ഇതാ എന്റെ ഒപ്പ്…
"അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആരും ഇല്ലല്ലോ" ദൈവത്തിന്റെ സാക്ഷ്യമാണ് ഇയ്യോബിനെക്കുറിച്ച്. ഇയ്യോബിന്റെ പുസ്തകം മുപ്പത്തിയൊന്നാം അദ്ധ്യായം പഠിക്കുമ്പോൾ യേശുകർത്താവ് ഗിരിപ്രഭാഷണത്തിൽക്കൂടി (മത്തായി :5-7) സംസാരിച്ച കാര്യങ്ങൾ ചെയ്തവനാണ് ഇയ്യോബ് എന്നു നമുക്കു മനസ്സിലാക്കുവാൻ സാധിക്കും. പിന്നെ എന്തുകൊണ്ട് ദൈവം ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടത അനുവദിച്ചു. ഇത്രയും നാൾ ഇഷ്ടംപ്പോലെ ധനവും മാനവും കീർത്തിയും ആടുമാടുകളും ദാസീദാസന്മാരുമായി ഒക്കെ സുഖിച്ചു ജീവിച്ചതല്ലെ, ഇനിയും കുറേനാൾ അവൻ കഷ്ടപ്പെടട്ടെ എന്നു വിചാരിച്ചതാണോ? അതോ, നമ്മൾ ഗ്രഹിച്ചുവച്ചിരിക്കുന്നതുപ്പോലെ കുറച്ചുകഷ്ടമനുഭവിച്ചാലെന്താ അതിന്റെ അവസാനം ഇരട്ടിയാക്കി കിട്ടിയില്ലേ, അതിനായി അവന്നു കഷ്ടത അനുവദിച്ചതാണ്. അങ്ങനെ നാമും ചിന്തിക്കാറുണ്ട്. ഇയ്യോബിനെ കഷ്ടതയിൽകൂടി കടത്തിവിട്ടു, അതിനുശേഷം അവനു സകലതും ഇരട്ടിയാക്കി കൊടുത്തു. അപ്പോൾ നമ്മുടെ ജീവിതത്തിലും ഇരട്ടിയാക്കി കിട്ടുമെന്നു സ്വപ്നം കണ്ടു ജീവിക്കുകയും കഷ്ടത എന്തിനായി അനുവദിച്ചു എന്നുള്ള ദൈവയോദ്ദേശം നഷ്ടമാക്കുകയും ചെയ്യും. മേമ്പൊടിക്കു നാം ഇത്രയും കൂടെ ചെയ്തു വെക്കും, സഹോദരന്മാർക്കുവേണ്ടി പ്രാർത്ഥിക്കും, അപ്പോൾ നമ്മുടെ ആവശ്യങ്ങൾ എല്ലാം ദൈവം നിവർത്തിക്കുമെന്നുള്ള സ്വാർത്ഥോദ്ദേശത്തോടുക്കൂടി. യഥാർത്ഥത്തിൽ ദൈവം ഇയ്യോബിന്റെ ജീവിതത്തിൽ സമ്പത്തുകളും അനുഗ്രഹങ്ങളും ഇരട്ടിപ്പിക്കുന്നതിനുവേണ്ടിയാണോ കഷ്ടത അനുവദിച്ചത്? അതോ കുറച്ചുംകൂടി കടത്തിചിന്തിച്ചാൽ സാത്താൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചപ്പോൾ അവന്റെ മുൻപിൽ തെളിച്ചുകൊടുക്കുവാൻ വേണ്ടി മാത്രമോ? പാപങ്ങളുടെ ബഹുത്വം നിമിത്തമാണോ കഷ്ടതകൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്? നാം ചെയ്ത പാപങ്ങളുടെ ബഹുത്വം നിമിത്തമാണ് കഷ്ടതകൾ അനുഭവിക്കുന്നത് എന്നു നമുക്കു പൂർണ്ണമായും പറയുവാൻ സാധ്യമല്ല. കാരണം ഇയ്യോബിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതാണ്. ദൈവം തന്നെ അദ്ദേഹത്തിനു 'good certificate' കൊടുത്തതാണ്. “അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ...”(ഇയ്യോബ് 1:8, 2:3) ഇയ്യോബിനെപ്പോലെ ഭൂമിയിൽ ആരും നീതിമാനായി ഇല്ലാത്തതിനാൽ നേരിട്ടു സ്വർഗ്ഗപ്രവേശം സാധ്യമായിരുന്നു. പക്ഷെ ദൈവം ഇയ്യോബിന്റെ ജീവിതത്തിലും കഷ്ടത അനുവദിച്ചു. ഇയ്യോബിന്റെ പുസ്തകത്തിലുടനീളം ഇയ്യോബും സമർത്ഥിക്കുന്ന ഒരു കാര്യം ഞാൻ മറ്റുള്ളവരിൽ നിന്നും വിഭിന്നനാണ് എന്നാണ്. ഇയ്യോബ് തനിക്കുതന്നെ നീതിമാനായി തോന്നി (32:1) ഇയ്യോബ് തന്നെ താരതമ്യം ചെയ്തത് തന്റെ ചുറ്റിലുമുള്ള മനുഷ്യരോടായിരുന്നു. വ്യക്തമായി വായിച്ചാൽ ദൈവവും സാക്ഷ്യം പറയുന്നത് അങ്ങനെത്തന്നെയാണ്. ഭൂമിയിൽ അവനെപ്പോലെ ആരും ഇല്ലല്ലോ എന്നാണ്.
മനുഷ്യജീവിതത്തിലെ 'കഷ്ടതകൾ' നമ്മെ അച്ചടക്കം (discipline) പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. 'അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?' ക്രിസ്തിയ ജീവിതത്തിൽ കഷ്ടതകൾ ഇല്ലാതിരിക്കുമ്പോഴാണ് നാം ഭയക്കേണ്ടത്. ബാലശിക്ഷ കൂടാതെയാണ് നാം വളരുന്നതെങ്കിൽ നാം പിതാവിന്റെ മക്കളല്ല, ജാരസന്തതികളുടെ ഗണത്തിൽപ്പെടും. (എബ്രായർ 12:8) "കർത്താവു താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു."(എബ്രായർ 12:6) അച്ചടക്കമുള്ള ജീവിതത്തിലൂടെ നമ്മെ പ്രത്യാശയുടെ തീരത്തേക്കു എത്തിക്കുവാനാണ് കഷ്ടതകൾ നമുക്ക് അനുവദിച്ചു നൽകുന്നത്. ക്രിസ്തിയ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നിത്യജീവനാണ്. നിത്യജീവനിലേക്കു നാം പ്രവേശിക്കുവാൻ അച്ചടക്കമുള്ള ജീവിതം അനിവാര്യമാണ്.
മക്കളുടെ കാര്യത്തിലും ഇയ്യോബ് ജാഗ്രതയുള്ളവനായിരുന്നു. മക്കൾ തെറ്റുചെയ്തു പോയിട്ടുണ്ടാകുമോ, ആഘോഷങ്ങളിൽ മതിമറന്നു ദൈവത്തെ ത്യജിച്ചു കാണുമോ എന്നു ഭയന്നു മക്കൾക്കായി യാഗം അർപ്പിക്കുന്നു. ദൈവത്തെ ത്യജിച്ചു പറഞ്ഞിട്ടു ആത്മഹത്യ ചെയ്യുവാൻ പറയുന്ന ഭാര്യയെ പൊട്ടിയെന്നു പറഞ്ഞു തർജ്ജനം ചെയ്യുന്നു. ഇവയിലൊന്നും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല എന്നു നാം കാണുന്നു.
മുപ്പത്തിയൊന്നാം അദ്ധ്യായം പറഞ്ഞവസാനിപ്പിച്ചു എന്നെ ശിക്ഷിക്കുവാൻ എന്തെങ്കിലും കാരണങ്ങളുടെങ്കിൽ ആവാം എന്നു പറഞ്ഞു ഇയ്യോബ് ഒപ്പിട്ടു നൽകുന്നു. മുപ്പത്തിരണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്, തന്റെ നീതിപ്രവർത്തികളിൽ തനിക്കുത്തന്നെയും കൂടെയുള്ളവർക്കും നീതിമാനായിതോന്നിയ ഇയ്യോബിനെകണ്ടുകൊണ്ടാണ്.
സൂഹൃത്തുക്കളുമായുള്ള സംവാദം അവസാനിപ്പിച്ചു ദൈവം നേരിട്ട് സംസാരിച്ചു തുടങ്ങുമ്പോൾ ഇയ്യോബിനു ചിത്രം വ്യക്തമാകുന്നു. "ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമെ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു" (42:5) മറ്റുള്ളവരുമായുള്ള താരതമ്യത്തിൽ ഇയ്യോബിനു തന്നെത്തന്നെ വിശുദ്ധനായി ദർശിക്കുവാൻ കഴിഞ്ഞെങ്കിലും വിശുദ്ധനായ ദൈവത്തെ കാണുമ്പോൾ, തന്റെ കാഴ്ചപ്പാടുകൾ മാറുന്നു. ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടത ദൈവം അനുവദിച്ചില്ലായിരുന്നുവെങ്കിൽ ഈ അവസാന ഒരിക്കലും ഉണ്ടാകുകയില്ലായിരുന്നു.
മറ്റുള്ളവരുടെ തെറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ നാം വിശുദ്ധരെന്നു നമുക്കുതന്നെ തോന്നാം. എന്നാൽ നമ്മുടെ താരതമ്യം വിശുദ്ധിയുടെ കാര്യത്തിൽ അതു യേശുവിനോടുമാത്രമാകേണം എന്നു ഇയ്യോബിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അപ്പോൾ നമുക്കു നിലവിളിയുണ്ടാകും, ഞാൻ നിസ്സഹാനായ മനുഷ്യനാണ്, അങ്ങയുടെ മുൻപിൽ നിൽക്കുവാനുള്ള യോഗ്യത എനിക്കില്ല എന്നുള്ള ഏറ്റുപറച്ചിൽ ഉണ്ടാകും. ഇതാണ് ഇയ്യോബിന്റെ ജീവിതത്തിലെ കഷ്ടത നമ്മെ പഠിപ്പിക്കുന്നത്.
ദൈവം അനുവദിച്ച കഷ്ടതകൾക്കുള്ള ദൈവോദ്ദേശം മനസ്സിലാക്കാതെ പ്രവാചകന്മാരുടെ അടുത്തേക്കു അദ്ദേഹം പോയില്ല. ദൈവം തന്നോട് സംസാരിക്കുവാനായി ഇയ്യോബ് അവസരത്തിനായി ദീർഘനാളുകൾ കാത്തിരുന്നു.
പിന്നീട് ദൈവം തന്റെ ജീവിതത്തിൽ അനുവദിച്ച നൂറ്റിനാല്പതു സംവത്സരം, നിശ്ചയമായും ആദ്യത്തെ സമൃദ്ധിയുടെയും തന്റെ നീതിപ്രവർത്തികളുടെ മുൻപിൽ ജീവിച്ചു തീർന്നതുപോലെയാകില്ല, പിന്നീടുള്ള സംവത്സരങ്ങൾ. ദൈവത്തെ ദർശിച്ച ഭക്തന്റെ, തന്റെ വിശുദ്ധി മനുഷ്യരോടല്ല ദൈവത്തോടു താരതമ്യം ചെയ്യുന്ന ഭക്തനായിട്ടാണ് ഇയ്യോബ് ജീവിച്ചിട്ടുണ്ടാകുക. ഇയ്യോബിനെ നാം മനസ്സിലാക്കിയതിൽ ആദ്യത്തേതിലും ഇരട്ടിയായി നൽകിയ ധനവും സമൃദ്ധിയും മാത്രം എടുത്തിട്ട് ദൈവോദ്ദേശത്തിന്റെ ആഴത്തെ നമ്മൾ ഉപേക്ഷിച്ചു. "ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു"(42:12) അനുഗ്രഹമെന്നതു ദൈവത്തെ ദർശിക്കുക എന്നുള്ളതാണ്. കഷ്ടത എന്നത് നമ്മെ അച്ചടക്കത്തിലൂടെ ദൈവോദ്ദേശം പഠിപ്പിക്കുവാനും...
0 Responses to "ഇതാ എന്റെ ഒപ്പ്…"
Leave a Comment