എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു
പതിനാറാം സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ് " ഞാൻ യഹോവയോടു പറഞ്ഞത്; നീ എന്റെ കർത്താവാകുന്നു, നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല."
വളരെ വ്യത്യസ്തമായ ഒരു പറച്ചിലാണ്, നാം കേട്ടു മടുത്തതും നാം പറഞ്ഞുകൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായ പറച്ചിൽ " നീ എന്റെ കർത്താവാകുന്നു ". നമ്മുടെ സ്ഥിരം പല്ലവികൾ ഇതല്ല. നീ എന്നെ അനുഗ്രഹിക്കേണമേ, എനിക്കുള്ളതിനെയെല്ലാം നീ സൂക്ഷിക്കേണമേ... പിന്നെ നന്ദി പറയും , ഒത്തിരി അറിയാവുന്നവർക്കു കൊറോണ വന്നിട്ടും എനിക്കും എന്റെ കുടുംബത്തിനും വരാത്തതുകൊണ്ടുള്ള നന്ദി. പിന്നെ ഈ ക്ഷാമ കാലത്തു എന്നെ ക്ഷേമത്തോടെ പോറ്റുന്നതിനു നന്ദി, പിന്നേ അനേകരുടെ ജോലി നഷ്ട്ടപെട്ടിട്ടും എന്റെ ജോലി പോകാത്തതിന് നന്ദി , ചില പ്രാർത്ഥനാ വിഷയങ്ങൾ മറന്നു പോകാതെ എഴുതി വെച്ചു പ്രാർത്ഥിക്കും . പലതും പലതും നമുക്ക് പറയുവാനുണ്ട്, നമ്മളല്ലേ കക്ഷികൾ പറയുവാനാണോ ഇല്ലാത്തത് .
എന്നാൽ ദാവീദ് ഒരു വ്യത്യസ്തമായ പറച്ചിലാണ് " ദൈവമേ, ഞാൻ നിന്നെ ശരണമാക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളേണമേ" ദാവീദിന് ഉറപ്പുണ്ട് താൻ ശരണമാക്കിയിരിക്കുന്നതു ആരെയാണെന്നുള്ള ഉറപ്പ്. ദാവീദ് പ്രസ്താവിച്ചു (Proclaim ചെയ്തു ) നിന്നെ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു . ഈ പറച്ചിലിനു ഒരു പ്രത്യകതയുണ്ട്, അതു എന്താണന്നു വച്ചാൽ ഇനിയും എന്റെ ഉത്തരവാദിത്തത്തിൽപെട്ടതല്ല എന്റെ സംരക്ഷണം . ദൈവമേ അതു നിന്റെ ഉത്തരവാദിത്തമാണ്. രണ്ടാമതു വീണ്ടും പറയുന്നു " നീ എന്റെ കർത്താവാകുന്നു, നീ ഒഴികെ എനിക്കൊരു നന്മയും ഇല്ല". ഹോ , ഇതു നമുക്ക് താങ്ങാവുന്നതിനപ്പുറമായ ഒരു പറച്ചിലായിപ്പോയി . കർത്താവു പുഞ്ചിരിച്ചു കാണുമായിരിക്കാം. ഇനിയും എല്ലാം ദൈവത്തിന്റെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് . അവന്റെ സംരക്ഷണം, അവന്റെ നന്മ, അവൻ public ആയിട്ടു proclaim ചെയ്തു, അദൃശ്യനായ ദൈവത്തിന്റെ കാലിൽ കയറി വട്ടം പിടിച്ചിരിക്കുകയാണ് . ആവശ്യം ഇതാണ് ' നീ എന്നെ കാത്തുകൊള്ളേണം, നീ ഒഴികെ ഒരു നന്മയും എനിക്ക് വേണ്ടാ' എനിക്ക് നന്മ വന്നാലും നഷ്ടപ്പെട്ടാലും അതു രണ്ടും നിന്റെ അധിനതയിലാണ്.
യാക്കോബ് അമ്മായിയപ്പന്റെ അടുത്തു നിന്നു ഇരുപതു വർഷത്തിനു ശേഷം സമ്പത്തും ഭാര്യമാരും ദാസീദാസന്മാരും ആടുമാടുകളുമൊക്കെയായി യാത്രതിരിച്ചു യബോക്ക് കടവിൽ വന്നു നിൽക്കുന്നു. തന്റെ കൂടെയുള്ള സകലതിനെയും നദിക്കക്കരെ കയറ്റി, എന്നിട്ടു താൻ ഒറ്റയ്ക്കു ഇക്കരെ തനിച്ചു നിന്നു ദൈവത്തോട് പറയുന്നു " നീ എന്നെ അനുഗ്രഹിക്കേണം " അനുഗ്രഹത്തിന്റെ കൂമ്പാരം അക്കരെ നിൽക്കുമ്പോൾ ഇവനെന്താ അനുഗ്രഹമാണ് ഇനിയും വേണ്ടത് ?
യാക്കോബ് തിരിച്ചറിയുകയാണ് സംതൃപ്തിയുടെ, അനുഗ്രഹത്തിന്റെ നിദാനം അക്കരെ നിൽക്കുന്ന സമ്പത്തല്ല ''അത് യേശുവാണ് '.
ഒരുവൻ പൂർണ്ണമായി കീഴടങ്ങി കഴിയുമ്പോൾ, സമർപ്പിച്ചു കഴിയുമ്പോൾ പിന്നീട് അവന്റെ ഉത്തരവാദിത്തം ദൈവം ഏറ്റെടുക്കും. ഉപായി എന്നുള്ള പേർ മായ്ച്ചു കളഞ്ഞിട്ടു ദൈവത്തിന്റെ പ്രഭു എന്നാക്കി അവനെ മാറ്റുകയാണ്. യബോക്ക് കടവിൽ നിന്നും ഇനിയും യാക്കോബില്ല, ഇനിയും യിസ്രായേൽ...
ദാവീദ് പറയുകാണ് , നീ ഒഴികെ എനിക്ക് ഒരു നന്മയും വേണ്ടാ... ഈ പറച്ചിലിനു ചില്ലറ ധൈര്യം പോരാ സഹോദരങ്ങളെ. വായിച്ചു വിടുവാൻ എളുപ്പമാണ്. പക്ഷെ അങ്ങനെ പറയണമെങ്കിൽ അസാമാന്യ ധൈര്യം ഉണ്ടാവേണം. പിന്നെ മറ്റു അനുഗ്രഹത്തിന്റെയോ, നന്മയുടെയോ പുറകെ പോകില്ലന്നാണ് അതിനർത്ഥം.
അതുപോലെ അസാമാന്യ ധൈര്യം കാട്ടിയ ഒരാൾ ആണ് യോശുവ. മോശയുടെ ശുശ്രുഷക്കാരൻ. ഇത്രയും അനുഭവജ്ഞാനം കൈമുതലായി ഉള്ള ഒരാൾ വേദപുസ്തക ചരിത്രത്തിൽ ഉണ്ടോ എന്നുള്ളത് സംശയമാണ്. മോശയുടെ മരണ ശേഷം യിസ്രായേലിനെ നയിച്ചു വാഗ്‌ദത്ത ദേശമായ കനാൻ ദേശത്തു എത്തിച്ചു എല്ലാ ഗോത്രങ്ങൾക്കും വീതം വച്ച് കൊടുത്തു സ്വസ്ഥമാക്കിയതിനു ശേഷം യോശുവയുടെ പുസ്തകം 23,24 അദ്ധ്യായങ്ങളിൽ തങ്ങളെ നടത്തിയ ദൈവത്തിന്റെ അത്ഭുതങ്ങളെക്കുറിച്ചു എല്ലാം ഒരു ചെറിയ വിവരണം നൽകിയിട്ടു ഇരുപത്തിനാലാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ യിസ്രായേലിനെ നോക്കി യോശുവ പറഞ്ഞു ഞാൻ ഈ പറഞ്ഞതെല്ലാം നിങ്ങൾ കേട്ടു, നാം എവിടെ നിന്നാണ് വന്നത്, നാം ആരാണ്, നമ്മുടെ പിതാക്കന്മാർ ആരാണ് , ഈ ദൈവം നമുക്ക് എന്തു ചെയ്തു, നാം അനുഭവിച്ചറിഞ്ഞതാണ് ... ഇത്രയൊക്കെ മനസ്സിലാക്കിയിട്ടും തിരിച്ചറിഞ്ഞിട്ടും യഹോവയെ സേവിക്കുന്നത് നന്നല്ലായെന്നു നിങ്ങൾക്കു ഒരു തോന്നലുണ്ടാവുകയാണെങ്കിൽ നദിക്കക്കരെ വച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തു കൊള്ളേണം. പക്ഷെ ഞാൻ ഒരു കാര്യം എല്ലാവരും കേൾക്കെ പറയുവാൻ ആഗ്രഹിക്കുന്നു " ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും "
പത്തു മുപ്പതു ലക്ഷത്തിൽ അധികം ഒരു വശത്തും അവരെ നയിച്ചു കൊണ്ട് വന്ന യോശുവ മറുവശത്തും നിന്നിട്ടു അവരെ നോക്കി പറയുകയാണ് ആരൊക്കെ സേവിച്ചാലും സേവിച്ചില്ലെങ്കിലും ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും.
വീടിന്റെ കട്ടളപ്പടിയിൽ എഴുതി വയ്ക്കുവാൻ കൊള്ളാം, പ്രാവർത്തിക ജീവിതത്തിൽ കൊണ്ടുവരുവാൻ ബുദ്ധിമുട്ടാണ്. ഈ പറച്ചിലിലൂടെ ചിലർ ബന്ധങ്ങൾ അവസാനിപ്പിക്കും, ചിലർ ശത്രുക്കളാകും, ചിലർ ഒറ്റപ്പെടുത്തും... ആരൊക്കെ മറുവശത്തു നിന്നാലും ഇങ്ങനെ പറവാൻ അസാമാന്യ ധൈര്യം വേണം. എൺപത്തിയേഴാം സങ്കീർത്തനത്തിൽ കോരഹ് പുത്രന്മാർ പറഞ്ഞു അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് " എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു..."
ദാവീദും യോശുവയും യാക്കോബും കോരഹ്പുത്രന്മാരും തിരിച്ചറിഞ്ഞിട്ടു പരസ്യമായി പ്രഖ്യാപിച്ചതു, ഈ പ്രതികൂല കാലാവസ്ഥയിലും കാഴ്ചയുടെ ലോകത്തു യാതൊന്നും പ്രതീക്ഷ നൽകുന്നില്ലെങ്കിലും നമുക്കും ഒന്നു പറയുവാൻ സാധിക്കുമോ
1. യഹോവേ, ഞാൻ നിന്നെ ശരണമാക്കിയിരിക്കുന്നു
2. നീ എന്റെ കർത്താവാണ്, നീ ഒഴികെ എനിക്കൊരു നന്മയും ഇല്ല
3. പുറത്തു പതിനായിരങ്ങൾ എന്റെ ഈ തീരുമാനത്തിന് എതിരെ നിന്നാലും ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും
4. എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു
പ്രാർത്ഥന : അനേകർ എന്നെ ശത്രുവായി കാണുമായിരിക്കാം എങ്കിലും ഞാൻ നിന്നെ ശരണം പ്രാപിക്കുകയാണ് കർത്താവെ, എനിക്ക് ഒരു അനുഗ്രഹം ഉണ്ടെങ്കിൽ അതു നിന്നിൽ നിന്നു മതി . നീ ഒഴികെ എനിക്ക് ഒരു നന്മയും വേണ്ടാ കർത്താവെ. എന്റെ ഉറവുകൾ എല്ലാം നിന്നിൽ നിന്നിൽ നിന്നാണ്. യേശുവിന് നാമത്തിൽ ആമേൻ ...
0 Responses to "എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു "
Leave a Comment