മിണ്ടാതിരിക്കുക

Posted on
30th Jan, 2023
| 0 Comments

നാല്പത്തിയാറാം സങ്കീർത്തനം വല്ലാതെ നമ്മെ ആശ്വസിപ്പിക്കുകയും ഉറപ്പുനല്കുന്നതുമായ സങ്കീർത്തനമാണ്. കഷ്ടങ്ങളിൽക്കൂടി കടന്നുപോകുന്ന ജനത്തെ കുറച്ചൊന്നുമല്ല ഈ വാക്യങ്ങൾ ആശ്വസിപ്പിക്കുന്നത്. കഷ്ടതയും പ്രതിസന്ധികളും ചിലർക്കുമാത്രമാണെന്നുള്ള നിരീക്ഷണം വേണ്ട. ഏറ്റക്കുറച്ചിലുകളായോ സമമായോ ഒക്കെ എല്ലാവരുടെയും ജീവിതത്തിൽ കഷ്ടത ഉണ്ടാകാം. കഷ്ടതയെ അഭിമുഖീകരിക്കുന്ന ദൈവമക്കൾ മനസ്സിലുറപ്പിക്കേണ്ട ഒന്നാമത്തെ കാര്യം ഈ കഷ്ടത നീണ്ടുപോകുന്നവയല്ല. അതായതു ഇതിനൊരു അവസാനമുണ്ട്.

രണ്ടാമത് ഈ കഷ്ടത നമ്മെ നശിപ്പിക്കുവാനല്ല പ്രത്യുതാ നമ്മെ തേജസ്കരണത്തിലേക്കു നടത്തുവാനുള്ളതാണ്. അപ്പോസ്തലന്മാരുടെ എഴുത്തുകളിൽ കഷ്ടതയെക്കുറിച്ചു പ്രതിബാദിക്കുമ്പോഴൊക്കെയും തേജസ്കരണം എന്ന പ്രത്യാശയും അവിടെ ചേർക്കുവാൻ അവർ മറക്കുന്നില്ല. അപ്പോൾ കഷ്ടത നമ്മെ സഹിഷ്ണത സിദ്ധത പ്രത്യാശ എന്നീ പ്രക്രിയയിലൂടെ കടത്തി  തേജസ്സിന്റെ തുറമുഖത്തേക്ക് എത്തിക്കും എന്നുള്ളതും

മൂന്നാമതായി ഈ കഷ്ടതയുടെ നടുവിൽ നാം തനിച്ചല്ല എന്ന യാഥാർഥ്യവും നമ്മുടെ ഹൃദയത്തിൽ സന്നിവേശിപ്പിക്കേണ്ടതാണ്.

പതിനൊന്നു വാക്യമുള്ള നാല്പത്തിയാറാം സങ്കീർത്തനത്തിന്റെ പ്രത്യേകത ദൈവം നമ്മുടെ ആശ്വാസത്തിന്റെ കോട്ടയാണെന്നുള്ളതാണ്. ഈ സങ്കീർത്തനത്തിൽ നമ്മോടു ചെയ്യുവാൻ ആവശ്യപ്പെടുന്ന രണ്ടുകാര്യങ്ങളിൽ ഒന്നാമത്തേത് വരുവിൻ യഹോവയുടെ പ്രവർത്തികളെ നോക്കുവിൻ. രണ്ടു, മിണ്ടാതിരിക്കുക.

ആകുലതകളും അവസാനം കാണാത്ത പ്രതിസന്ധികളുടെയും നടുവിൽ സ്വസ്ഥമായി ഇരിക്കുവാനോ പിറുപിറുപ്പില്ലാതെ മിണ്ടാതിരിക്കുവാനോ ഉള്ള ആഹ്വാനം പ്രാവർത്തികമാക്കുക കഠിനമാണ്. കാരാഗ്രഹ ലേഖനമായ ഫിലിപ്പിയാ ലേഖനം എഴുതിയവസാനിപ്പിക്കുമ്പോൾ പൗലോസ് അപ്പോസ്തോലൻ സഭയോടു ആഹ്വാനം ചെയ്യുന്നത് കഷ്ടതയുടെ നടുവിൽ സന്തോഷത്തിലിരിക്കുവാനാണ്. എങ്ങനെ സാധ്യമാകുമെന്ന് ധരിച്ചു താടിക്ക്കൈകൊടുത്തു ചിന്താമഗ്നനായി ഇരിക്കുമ്പോൾ അദ്ദേഹം അതിന്റെ പരിഹാരം കൂടി നിർദ്ദേശിക്കുന്നു. കർത്താവു വരുവാൻ അടുത്തിരിക്കുന്നതിനാൽ നമ്മുടെ ജീവിതത്തിന്റെ ദൈർഘ്യം  ചെറുതായിരിക്കുന്നതുപോലെ നമ്മുടെ കഷ്ടതയും ചെറുതാണ്. അതുകൊണ്ടു നമ്മുടെ സൗമ്യതയാണ് ലോകം കാണേണ്ടത് അല്ലാതെ നമ്മുടെ ആകുലതകൾ അല്ല. മറ്റുള്ളവരിൽ നിന്നു ഒന്നും ലഭിക്കാനല്ലെങ്കിലും ഒരു സഹതാപം ലഭിക്കുവാനായി നമ്മുടെ കഷ്ടതയുടെ തോതു കൂട്ടി നാം അവതരിപ്പിക്കാറുണ്ട്.

ആകുലതകളും വേവലാതികളും ഭീതികളും ഉടലെടുക്കുന്ന കാര്യങ്ങൾക്കു മുൻപിൽ സമചിത്തതയോടെ പ്രശ്നങ്ങളെ നേരിടുവാൻ കഴിയുന്നതാണ് സൗമ്യത. പ്രശ്നങ്ങൾ വരുമ്പോൾ നാട്ടുകാരെയെല്ലാം അറിയിച്ചു കാറികൂകുന്നതല്ല സൗമ്യത. ആകുലതകൾ ദൈവത്തോടും സൗമ്യത മനുഷ്യരോടും കാണിക്കുക. സൗമ്യത ലോകക്കാരായ മനുഷ്യരെല്ലാം കാണട്ടെയെന്നാണ് അപ്പോസ്തോലൻ പറയുന്നത്. ഗൊല്ഗൊഥായുടെ നടപ്പാതയിലേക്കു നോക്കിയാൽ നമുക്ക് ദർശിക്കുവാൻ കഴിയും സൗമ്യതയുടെ ആൾരൂപം ക്രൂശുമായി നടന്നു നീങ്ങുന്നത്. ഇരുവശത്തും നിന്നു തന്നെച്ചൊല്ലി മാറത്തടിക്കുന്ന യെരുശലേം പുത്രിമാരോട് കുറെക്കൂടി സഹതാപം ലഭിക്കുവാനായി നിന്നുകൊടുക്കുയല്ല യേശുകർത്താവ് ചെയ്തത്,

യെശയ്യാവ്‌ പ്രവചനാത്മവിൽ വിളിച്ചുപറഞ്ഞത് നിവർത്തിവരത്തക്കനിലയിൽ നിലവിളിക്കുകയോ ഒച്ചയുണ്ടാക്കുകയോ തെരുവീഥിയിൽ ശബ്‌ദം കേൾപ്പിക്കുകയോ ആയിരുന്നില്ല പിന്നയോ തന്റെ സൗമ്യത ലോകക്കാരെല്ലാം കാണുകയായിരുന്നു.

നമ്മുടെ ജീവിതത്തിൽ വരുന്ന കഷ്ടതകൾ നമ്മെ കർത്താവിന്റെ സ്വരൂപത്തോടെ അനുരൂപപ്പെടുത്തുവാനുള്ളതാണ്. നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു സകല സാഹചര്യങ്ങളും നന്മയ്ക്കായിട്ടുള്ളതാണ്. എന്നാൽ വളരെ വിരോധാഭാസമായിട്ടുള്ളത് ദൈവത്തോട് നാം സഹകരിക്കുന്നില്ല എന്നുള്ളതാണ്. പ്രഗത്ഭനായ ഒരു അദ്ധ്യാപകനെ കണ്ടെത്തി നമ്മുടെ കുട്ടികളെ അവരുടെ ഭാവിയെകരുതി ഏൽപ്പിക്കുമ്പോൾ അദ്ധ്യാപകൻ എത്ര പ്രഗത്ഭനായാലും നമ്മുടെ കുഞ്ഞു ആ അദ്ധ്യാപകനെ അനുസരിക്കുന്നില്ല എങ്കിലോ തന്റെ ശിക്ഷണത്തിനു കീഴ്പ്പെടുവാൻ തയ്യാറാകുന്നില്ലായെങ്കിലോ യാതൊരു പ്രയോജനവും ചെയ്യുകയില്ല എന്ന് പറഞ്ഞതുപോലെ ദൈവം നമ്മുടെ സ്വഭാവത്തെ ഓരോ ഘട്ടത്തിൽക്കൂടി കടത്തി യേശുവിന്റെ സ്വരൂപത്തോടെ അനുരൂപപ്പെടുത്തുവാൻ നൽകുന്ന ശിക്ഷണങ്ങൾക്കോ സാഹചര്യങ്ങൾക്കോ നാം കീഴടങ്ങുന്നില്ലായെങ്കിൽ പ്രതിസന്ധികളുടെ നടുവിൽ നാം മിണ്ടാതിരുന്നു ദൈവത്തിനു കീഴടങ്ങുന്നില്ലായെങ്കിൽ ദൈവത്തിനു നമ്മിൽ പ്രവർത്തിക്കിവാൻ സാധിക്കുകയി ല്ല.

കഷ്ടതയെന്ന കഠിനശോധനയിൽ ദൈവപ്രവർത്തിക്കായി മിണ്ടാതിരിക്കുമെങ്കിൽ (മിണ്ടാതിരിക്കുകയെന്നാൽ ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലയെന്ന ഉറപ്പാണ്. അതായതു പൂർണ്ണമായും കർത്താവിൽ ആശ്രയിക്കുക.) ദൈവം നമ്മുടെ മുൻപിലെ യുദ്ധങ്ങളെ നിർത്തൽ ചെയ്യും. നമുക്കെതിരായി വരുന്ന വില്ലുകൾ അവൻ ഒടിക്കും കുന്തത്തെ അവൻ മുറിക്കും രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയും. പക്ഷെ ആവശ്യമായത് അതായതു നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ട കാര്യം മിണ്ടാതിരിക്കുക...

 

 

 

<< Back to Articles Discuss this post

0 Responses to "മിണ്ടാതിരിക്കുക"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image