അവന്റെ സൗമ്യത
ഒരു കണ്ണിനും ദയയില്ലാതെയാണ് ഗോഗുൽത്തായിലേക്കുള്ള വഴി നമ്മുടെ കർത്താവു നടന്നു നീങ്ങിയത്...കരുണയുടെ ലാഞ്ചന പോലുമില്ലാത്ത മുഖങ്ങളായിരുന്നു പാതയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞിരുന്നത്... മനസ്സലിഞ്ഞു അവരുടെയിടയിൽ ചെയ്ത സകല പ്രവർത്തനങ്ങളും ഒരു നിമിഷം കൊണ്ടു മറന്നിട്ടായിരുന്നു താൻ മരിക്കേണ്ടവനെന്ന ശബ്‌ദം കൊണ്ട് പാതയോരങ്ങൾ മുഖരിതമായത്... ചാട്ടവാറിന്റെ ശീൽക്കാര ശബ്‌ദങ്ങൾ കൂടിനിന്നവരുടെ കർണ്ണപടങ്ങൾക്കു കുളിരേകുമ്പോഴും കർത്താവിന്റെ പുറം ഉഴവു ചാലുപോലെ കീറുകയായിരുന്നു... മുഖത്തേക്ക് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്ന് സങ്കടത്തോടെ കർത്താവു കണ്ടു... കാൽവരിയിലേക്കുള്ള ദൂരം അകലെയല്ലെന്നു തിരിച്ചറിയുമ്പോഴും അവന്റെ മുഖത്തുനിന്നു പുഞ്ചിരി മാഞ്ഞിട്ടില്ലായിരുന്നു... നമ്മുടെ അകൃത്യങ്ങളും നമ്മുടെ അതിക്രമങ്ങളും നിമിത്തം അവനെ തകർത്തുകളയുവാൻ പിതാവിനു ഇഷ്ടം തോന്നി... നാമുമായി സമാധാനം സ്ഥാപിക്കേണ്ടതിനായി നമ്മുടെ കർത്താവു ശിക്ഷ ഏറ്റെടുത്തു...
പ്രിയമുള്ളവരേ, അവന്റെ സൗമ്യതാണ് നമ്മെ വലിയവരാക്കിയത്, അവൻ ദാരിദ്ര്യം തിരഞ്ഞെടുത്തതുകൊണ്ടാണ് നാം സമ്പന്നരായത്...മറന്നുകളയുവാൻ എളുപ്പമാണ്... ഓർക്കുവാൻ അല്ല, എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കേണ്ടതാണ്... ഇതു നമ്മെ താഴ്മയുള്ളവരാക്കും... താഴ്മ നമ്മെ നന്ദിയുള്ള ഹൃദയത്തിനുടമകളാക്കും...
0 Responses to "അവന്റെ സൗമ്യത"
Leave a Comment