എന്റെ പുതിയ കൂട്ടുകാരൻ
സത്രത്തിന്റെ പഴകിദ്രവിച്ച ജനലഴികളിൽ പിടിച്ചു പൂർണ്ണ ചന്ദ്രനെ നിർന്നിമേഷനായി നോക്കിനിന്ന മണിക്കൂറുകളെനിക്കു തിട്ടമില്ല. നിലാവെട്ടം പാൽവെള്ള തൂകി പരന്നൊഴുകുന്നു. നിലാവത്തുക്കൂടി ഉലാത്തണമെന്ന മോഹം മുളപൊട്ടിയപ്പോൾ തന്നെ തലേദിവസത്തെ ഭയപ്പാടുകൾ അതു തല്ലിക്കെടുത്തി. ഭൂമിയിലെക്കു അനസ്യുയം ഒഴുകിവരുന്ന നിലാവിന്റെ സൗന്ദര്യം ആസ്വദിക്കുവാനുള്ള മാനസികാവസ്ഥ ഇനിയും എന്നിൽ സംജാതമായിട്ടില്ല. പാതിജീവൻ മാത്രം നിലനിന്ന ശരീരത്തെ രക്ഷിക്കുവാൻ കനിവുതോന്നിയ മനുഷ്യനോടുള്ള ആദരവു സ്‌നേഹത്തിനു വഴിമാറിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരാൾക്കു എങ്ങനെ അയാളുടെ ആരുമല്ലാത്ത എന്നെ സഹായിക്കുവാൻ കഴിഞ്ഞു. അയാൾക്കു മാത്രമായുള്ള മണിക്കുറുകൾ എങ്ങനെ എനിക്കുടെ പകുത്തു നൽകി. അയാൾക്കു മാത്രം സഞ്ചരിക്കേണ്ട വാഹനം എങ്ങനെ എന്റെതു കൂടെയയായി. അയാൾക്കുമാത്രം പാനം ചെയ്യേണ്ട വീഞ്ഞും അയാളുടെ മാത്രമായിരുന്ന എണ്ണയും എങ്ങനെ എന്റെ മുറിവുകൾക്കു ശമനം വരുത്തി. എന്റേത് മാത്രമായിരുന്ന ഞാൻ മാത്രമനുഭവിക്കേണ്ടിയിരുന്ന മുറിവ് എങ്ങനെ അയാളുടെ വേദനയായി മാറി...
യെരുശലേമിൽ നിന്നും യെരിഹോവിലേക്കുള്ള യാത്രാമദ്ധ്യേ അപകടം പതിയിരിപ്പുണ്ടെന്നു പതിവു യാത്രികനായ എനിക്കു അറിവുള്ളതാണ്. മുന്നറിയിപ്പുകൾ ധൈര്യത്തോടെയവഗണിച്ചതാണ് ആരെയും കൂടെക്കൂട്ടാതെ തനിച്ചു യാത്ര ചെയ്തത്. കള്ളന്മാരുടെ കയ്യിലകപ്പെട്ടാൽ വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോകുമെന്നല്ലാതെ ജീവനെ തൊടുമെന്നു തീരെ പ്രതീക്ഷിച്ചില്ല. മോഷ്ടിപ്പാനും, അറുപ്പാനും, മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ലയെന്നറിയാഞ്ഞിട്ടല്ല. പുരോഹിതനും ലേവ്യനും വഴിമാറിപ്പോയത്പ്പോലെ ഈ ശമര്യക്കാരനും വഴിമാറിപ്പോയിരുന്നെങ്കിൽ ഇങ്ങനെ നിൽക്കുവാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല. എവിടെയാണ് മനുഷ്യൻ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ ക്രൈസിസ് അനുഭവിക്കുന്നത്? പണത്തിന്റെ ദൗർലഭ്യമാണ് ഏറ്റവും വലിയ പ്രതിസന്ധി എന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ചിലർക്കു അത് മാറാരോഗമാകാം, ജോലിയിലെ അസ്ഥിരത, പാർപ്പിടമില്ലായ്മ അങ്ങനെ അവയുടെ പട്ടിക ഓരോരുത്തരിലും വർത്തമാനകാലത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ചു നീണ്ടുപ്പോകും. ഒരു ആശ്വാസപ്രദനെ കണ്ടെത്തുവാൻ കഴിയാത്തതാണ് ലോകത്തിലേറ്റവും വലിയ പ്രതിസന്ധിയെന്നു കഴിഞ്ഞമണിക്കൂറുകൾ എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുറന്നു പറയുവാൻ, ഹൃദയം പങ്കുവെക്കുവാൻ, ആശ്വസിപ്പിക്കുവാൻ ഏതു സാഹചര്യത്തിലും കൂടെയുണ്ടെന്നുള്ള ബോധ്യം തരുവാൻ....തളർന്നുപോകുന്ന ഇടങ്ങളിൽ തളരരുത് എന്നു പറയുവാൻ...ചേർത്തുനിർത്തുവാൻ...
പുരോഹിതനെയും ലേവ്യനെയും വഴിമാറി സഞ്ചരിക്കുവാൻ പ്രേരിപ്പിച്ച ഘടകം രണ്ടു വെള്ളിക്കശായിരുന്നില്ല എന്ന് ഞാൻ അനുമാനിക്കുന്നു. അവർക്കു അർദ്ധപ്രാണനായി കിടക്കുന്നവന്റെ ജീവനേക്കാൾ അവരുടെ സമയം അവർക്കു വിലയേറിയതായിരുന്നുവെന്നുവേണം കരുതാൻ... ശമര്യക്കാരൻ ചിലവഴിച്ച രണ്ടു വെള്ളിക്കാശുമാത്രമായിരുന്നെങ്കിൽ ഒരു പക്ഷേ എനിക്കുമതു കൈമാറാമായിരുന്നു. അവന്റെ മുറിവിൽ കെട്ടുവാനുള്ള വീഞ്ഞും എണ്ണയും പകർന്നതും ഒരു രാത്രി അവനോടുക്കൂടെ തങ്ങുവാനും ശമര്യക്കാരൻ ചിലവഴിച്ച സമയമാണ് അവനു സ്വർഗ്ഗപ്രവേശനം സാധ്യമാക്കിക്കൊടുത്ത കൂട്ടുകാരനെ കണ്ടെത്തുവാൻ സാധിച്ചത്. 'കരുണ' യുള്ള ഹൃദയത്തിനു മാത്രമേ ന്യായവിധിയെ മറികടക്കുവാനുള്ള ശക്തിയുള്ളു... കരുണ മാത്രമേ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുകയുള്ളു. കാണാത്ത ദൈവത്തെ വേണമെങ്കിൽ സ്‌നേഹിക്കാം; പക്ഷേ കൂട്ടുകാരനില്ലാത്ത ഞാൻ ആരെ സ്‌നേഹിക്കും? അർദ്ധപ്രാണനായി ജീവൻ ശരീരത്തിൽ നിലനിർത്തുവാൻ കഴിയാത്ത ലക്ഷോപലക്ഷങ്ങൾക്കിടയിൽ നിന്നു കൂട്ടുകാരനെ കണ്ടെത്തുവാൻ കഴിയണം. കൂടെപഠിച്ചർ, സഹപ്രവർത്തകർ, കൂട്ടുവിശ്വാസികൾ എന്നിവരെ മാത്രം കൂട്ടുകാരായി കാണാതെ ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അനേകരെ നമുക്കു കൂട്ടുകാരാക്കാം... രാവിലത്തെ ഒരു പുഞ്ചിരി, ഒരു അഭിവാദ്യം, മറ്റുള്ളവരെ കേൾക്കുവാനുള്ള ഹൃദയം, സമയം, സാഹചര്യം... നഷ്ടപ്പെടുവാൻ സാധ്യതയുള്ളത് ആവശ്യക്കാർക്കായി വീതിച്ചു നൽകുവാൻ കഴിയുന്നത്, വേഗത്തിലസ്തമിക്കുന്ന ജീവിതം കൊണ്ടു പാതിജീവനിൽ കിടക്കുന്നവരെ നിത്യജീവനിലേക്കു കൈപിടിച്ചുകയറ്റുവാൻ കഴിയുന്നത് നമ്മെ അനവധി കൂട്ടുകാരെ നേടുന്നവരാക്കും. ശലോമോൻ വ്യക്തമാക്കുന്ന ഒരു യാഥാർഥ്യാമിതാണ് "മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?" (സദൃശ്യവാക്യങ്ങൾ 24:11-12)
അർദ്ധപ്രാണൻ ശേഷിക്കുന്നതെപ്പോഴാണ്? മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിച്ചു എന്നു പറയുമ്പോളാണ്, ശരീരം മുഴുവൻ ബലഹീനമാകുമ്പോഴാണ്. വാഹനത്തിൽ കയറ്റുവാൻ അവന്റെ യാതൊരു സഹായവും ലഭിക്കാതെ വരുമ്പോഴാണ്. എല്ലാവരും വഴിമാറികടന്നുപോകുന്ന ഒരു ലോകത്താണ് നാമിന്നുള്ളത്. വേറെ എന്തൊക്കെ കാര്യങ്ങൾ നമുക്കു ചെയ്തു തീർക്കുവാനുണ്ട്. എപ്പോൾ എനിക്കൊന്നു സ്റ്റേജിൽ നിന്നു പ്രസംഗിക്കുവാൻ സാധിക്കുമെന്ന് ആഗ്രഹിച്ചു ജീവിതം കളയുന്നവരുണ്ട്.
മനസ്സലിവാണ് സുവിശേഷികരണത്തിന്റെ ഏറ്റവും വലിയ മാനദണ്ഡം. എന്റെ മുൻപിൽ വരുന്നവർ അർദ്ധപ്രാണരാണെന്നുള്ള തിരിച്ചറിവിലുണ്ടാകുന്ന മനസ്സലിവ്. നൂറുക്കണക്കിന് ജീവിതങ്ങൾ വഴിയോരത്തു ആശയറ്റവരായി മരണം മാത്രം മുൻപിൽ കണ്ടുകഴിയുമ്പോൾ നമ്മുടെ പ്രാരാബ്ദങ്ങളുടെ ഇടയിൽ നിന്നും ഇറങ്ങി അവർക്കു മുറിവുകെട്ടുവാനും നമ്മുടെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ എത്തിക്കുവാനും ശുശ്രുഷയിൽ ബാക്കിവരുന്നത് ചിലവു ചെയ്യുവാനുള്ള ബാധ്യസ്ഥതയും സുവിശേഷികരണത്തിന്റെ ഭാഗമാണ്.
കാണാത്തതു നിത്യമാണെന്നുള്ള വിശ്വാസം നമ്മിൽ നിന്നു ലോകം എടുത്തുകൊണ്ടുപോയി തിരികെയെടുക്കുവാൻ കഴിയാത്തത്ര അകലത്തിൽ ഇട്ടുകളഞ്ഞതിനാൽ അർദ്ധപ്രാണരായ സഹജീവികളുടെ നരകപ്രവേശം നമ്മിൽ വലിയമാറ്റങ്ങൾ കൊണ്ടുവരുന്നില്ല. സെറ്റിൽഡ് ലൈഫ് / സെക്യൂർ ലൈഫ് എന്നുള്ള നിരന്തര മുറവിളി ഈ ലോകത്തെ പ്രണയിക്കുവാനുള്ള വാഞ്ജ നമ്മിൽ നിരന്തരം കുത്തിവയ്ക്കപ്പെടുന്നു. ഞാൻ ചെയ്തതെല്ലാം മഠയത്തരമാണല്ലോയെന്നുള്ള കുറ്റബോധം ചിലപ്പോഴെങ്കിലും തികട്ടിവരും. കൂടെയാത്ര ചെയ്തവരെല്ലാം സ്വസ്ഥതയും ലോകസുഖവും അനുഭവിച്ചു മുന്നേറുമ്പോൾ അബദ്ധമായിപ്പോയെന്നു വല്ലപ്പോഴുമെങ്കിലും ചിന്തിച്ചുപോയേക്കാം. ഒരേയൊരു ജീവിതമേയുള്ളൂ ലോകത്തെക്കൂടിയാസ്വദിച്ചില്ലെങ്കിൽ ഒരിക്കൽ പരിതപിക്കേണ്ടിവരുമെന്ന നിരന്തര ശബ്‌ദം കർണ്ണപുടങ്ങളെ അലോസരപ്പെടുത്തിയേക്കാം. പുരോഹിതനെയും ലേവ്യനെയും കുറ്റം പറഞ്ഞു എന്റെ ഉത്തരവാദിത്തത്തിൽ നിന്ന് എനിക്കൊഴിഞ്ഞിരിക്കാം. അല്ലെങ്കിൽ അർദ്ധപ്രാണർക്കു കൂട്ടുകാരായിത്തീരാം...
നമ്മുടെ ദൃഷ്ടിയിൽ നേട്ടം കൊയ്ത മൂന്നു കൂട്ടരുണ്ട്. കള്ളന്മാർ, അർദ്ധപ്രാണനായി വഴിയരികിൽ കിടന്നവൻ, അബദ്ധവശാൽ ആ വഴി വന്ന പുരോഹിതനും ലേവ്യനും. നഷ്ടം സംഭവിച്ചത് ശമര്യക്കാരനും. ശമര്യക്കാരന്റെ സമയവും പണവും സ്വകാര്യതയും വസ്തുക്കളും അവനു നഷ്ടമായതും നാം കാണുന്നു. ദൂരെ നിന്നുള്ള തിരിഞ്ഞുനോട്ടത്തിൽ ശമര്യക്കാരനെന്ന മണ്ടനെയോർത്തു പുരോഹിതന്റെയോ ലേവ്യന്റെയോ ഹൃദയത്തിൽ പുച്ഛം വെളിപ്പെട്ടേക്കാം. ലോകത്തിന്റെ എല്ലാ ചിന്തകളെയും അസ്ഥാനത്താക്കിയാണ് കർത്താവു യഥാർത്ഥത്തിൽ നേട്ടം കൊയ്ത ശമര്യക്കാരനെ പരിചയപ്പെടുത്തുന്നത്. സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതു അവൻ നഷ്ടപ്പെടുത്തിയപ്പോൾ എന്നേക്കും സ്ഥിരമായതു അവൻ നേടി. ഒരു നിമിഷം പോലും സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്ത സമയം യെരീഹോവിലേക്കുള്ള വഴിയിൽ ചിലവഴിച്ചപ്പോൾ ഒരിക്കലും അവസാനിക്കാത്ത സമയം അവൻ നേടി. ദാഹിച്ചും വിശന്നും നഗ്നനായും പാതിജീവന്റെമാത്രം ഉടമയായിരുന്ന ഈ എന്റെ ചെറിയ സഹോദരനു ചെയ്തതെല്ലാം എനിക്കാണ് ചെയ്തതെന്ന കർത്താവിന്റെ സ്വരം അവൻ അന്വർഥമാക്കി.
കൈവശം വന്നുചേരുന്നതൊന്നും ആവശ്യക്കാർക്കായി ചിലവഴിക്കുവാൻ മടികാണിക്കുന്ന ലോകത്തു അധികം വല്ലതും ചെലവിട്ടാൽ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു ഉറപ്പുനൽകി പോയ പുതിയ എന്റെ കൂട്ടുകാരന്റെ ദയാവായ്പുകളെ ഹൃദയപൂർവ്വം സ്മരിച്ചു ഞാൻ കിടക്കയിലേക്കു വീണു...
ഇനിയൊരു ആക്രമണം കൂടെ സഹിക്കുവാൻ എന്റെ ശരീരത്തിനു കെല്പില്ലാത്തതിനാൽ നിദ്രയെന്നെ തഴുകുന്നതുവരെ ജന്നലഴികൾക്കിടയിലൂടെ എന്റെ സുരക്ഷിതത്വം ഉറപ്പിച്ചു നിലാവെട്ടം പാൽപുഞ്ചിരി തൂകി അവിടെത്തന്നെയുണ്ടായിരുന്നു.
0 Responses to "എന്റെ പുതിയ കൂട്ടുകാരൻ"
Leave a Comment