ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപ്പോലെ…
കിടക്കയുടെ അടിയിൽ വച്ചിരുന്ന കൂജയുടെ കഴുത്തിൽ പിടിമുറുക്കി കുടിക്കുവാനായി ചായിച്ചതാണ്... ഒന്നോ രണ്ടോ തുള്ളിമാത്രം ഇറ്റിറ്റു വീണു വായിലേക്ക്... കിടക്കുമ്പോൾ വെള്ളം നിറച്ചുവച്ചതാണ്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന കൂട്ടത്തിൽ കൂജയും കാലിയായി... ജന്നാലയിൽ കൂടി അരിച്ചിറങ്ങിയ ഇത്തിരി വെട്ടത്തിൽ ഭിത്തിയിലെ ഘടികാരത്തിന്റെ സൂചികൾ രണ്ടുമണിയായെന്നു കാണിക്കുന്നു...
പുറത്തു നല്ല കാറ്റുണ്ട്. ജന്നൽ ചില്ലകളിൽ മഴത്തുള്ളികളിൽ രണ്ടുമൂന്നെണ്ണം ശക്തിയായി പതിച്ചു. തിരിഞ്ഞും മറിഞ്ഞും കിടക്കുവാൻ തുടങ്ങിയിട്ടു മണിക്കൂറുകളായി... നിദ്രയ്ക്കു എന്റെ കൺപോളകളെ തലോടുവാൻ ഒട്ടും താല്പര്യമില്ലാത്തതുപോലെ... ഭാര്യയും മക്കളും ഗാഢനിദ്രയിലാണ്... ഉറക്കം വരാത്തത് എനിക്ക് മാത്രമാണോ?... എനിക്ക് നേരെ നിദ്ര തന്റെ വാതിലുകൾ തഴുതിട്ടു പൂട്ടിയിരിക്കുകയാണ്.... കടക്കാരന് ഉറങ്ങാൻ കഴിയില്ല... ആധിയോടെ കാത്തിരുന്ന, ഭയപ്പെടുത്തിയ ദിവസം നാളെയാണ്...
ജന്നൽപ്പാളികൾ വീണ്ടും ശക്തിയോടെ ചേർന്നടഞ്ഞു... ജന്നൽപ്പാളികളിലൂടെ ഇരുട്ടിലേക്കു നോക്കുവാൻ എനിക്കു ഭയമായി... തീരുമാനങ്ങൾ എടുക്കുവാൻ കഴിയാത്തവൻ ഒന്നിനും കൊള്ളാത്തവനാണ്... ധൈര്യമില്ലാത്തവനാണ്... വിശ്വാസം നഷ്ട്ടപ്പെട്ടവനാണ്... എല്ലാം നഷ്ട്ടപ്പെടുത്തിയവനാണ്...
എന്തു ചെയ്യും... എങ്ങനെ... ഈ രാത്രി പുലരാതിരുന്നെങ്കിലെന്നു ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു... ഇനിയുമുള്ള പുലർകാലം കാണുവാൻ കഴിയാതെ ഈ രാത്രി നീണ്ടുപോയിരുന്നുവെങ്കിൽ... ഉദിക്കുവാൻ ആദിത്യൻ മറന്നു പോയിരുന്നെങ്കിൽ... പാടിയുണർത്തുവാൻ കിളികൾ ഉണരാതിരുന്നുവെങ്കിൽ... ഒന്നിനും കൊള്ളാത്തവനായി... ഭാര്യയെയും മക്കളെയും വിറ്റു കടം വീട്ടുന്ന ഗതികെട്ടവൻ... ജീവിച്ചിരുന്നിട്ടു ഇനിയും എന്താണ് കാര്യം... പുറത്തെ കൂരിരുട്ടിലേക്കു നോക്കുവാൻ ഭയന്നു തലയിണയിലേക്കു ഞാൻ മുഖമമർത്തി... കണ്ണുനീർകണങ്ങൾ ഇരുവശത്തൂടെ ഒഴുകി തലയിണയെ നനയിച്ചു കൊണ്ടേയിരുന്നു... നാളെമുതൽ കിടക്കേണ്ട കാരാഗ്രഹത്തിനും ഇരുട്ടിന്റെ നിറമാണല്ലോ എന്നോർത്ത് ഞാൻ നെടുവീർപ്പെട്ടു... ഇനിയുമൊരു തിരിച്ചു വരവില്ലായെന്ന യാഥാർഥ്യം അസ്ഥികളെ മരവിപ്പിച്ചു...
തണുത്ത കാറ്റു ശീൽക്കാരത്തോടെ മഴയുടെ വരവറിയിച്ചു... സുഖമുള്ള നിദ്രയാസ്വദിക്കേണ്ട പുലർകാലമാണ്... പക്ഷേ ഞാൻ മാത്രം അതൊന്നും ആസ്വദിക്കാനാവാതെ പ്രാണഭയത്തിലാണ്... എന്റെ അരികെ പുതപ്പിനുള്ളിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞിനെ ഒന്നുകൂടി ഞാൻ ചേർത്തു കിടത്തി… രണ്ടു ധ്രുവങ്ങളിലേക്കുള്ള യാത്ര എത്ര കഠിനമെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു... സങ്കടം നിയന്ത്രിക്കാനാവാതെ എന്റെ കൺതടങ്ങൾ നിറഞ്ഞു ഒഴുകികൊണ്ടേയിരുന്നു...
ആഗ്രഹിച്ചതൊന്നും സാധിച്ചില്ല... നേരം പുലരാതിരുന്നില്ല... ഉദിക്കുവാൻ ആദിത്യൻ മറന്നില്ല... പാടി ഉണർത്താതിരിക്കുവാൻ കിളികൾ ഉണരാതിരുന്നില്ല... പുലർകാലം കാണാതിരിക്കുവാനായി രാത്രിയും നീണ്ടുപോയില്ല...
പതിവില്ലാതെ നേരത്തെതന്നെ ഞാൻ ഉണർന്നു... ഉറങ്ങിയാലല്ലേ ഉണരേണ്ടതുള്ളൂ... കയ്യിലെ കട്ടൻ കാപ്പിയുമായി ഞാൻ ഉമ്മറത്തേക്കു നടന്നു... പറമ്പിന്റെ അങ്ങേത്തലയ്ക്കൽ കൂടി ഒഴുകുന്ന പുഴയിൽക്കൂടി തുഴക്കാർ മതിമറന്ന സന്തോഷത്തോടെ വഞ്ചി തുഴഞ്ഞു പോകുന്നു... ഓരോ ദിവസവും ഉണരുമ്പോൾ നൽകുന്ന മനോഹരകാഴ്ചകൾ ഇനിയും മുൻപിലുണ്ടാവില്ല...
ഒന്നോ രണ്ടോ പണമല്ല തിരിച്ചടയ്ക്കുവാനുള്ളത്, പതിനായിരം താലന്താണ്. കൂട്ടുകാർക്കോ വീട്ടുകാർക്കോ ബന്ധുക്കൾക്കോ ആർക്കും തന്നെ സഹായിക്കുവാൻ സാധ്യമല്ല. ഇനിയും സഹായിക്കുവാൻ കഴിയുന്ന ഒരേയൊരാൾ യജമാനൻ മാത്രമാണ്. കടം ഇളെച്ചു തരുവാൻ, കരുണ തോന്നുവാൻ പ്രാപ്തിയുള്ള ഒരേഒരു മുഖം യജമാനന്റെതു മാത്രമാണ്. വീണ്ടെടുപ്പു വില കൊടുപ്പാൻ പ്രാപ്തിയുള്ളവൻ.
എന്റെ ഊഴവും കാത്തു വെളിയിൽ നിൽക്കുമ്പോൾ യജമാനന്റെ സന്നിധിയിൽ നിന്നു മടങ്ങിവരുന്ന ഓരോ മുഖങ്ങളിലുമുള്ള ആശ്വാസത്തെ ഞാൻ വായിച്ചറിഞ്ഞു. ഇളെച്ചു തരുവാൻ യാചിക്കേണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒന്നുകിൽ തടവറ... അല്ലെങ്കിൽ മനസ്സലിവ്...
യജമാനന്റെ മുൻപിൽ നിൽക്കുമ്പോൾ കാലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു... സംസാരിക്കുവാൻ കഴിയാതെവണ്ണം ഉമിനീരു പറ്റുന്നത് പോലെ... ശരീരത്തിനു തളർച്ച പിടിപ്പെടുന്നതുപ്പോലെ... ഭാര്യയെയും മക്കളെയും സകലതും വിറ്റു കടം വീട്ടുവാനുള്ള ആജ്ഞ താങ്ങാവുന്നതിലും അധികമായിരുന്നു... സകലവും തന്നു തീർക്കാം എന്നു പറയുമ്പോഴും അറിയാമായിരുന്നു, ഒരിക്കലും നടക്കാത്ത കാര്യമാണെന്ന്... എങ്കിലും പറഞ്ഞു... “ദയ തോന്നേണം... തന്നു തീർക്കാം...” യജമാനന്റെ മുഖത്തെ മന്ദസ്മിതം പരിഹാസത്തിന്റെതല്ലായിരുന്നു... നിസ്സഹായനായവനാണ് മുൻപിൽ നിൽക്കുന്നത് എന്നുള്ള തിരിച്ചറിവിന്റേതായിരുന്നു... ഒരു ആയുസ്സു മുഴുവനും കൊടുത്താലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത കടത്തെ ഒരു നിമിഷം കൊണ്ടു യജമാനൻ എഴുതിത്തള്ളി... യജമാനന്റെ മുഖത്തു നിന്നു കേട്ട വാക്കുകൾ വിശ്വസിക്കുവാൻ കഴിയാത്തതായിരുന്നു... യജമാനൻ എന്നോടു കാണിച്ച കൃപ എന്നെ കടത്തിൽ നിന്നും സ്വതന്ത്രനാക്കിയിരിക്കുന്നു... യജമാനന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു... തടവറ മാത്രം മുൻപിൽ കണ്ടു വന്ന ഞാനിപ്പോൾ മുഴുവൻ സ്വതന്ത്രനായിരിക്കുന്നു. തലേരാത്രിയിൽ അനുഭവിച്ച വ്യഥകൾ, പിരിമുറുക്കം, എല്ലാം യജമാനന്റെ ഒറ്റ വാക്കിനാൽ അലിഞ്ഞു ഇല്ലാതായിരിക്കുന്നു... ക്ഷമ കിട്ടിയവരുടെ നീണ്ട നിര മുൻപിലും കിട്ടാനുള്ളവരുടെ നിരയെ പിന്തള്ളിയും കൊണ്ട് ഞാൻ ഇറങ്ങി നടന്നു...
ശ്ശെടാ... ഇവൻ യജമാനനും കടം കൊടുക്കുവാനുണ്ടോ ? നീണ്ട നിരയുടെ ഇടയിൽ എനിക്ക് പണം തരുവാനുള്ളവനെ കണ്ടപ്പോൾ എനിക്കു വല്ലാത്ത അരിശം വന്നു... ഞാൻ പതിനായിരം കൊടുക്കുവാനുണ്ടെങ്കിൽ ഇവൻ എത്രമാത്രം കൊടുക്കുവാനുണ്ടാകും? എന്നോടു ക്ഷമിച്ചതുപോലെ ഇവനോടെന്തായാലും അദ്ദേഹം ക്ഷമിക്കില്ല. എന്നെപ്പോലെയാണോ ഇവൻ?... എന്റെ കയ്യിൽ നിന്നു നൂറു വെള്ളിക്കാശു വാങ്ങിച്ചിട്ടു ദിവസങ്ങളായല്ലോ... കുടുംബത്തിന്റെ പ്രാരാബ്‌ധം കണ്ടിട്ടാണ് എടുത്തു കൊടുത്തത്. അതും കടം മേടിച്ചതിൽ നിന്നുമാണ് എടുത്തു കൊടുത്തത്... ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... എന്റെ നല്ല സ്വഭാവം കൊണ്ടും ഞാൻ മര്യാദക്കാരനായതു കൊണ്ടും ഞാൻ കൊടുക്കുവാനുള്ളതിൽ നിന്നും പതിനായിരം താലന്ത് ഇളെച്ചു നൽകിയത്... എന്നു വിചാരിച്ചു ഇവനിങ്ങനെയാണോ? എത്രവട്ടമെന്നുവച്ചാണ് ക്ഷമിക്കുക. ഇതിപ്പോൾ അവധിയെത്രയായി? സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ... ദേക്ഷ്യവും സങ്കടവും എല്ലാം കൊണ്ട് എന്റെ കയ്യും കാലും വിറച്ചു... യജമാനന്റെ മുൻപിൽ നിന്നു പേടിച്ചു വിറച്ചതുപ്പോലെ... ചോദിക്കുവാനും പറയുവാനും ഒന്നും നിന്നില്ല... തൊണ്ടയ്ക്ക് പിടിച്ചു ഞെക്കിക്കൊണ്ടു ഞാൻ പറഞ്ഞു "എനിക്കിനിയും ഒരു അവധിയും കേൾക്കേണ്ട...നീ ഇനിയും എനിക്കു തരുവാനുള്ള നൂറു വെള്ളിക്കാശു തിരിച്ചു തന്നിട്ടു തടവറയിൽ നിന്നും പുറത്തു ഇറങ്ങിയാൽ മതി..ഇവിടെ നിയമവും ന്യായവും ഉണ്ടോയെന്നു ഞാൻ നോക്കട്ടെ...അവിടെ കൂടിനിന്നു അവന്റെ പക്ഷം പറഞ്ഞു കുറച്ചു അവധിക്കൂടെ കൊടുക്കുവാൻ ശുപാർശ ചെയ്‌ത ആരുടെയും വാക്കു ഞാൻ കേട്ടില്ല... ഒരു ദാക്ഷ്യണ്യവും അവൻ അർഹിക്കുന്നില്ല എന്നെനിക്കറിയാമായിരുന്നു...
"ദുഷ്ടദാസനെ"യെന്നുള്ള സംബോധനയാണ് എന്റെ സ്ഥലകാലബോധം വീണ്ടെടുത്തത്... കുറച്ചുമുമ്പ് തന്റെ മുഖത്തു കണ്ട ആർദ്രതയല്ല മറിച്ചു കോപത്തിന്റെ ഭാവമായിരുന്നു എനിക്ക് യജമാനന്റെ മുഖത്തു കാണുവാൻ കഴിഞ്ഞത്... ആ മുഖത്തേക്കു അധികം നോക്കിനിൽക്കുവാൻ എനിക്കു കഴിഞ്ഞില്ല... ദണ്ഡിപ്പിക്കുന്നവരുടെ കയ്യിലേക്കാണ് എന്നെ എറിഞ്ഞുകൊടുക്കുന്നതു എന്നു കൂടി കേട്ടതോടെ എന്റെ മുഖത്തെ രക്തം വാർന്നു പോകുന്നതുപോലെ എനിക്ക് തോന്നി... കാലുകൾക്കു ബലമില്ലാത്തതുപോലെ... എന്റെ ബുദ്ധിമോശം വലിയ വിനാശം എനിക്കു നല്കിയിരിക്കുന്നു... ആ നൂറു വെള്ളിക്കാശു അവനു ഇളെച്ചു കൊടുത്താൽ മതിയായിരുന്നു... ഒരു പക്ഷേ അവനു വീട്ടുവാൻ കഴിയുന്ന പണമേ ഉണ്ടായിരുന്നുള്ളു... എന്നാൽ എന്റെ കടം അങ്ങനെയല്ല... പതിനായിരം ഇളെച്ചു കിട്ടുവാൻ എന്റെ യോഗ്യതയായിരുന്നു മാനദണ്ഡമെന്നു ഞാൻ വെറുതെ വിചാരിച്ചു... കടക്കാരന്റെ മനോവ്യഥയും ഭാര്യയെയും മക്കളെയും പിരിഞ്ഞു ജീവിതകാലം മുഴുവൻ തടവറയിൽ കിടക്കുന്ന വിഷമങ്ങളും എല്ലാം തിരിച്ചറിയാമായിരുന്നിട്ടും ഞാൻ ആ കൂട്ടുദാസനോടു ക്ഷമിച്ചില്ല... പരിണിതഫലമാണ് ഞാൻ അനുഭവിക്കുന്നത്...
നാം ചെയ്ത സകല പാപങ്ങളും, ആരോടും പറയുവാൻ കഴിയാത്തതു, സമൂഹത്തിന്റെ മുൻപിൽ പറഞ്ഞാൽ, മറ്റുള്ളവർ അറിഞ്ഞാൽ നമ്മെ ആട്ടിപ്പായിക്കുമായിരുന്ന ഗുരുതര പാപങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ ലജ്ജ തോന്നുന്ന സകല പാപങ്ങളും, നമുക്കുള്ള സകലതും വിറ്റു കടം വീട്ടുവാൻ ശ്രമിച്ചാലും കൊടുത്തു തീർക്കുവാൻ കഴിയാത്ത കടം, ഒരു നിമിഷം മനസ്സലിഞ്ഞു ഇളെച്ചു കിട്ടിയിട്ടു, മറ്റുള്ളവർ നമ്മോടു ചെയ്ത ഗുരുതരമല്ലാത്ത വീഴ്ചകൾക്കു ക്ഷമിക്കുവാൻ കഴിയുന്ന നിസ്സാര തെറ്റുകൾക്കു അവരുടെ ഭാഗം കേൾക്കുവാൻ തയ്യാറാകാതെ സംസാരിക്കുവാൻ അനുവദിക്കാതെ ന്യായങ്ങൾ ഒന്നു കേൾക്കുവാൻ നിന്നു കൊടുക്കാതെ നാം തൊണ്ടയ്ക്കു പിടിച്ചു ഞെക്കി തുറുങ്കിലടയ്ക്കുകയാണ്... നമ്മുടെ മുൻപിലത്തെ പാപങ്ങളുടെ ശുദ്ധീകരണം നാം മറന്നു പോകുകയാണ്... യജമാനനു ഒന്നേ പറയുവാനുള്ളു ഹൃദയപൂർവ്വം ക്ഷമിക്കാത്തവനു സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്നു ക്ഷമയില്ല... “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല”. (മത്തായി 6:14-15) പ്രാർത്ഥന പഠിപ്പിക്കുമ്പോൾ കർത്താവു പറഞ്ഞതിങ്ങനെയാണ് "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും ക്ഷമിക്കണമേ" പ്രാർത്ഥനയുടെ ഇടയിൽ കർത്താവു ഒരു ഉപാധി വച്ചതു ഇതിനു മാത്രം...
0 Responses to "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപ്പോലെ…"
Leave a Comment