ഞാൻ ഒരുത്തൻ മാത്രം... ശേഷിച്ചിരിക്കുന്നു...
നമുക്കു സമസ്വഭാവമുള്ള ഏലീയാവിന്റെ ചരിത്ര വഴികളിലൂടെ...
ബൈബിളിന്റെ ആധികാരികത, അതിന്റെ സൗന്ദര്യം തുളുമ്പി നിൽക്കുന്നത് വിശ്വസനീയമായ എഴുത്തുകളിലാണ്. ആദിയോടന്തം പരിചയപെടുത്തുന്ന മനുഷ്യ ജീവിതങ്ങളിൽ അമാനുഷികത ഇല്ലെന്നുള്ളതാണ് അതിനെ ഏറെ വിശ്വസിനിയമാക്കുന്നത്. ഒരു സാധാരണ മനുഷ്യജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റക്കുറച്ചിലുകൾ എല്ലാം ചെത്തലും (തിരുത്തലുകളില്ലാതെയും) വച്ചുകെട്ടുകളില്ലാതെയും അവതരിപ്പിക്കുന്ന പുസ്തകമാണ് തിരുവചനം. സാധാരണക്കാരായ നമ്മെ നിത്യത ലക്ഷ്യമാക്കി ജീവിക്കുവാൻ പഠിപ്പിക്കുന്ന ദൈവശ്വാസീയമായ വചനങ്ങൾ. പഴയതും പുതിയതുമായ ഭക്തന്മാരുടെ ജീവിതകഥകളിലൂടെയുള്ള എന്റെ യാത്രയിൽ അവരിലൂടെ ചെയ്തെടുത്തതു മിക്ക അത്ഭുതപ്രവർത്തികളും എന്നെ അത്ഭുതപ്പെടുത്താറില്ല. ആ അത്ഭുതം സംഗീതങ്ങളിലൂടെ പുറത്തു വന്നാലും വികാരവിക്ഷോഭനായി തീരുവാൻ എനിക്കു സാധിച്ചട്ടില്ല. എന്നാൽ ഇനിയും നടക്കുവാൻ പോകുന്ന മഹാത്ഭുതം (കർത്താവിന്റെ മടങ്ങിവരവ് ) എന്നെ തെല്ലൊന്നുമല്ല കൊതിപ്പിക്കുന്നത്. അവ സംഗീതമായി പരിണമിക്കുമ്പോൾ അവയിൽ എന്റെ വികാരമേറാറുണ്ട്. വീണ്ടും വീണ്ടും അതിന്റെ വരികൾ ആവർത്തിക്കാത്തതിനാൽ പാടുന്നവരോടു എനിക്കു അമർഷം തോന്നാറുണ്ട്. ദൈവഭക്തന്മാരിലൂടെ ചെയ്തെടുക്കുന്ന അത്ഭുത പ്രവർത്തികളെക്കാൾ എന്നെ സ്വാധിനിച്ചിട്ടുള്ളത് അവയുടെ ഇടയിൽ കൂടെ തന്റെ ഭക്തന്മാരെ പണിതെടുക്കുന്ന കർത്താവിന്റെ ഹൃദയത്തെയാണ്.
അവരിലൂടെ നടന്ന അത്ഭുതപ്രവർത്തികൾ എന്റെ ജീവിതത്തിൽ പ്രയോഗികമാക്കുന്നതിനേക്കാൾ ദൈവം പഠിപ്പിച്ച പാഠങ്ങൾ അവരെങ്ങനെ ഉൾകൊണ്ടെന്നും, അവർ എങ്ങനെ ജീവിതത്തെ ക്രമീകരിച്ചെന്നും ദൈവത്തിന്റെ ഹൃദയത്തെ തിരിച്ചറിഞ്ഞു അതിനോടു അവർ എങ്ങനെ പ്രതികരിച്ചെന്നുമുള്ളതുമാണ് എന്നെ അത്ഭുതപ്പെടുത്താറുള്ളത്.
തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരാളുടെ ജീവിതം പഠിക്കുവാൻ ഇറങ്ങുമ്പോൾ ആ വ്യക്തിയോടൊപ്പം ദീർഘദിവസങ്ങൾ ഞാൻ താമസിക്കാറുണ്ട്. അവർ പോകുന്നതിനൊപ്പം സഞ്ചരിക്കാറുണ്ട്. അവർ ഏറ്റവും കൂടുതൽ ഇടപഴകുന്നവരുമായി ഞാൻ ചങ്ങാത്തം കൂടാറുണ്ട്.
അങ്ങനെ വലിയ അത്ഭുതങ്ങളിലൂടെ സഞ്ചരിച്ചു വേദപുസ്തക ചരിത്രത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഗ്രഗണ്യനാണ് ഏലിയാവ്. അത്ഭുതങ്ങളിലൂടെ നടന്ന ഏലിയാവ്. യിസ്രായേൽ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ രാജാവും അവന്റെ ക്രൂരയായ ഭാര്യയും ഭരണം കയ്യാളുന്ന സമയത്തു ആരെയും കൂസാതെ അവരുടെ പാപങ്ങളെ വിളിച്ചു പറയുവാൻ ധൈര്യം കാണിച്ച യോദ്ധാവ്. നീയും നിന്റെ പിതൃഭവനവും ആണ് യിസ്രായേലിന്റെ നാശത്തിനു കാരണക്കാരെന്നു എന്തും ചെയ്യുവാൻ മടിക്കാത്തവരുടെ മുഖത്തു നോക്കി സധൈര്യം പറഞ്ഞവൻ.
ബാലിന്റെ നാനൂറ്റമ്പതും ഇസബേൽ ചൊല്ലും ചോറും കൊടുത്തു വളർത്തുന്ന അശേരയുടെ നാനൂറുമായ പ്രവാചകന്മാരെ നിർദ്ധാക്ഷണ്യം വെട്ടിക്കൊന്നവൻ. എന്റെ ദൈവമാണ് ജീവിക്കുന്ന ദൈവമെന്നു ശത്രുപക്ഷത്തിനും സ്വന്തം പക്ഷത്തിനും തെളിയിച്ചു കൊടുത്തവൻ. മഞ്ഞും മഴയും ഞാൻ പറയാതെ ഉണ്ടാകില്ലായെന്നു തെളിയിച്ചവൻ. ഇതിലേറെ വിശേഷണത്തിന് യോഗ്യനാണ് ഏലിയാവ്.
തന്റെ ആഹാരം ആരുമായും പങ്കുവയ്ക്കാത്ത കാകനിൽ കൂടെയും വിധവയിൽ കൂടെയും തന്നെ പരിപാലിച്ച ദൈവത്തിനു ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു എന്നു ചിന്തിച്ചാൽ തെറ്റു പറയുവാനാവില്ല. നമ്മെ നിരന്തരം തന്റെ ശുശ്രുഷയ്ക്കായി ഉപയോഗപ്പെടുത്തുമ്പോൾ, വെളിപ്പാടുകൾ അധികമായി നൽകുമ്പോൾ ചിന്തിച്ചു പോകരുത് ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു എന്ന്. വെളിപ്പാടുകളുടെ ആധിക്യത്താൽ നിഗളിച്ചു പോകുവാൻ സാധ്യതയള്ളതിനാൽ പൗലോസ് അപ്പോസ്തോലനോട് കർത്താവു പറയുന്നു നിന്റെ ജഡത്തെ കുത്തുവാനായി സാത്താന്റെ ദൂതനെ തന്നെ ഒരു ശൂലവുമായി നിർത്തുകയാണ്.
എത്ര വലിയ ശുശ്രുഷ ചെയ്താലും എത്ര വലിയ അത്ഭുതങ്ങളിലൂടെ യാത്ര ചെയ്താലും ഞാൻ ഒരുത്തൻ മാത്രം ഒഴികെ മറ്റുള്ളവരെല്ലാം അശുദ്ധരെന്ന കാഴ്ചപ്പാട് നമ്മെ അപകടത്തിലേക്ക് നടത്തും.
ഏലീയാവിനെക്കുറിച്ചുള്ള നമ്മുടെ ചരിത്ര വായനയിൽ കാക്കയും, സാരെഫാത്തിലേ വിധവയും, വിധവയുടെ മകനും, കർമ്മേലിലെ പ്രാർത്ഥനയും ഒരു കൈമേഘവും... അങ്ങനെ അത്ഭുതങ്ങളിലൂടെ സഞ്ചരിച്ചു അവസാനിപ്പിക്കുകയാണ് പതിവ്... എന്നാൽ അതിനിടയിൽ കൂടെ തന്റെ ഭക്തന്മാരെ പണിതെടുക്കുന്ന ദൈവത്തിന്റെ കരവിരുതിനെ നാം മനഃപ്പൂർവ്വമായി ഒഴിവാക്കുകയോ അവ നമ്മുടെ ശ്രദ്ധയിൽ പ്പെടാതെയോ പോകുകയാണ്.
ഇത്ര വലിയ അത്ഭുത പ്രവർത്തികളെല്ലാം ചെയ്ത പ്രവാചകനാണ് ഇസബേലിനെ ഭയന്നു ചൂരചെടിയുടെ തണലിൽ വിശ്രാമം കണ്ടെത്തുന്നത്. "നിന്റെ നാമം ഒന്നു പിടിച്ചു നിർത്തുവാനായി ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു എന്നുള്ളത് നിനക്കറിവുള്ളതാണല്ലോ. യിസ്രായേലെല്ലാം നിന്റെ നിയമത്തെയും നിന്നെത്തന്നേയും ഉപേക്ഷിച്ചു നിന്റെ യാഗപീഠത്തെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നു കളഞ്ഞത് നിനക്കറിയാത്തതല്ലല്ലോ. എല്ലാവരും നിന്നെ ഉപേക്ഷിച്ചപ്പോഴും ഞാൻ ഒരുത്തൻ മാത്രം നിനക്കായി ശേഷിച്ചിരിക്കുകയാണ്, നിന്റെ പേരു ഭൂമിയിൽ നിലനിർത്തുവാനായി. ആ എന്റെ തലയ്ക്കും അവർ വിലയിട്ടിരിക്കുന്നു. ഇനിയും ശേഷിക്കുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്. നിന്റെ പേരു നിലനിർത്തുവാനായി എന്നെ സംരക്ഷിക്കുക എന്നുള്ളതു നിന്റെ ആവശ്യമാണെങ്കിലും നീ കരുതുന്നതുപോലെ ഞാൻ എന്റെ പിതാക്കന്മാരെക്കാളും നല്ലവനല്ല. ഇനിയും മതി. ".
സ്നേഹത്തിന് എവിടെ കുറവു വരുന്നോ അപ്പോൾ മുതലാണ് ചെയ്തെടുത്ത പ്രവർത്തികളെല്ലാം തികട്ടി വരുന്നത്. നീണ്ട പട്ടിക നിരത്തി പൂർവ്വ കാല സ്നേഹത്തിന്റെ വില നിർണ്ണയിക്കുന്നത്.
ഏലീയാവിനെ കെരിത്തു തോട്ടിൽ ഒളിപ്പിച്ചതും കാക്കയെ കൊണ്ട് ആഹാരം കൊടുത്തതും നമ്മുടെ മുൻപിൽ വലിയ അത്ഭുതമായി നിൽക്കുകയാണ് .എന്നാൽ ശത്രുവിന്റെ പാളയത്തിൽ ആഹാബിന്റെ സേവകരെകൊണ്ട് മൂന്നു നേരം മൃഷ്ടാന ഭോജനം കൊടുക്കുന്ന ഓബദ്യാവിനെ നാം കാണാതെ പോകുന്നു. ബാലിനു മുഴങ്കാൽ മടക്കാത്തതും അവനെ സ്തുതിക്കാത്തതുമായ വായുള്ളവനെ ആഹാബിന്റെ കൊട്ടാരത്തിൽ താമസിപ്പിച്ചിരിക്കുമ്പോഴാണ് ഏലിയാവ് പറയുന്നത് ഞാൻ ഒരുത്തൻ മാത്രമേയുള്ളു എന്ന്. പലപ്പോഴും നമ്മുടെ ദൈവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആണ് ഇതൊക്കെ. ദൈവത്തിനു പരിധി നിർണ്ണയിക്കുക. പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ നമ്മുടെ സങ്കൽപ്പത്തിനപ്പുറം പോകുകയില്ല എന്നു നിർബന്ധം പിടിക്കുക. വിശുദ്ധിയുടെ അതിർത്തി ഞാനും എന്റെ കുടുബവും ചെയ്യുന്നത് വരെയാണെന്നു വാശിപ്പിടിക്കുക.
എന്തു ദർശനം നല്കിയാണോ ദൈവം തന്നെ വിളിച്ചിറക്കിയത്, ശുശ്രുഷയുടെ ബഹുത്വത്താൽ ഇടയ്ക്കു വച്ചു നഷ്ടപെട്ട ദർശനം വീണ്ടും അവന്റെ ഹൃദയത്തിലേക്കു പകർന്നു യഥാസ്ഥാനപ്പെടുത്തുവാനായി ദൈവം ഇറങ്ങിവരുന്നു. വിളിച്ചിറക്കിയപ്പോൾ ഒരു പ്രതീക്ഷയോടെ ആണ് ദൈവം നമ്മെ വിളിച്ചിറക്കിയത്. ചില മുട്ടാത്തർക്കങ്ങളും മറ്റും പറഞ്ഞു നാമും ചില ഗുഹകളിൽ കയറി ഒളിച്ചിരിക്കുകയാണ്. ഈ ഗുഹകൾ നമ്മെ പിന്മാറ്റത്തിലേക്കു മാത്രമേ നയിക്കുകയുള്ളു. നമ്മുടെ പിന്മാറ്റം പലപ്പോഴും നാമും സമ്മതിച്ചുകൊടുക്കാറില്ല, അതിനു നമ്മൾ പറയുന്ന ന്യായങ്ങൾ മറ്റുള്ളവർ ശരിയല്ലെന്നാണ് . മറ്റുള്ളവർ നന്നായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നുമല്ലായിരുന്നു. ഗുഹയിൽ ഒളിച്ചിരിക്കുന്ന കാലത്തോളം ദൈവത്തിനു നമ്മെ യഥാസ്ഥാനപ്പെടുത്തുവാൻ കഴിയുകയില്ല.
ബഹളമയത്തിനിടയിൽ ദൈവത്തെ നാം കണ്ടെത്തുവാൻ ശ്രമിക്കാറുണ്ട്. അതിനായി നാം താളമേളങ്ങളുടെ ഘനം കൂട്ടാറുണ്ട്. ഏലീയാവിനെ യഥാസ്ഥാനപ്പെടുത്തുവാനായി ദൈവം ഇറങ്ങിവരുമ്പോൾ നാം വായിക്കുന്നത് "പർവ്വതങ്ങളെ കീറി പാറകളെ തകർത്ത ശക്തിയുള്ള ഒരു കൊടുങ്കാറ്റും, കാറ്റിനുശേഷം വന്ന ഭൂകമ്പത്തിലും ശേഷം ഉണ്ടായ തീയിലും യഹോവ ഇല്ലായിരുന്നു എന്നാണ്". നാം പാടുന്നത് തീ പോലെ ഇറങ്ങണെ എന്നാണ്.
തീയ്ക്കുശേഷം മൃദുവായ സ്വരം...ഇപ്പോൾ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ ഇല്ല... ഇപ്പോൾ ഉള്ളതു ദർശനം കൊടുത്തു വിളിച്ചിറക്കിയവനും, ദർശനം പ്രാപിച്ചു ശുശ്രുഷയാൽ കുഴങ്ങി ഇടയ്ക്കുവച്ചു ദർശനം ഉപേക്ഷിച്ചവനും തമ്മിലുള്ള കൂടിക്കാഴ്ച...
വീണ്ടും ഏലിയാവ് പരിഭവങ്ങളുടെ ഭാണ്ഡക്കെട്ടു അഴിക്കുവാൻ ശ്രമിക്കുന്നു. പതിവു പല്ലവി ഇവിടെയും ആവർത്തിക്കുന്നു, ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു...
കർത്താവു അവനെ വീണ്ടും ശുശ്രുഷ ഭരമേല്പിക്കുകയാണ്.. അരാമിനു രാജാവായിട്ടു ഹസായേലിനെയും യിസ്രായേലിന്നു രാജാവായി യേഹൂവിനെയും നിനക്കു പകരം പ്രവാചകനായി എലീശായെയും അഭിഷേകം ചെയ്യുക. ഹസായേലിനെയും യേഹൂവിനെയും അഭിഷേകം ചെയ്യുന്നതുകൊണ്ടു ഏലീയാവിനു കുഴപ്പമില്ല. തന്നെ ബാധിക്കുന്ന കാര്യവുമല്ല. തന്നെയുമല്ല ആഹാബിന്റെ കുടുംബത്തിനു എതിരായിട്ടാണ് ഈ രണ്ടുപേരെയും അഭിഷേകം ചെയ്യുന്നതും. എന്നാൽ മൂന്നാമത്തെ പേര് ഏലീയാവിനെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. മരിക്കുവാനായിട്ടായിരിക്കാം ഹോരേബോളം അവനെത്തിയെതെങ്കിലും നിനക്കു പകരം എന്നുള്ള വാക്കു ഒരു ഉൾക്കിടിലത്തോടെയാകാം ഏലിയാവ് കേട്ടത്. എലീശായെ പോലെ നൂറുകണക്കിനു വിശുദ്ധന്മാരെ ദൈവം യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് ഏലീയാവിനു പ്രഹരമായി. ഏലിയാവ് തകർക്കപ്പെടുകയാണ്...ഉടച്ചു വാർക്കപ്പെടുകയാണ്...കഴിവുകളെല്ലാം അടിയറവു വയ്ക്കുകയാണ്. .. നിസ്സഹായനായി നില്ക്കുന്ന ഏലീയാവിനെ ദൈവം യഥാസ്ഥാനപ്പെടുത്തി... ദമ്മേശെക്കിന്റെ വഴിയായി മടങ്ങിപ്പോകണമെന്നാണ് യഹോവ അവനു കൊടുക്കുന്ന അരുളപ്പാട്... എന്നാൽ അവൻ ആദ്യം ചെയ്തത് അവനു പകരക്കാരനെ കണ്ടെത്തുകയെന്നുള്ളതായിരുന്നു...
സ്വർഗ്ഗത്തെക്കുറിച്ചുള്ള വെളിപ്പാട് ലഭിച്ചവൻ, ഞാനില്ലെങ്കിൽ ദൈവത്തിന്റെ ശുശ്രുഷ നിന്നുപോകുമെന്നു കരുതിയവൻ ഇപ്പോൾ നിർത്താതെ ഓടുകയാണ് തനിക്കു പകരക്കാരനെ അഭിഷേകം ചെയ്യുവാനായി... തുടർന്നുള്ള പഠനത്തിൽ നാം മനസ്സിലാക്കുന്നത് മറ്റു രണ്ടുപേരെയും (ഹസായേലിനെയും യേഹൂവിനെയും) അഭിഷേകം ചെയ്യുന്നത് എലീശായുടെ കാലത്താണ്. സ്വർഗ്ഗത്തിന്റെ ദർശനം ഏലീയാവിനെ തെല്ലൊന്നുമല്ല മാറ്റിയത്.
ഭൂകമ്പവും കാറ്റും തീയും പർവ്വതങ്ങളെ കീറി പാറകളെ തകർത്തു നിമിഷങ്ങളുടെ ദൈർഘ്യത്തിൽ നമ്മിൽ സ്വാധീനം ചെലുത്തുമെങ്കിലും മൃദുവായ സ്വരം ഹൃദയത്തെ തകർത്തു അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും തന്മൂലം ഉണർവ്വിലേക്കും നയിക്കും...സ്വർഗ്ഗത്തിന്റെ ദർശനം വീണ്ടും നമ്മിൽ ഊട്ടി ഉറപ്പിക്കും...
പ്രിയപ്പെട്ടവരെ, നമ്മുടെ ജീവിതത്തിലെ അത്ഭുതങ്ങൾ അത് സാക്ഷ്യമായി ഘോഷിച്ചു മറഞ്ഞുപോയോ അതോ അതിനിടയിൽ കൂടെ നമ്മെ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ടു സർഗ്ഗിയദർശനം പ്രാപിച്ചോ...
ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യനായിരുന്നു, അത് മഴ പെയ്യാതിരിക്കുവാനും പെയ്യിക്കുവാനുമുള്ള പ്രസ്താവന മാത്രം അല്ല പ്രത്യുത നമ്മെപ്പോലെ തന്നെ സാധാരണ മനുഷ്യനാണെന്നും നമ്മെ ഓർപ്പിക്കുന്നതിനു വേണ്ടികൂടിയാണ്.
0 Responses to "ഞാൻ ഒരുത്തൻ മാത്രം... ശേഷിച്ചിരിക്കുന്നു..."
Leave a Comment