അത്ഭുതം
അയ്യായിരം പേരെ പന്തി പന്തിയായി പുല്പുറത്തു ഇരുത്തി അപ്പം വിളമ്പുവാൻ ഫിലിപ്പോസിന്റെയും പത്രോസിന്റെയും മറ്റു ശിഷ്യന്മാരുടെ കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ അഞ്ചു അപ്പത്തിന്റെ നുറുക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അല്ലാതെ അപ്പം എല്ലാം ഒരുമിച്ചു തികയുമെന്നു കണ്ടിട്ടല്ല ശിഷ്യന്മാർ വിളമ്പുവാൻ ആരംഭിച്ചത്... ഈ ശിഷ്യന്മാരുടെ ധൈര്യം അപാരമാണെന്നു ഞാൻ ചിന്തിച്ചു പോയി...നമ്മുടെ വീട്ടിൽ ഒക്കെ വിളിച്ചിട്ടു അതിഥികൾ വരുമ്പോൾ പോലും ചോറും കറികളും വിളമ്പുമ്പോൾ കയ്യൊന്നു വിറയ്ക്കും, ഉള്ളൊന്നു കാളും. കൊടുക്കുന്ന ബുദ്ധിമുട്ടുകൊണ്ടല്ല, തികയുമോ എന്ന ആശങ്ക കൊണ്ട്... എന്നാൽ ശിഷ്യന്മാർ അതൊന്നും നോക്കിയില്ല, വിളമ്പുവാൻ പറഞ്ഞു വിളമ്പി, ഞാൻ ആയിരുന്നെങ്കിൽ പിറുപിറുത്തു കൊണ്ടേ വിളമ്പുകയുള്ളാരുന്നു..."ആദ്യമേ പറഞ്ഞതല്ലേ, പുരുഷന്മാർ പോയി ഭക്ഷണം മേടിച്ചു കൊണ്ടുവരാൻ അനുവദിക്കണമെന്ന് . അത് കേൾക്കാതെയല്ലേ ഇപ്പോൾ വെറും അഞ്ചു അപ്പം കൊണ്ട് ഇത്രയും ജനത്തിന് കൊടുക്കുന്നത്"...അവർ അങ്ങനെ ഒന്നും പറഞ്ഞില്ല. കല്പിച്ചു, ചെയ്തു...കാരണം അവർക്കറിയാം, ഇതിന്റെ പുറകാലെ എന്ത് സംഭവിച്ചാലും കർത്താവു നോക്കിക്കൊള്ളുമെന്നു...എനിക്കു അത്ഭുതമായി തോന്നിയത് അയ്യായിരം പേരെ അഞ്ചു വെറു അപ്പം കൊണ്ടു പോഷിപ്പിച്ചു, പന്ത്രണ്ടു കോട്ട നിറച്ചെടുത്തതല്ല, ആ ശിഷ്യന്മാരുടെ ധൈര്യത്തെയാണ്. നോക്കൂ പ്രിയമുള്ളവരേ, ഇതാണ് വിശ്വാസം, എന്തു സംഭവിച്ചാലും മുൻപോട്ടുപോകുവാനുള്ള ധൈര്യം, ദൈവമുഖത്തു നിന്ന് കേൾക്കുന്നതിനു പറ്റില്ല എന്നു പറയാതെ ഭവിഷത്തുകൾ ആലോചിക്കാതെ ചെയ്യുവാൻ കാണിക്കുന്ന ഉത്‌സാഹം...ഇതാണ് കർത്താവിലുള്ള വിശ്വാസം...നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം എഴുതിവെച്ചു, പ്രാർത്ഥിച്ചു നേടിയെടുക്കുമ്പോൾ അല്ല വിശ്വാസം തെളിയിക്കപ്പെടുന്നത്, കർത്താവിനു എന്റെ ജീവിതത്തിൽ എന്തും ചെയ്യുവാനുള്ള അധികാരം കൊടുക്കുന്നതാണ് വിശ്വാസം...ശിഷ്യന്മാർ ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു, ബുദ്ധിയിൽ ചിന്തിച്ചാൽ, അപ്പം കൊടുക്കുമ്പോൾ തികഞ്ഞില്ലെങ്കിൽ നാണം കേടാകുന്ന (മാന്യത നഷ്ടപെടുന്ന ) കാര്യമാണ്....അവർ അങ്ങനെ നമ്മൾ ചിന്തിക്കുന്നത് പോലെ ബുദ്ധിപരമായി ചിന്തിക്കാത്തത് കൊണ്ട് ആ വിരുന്നിന്റെ അവസാനം അവർക്കും ജനത്തിനും ഒരു പോലെ തൃപ്തിയായി...
0 Responses to "അത്ഭുതം"
Leave a Comment