യുന്ന ഉപകാരമല്ല പ്രത്യുത ദൈവം നമ്മോടു കാട്ടുന്ന ഉപകാരമാണ്. എന്നാൽ ഈ സഹായം ചെയ്തതു ഇടംകൈയ്യോട് ഒന്നു പറയാതെ ഉറങ്ങുവാൻ നമുക്ക് സാധിക്കുന്നില്ല. അങ്ങനെയാണ് നമ്മുടെ സാക്ഷ്യങ്ങളും , എനിക്ക് മാത്രം അസുഖം വന്നില്ല എന്റെ ജോലി പോയില്ല എന്റെ സാലറി കുറച്ചില്ല എന്റെ ചുറ്റിലും ഇതൊക്കെ നടന്നിട്ടും... യഥാർത്ഥമായി പറയണ്ട നന്ദി നാം പലപ്പോഴും പറയാതെ പോകുന്നു " എന്റെ ചുറ്റിലും എന്റെ കുടുംബത്തിലും എന്റെ കൂട്ടുകാർക്കിടയിലും " അനേകരുണ്ടായിരിക്കെ എന്നോടു കാട്ടിയ സ്‌നേഹം എന്നെ തിരഞ്ഞെടുക്കുവാൻ കാട്ടിയ ദയ, കരുണ ഇവയെ ഓർക്കുകയോ നന്ദി പറയുവാനോ കർത്താവിനോടു സ്‌നേഹം കാണിക്കുവാനോ നമുക്ക് കഴിയാതെ പോകുന്നു. ഈ ലോകത്തിൽ ലഭിക്കുന്നതിനു നന്ദി പറയരുത് എന്നല്ല അതിനു അർത്ഥം. അതിനു മാത്രമാകുമ്പോഴാണ് ഈ ലോകക്കാരായി നാം മാറുന്നത്. നിത്യതയ്ക്കായി നമ്മെ തിരഞ്ഞെടുത്തതോർത്തു നമ്മെ നേടുവാൻ ക്രൂശിൽ പിടഞ്ഞു മരിച്ചതോർത്തു സ്വർഗ്ഗത്തിലെ സകല ആത്മിക അനുഗ്രഹങ്ങളാലും നമ്മെ അനുഗ്രഹിച്ചതോർത്തു നമുക്ക് നന്ദി പറയാം
0 Responses to "ദൈവത്തിന്റെ ഉപകാരം"
Leave a Comment