മടുത്തുപോകാതെ പ്രാർത്ഥിക്കുക 

Posted on
1st Jun, 2023
| 0 Comments

വായനാ ഭാഗം : ലൂക്കോസ് 18:1-8 "ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?"

വീണ്ടും ജനനം പ്രാപിച്ച ഏതൊരു വ്യക്തിയുടെയും മുൻപിൽ വരുന്ന  സാഹചര്യങ്ങളുടെ എല്ലാം  ദൈവികോദ്ദേശം അവരുടെ വിശുദ്ധികരണമാണ് ദൈവം ലക്‌ഷ്യം വയ്ക്കുന്നത്. ഈ ദൈവികോദ്ദേശം തിരിച്ചറിയാത്തതിനാൽ അവയെ തട്ടിമാറ്റുകയും ഒഴിവാക്കികിട്ടുവാൻ വേണ്ടി നാം അലമുറയിടുകയും ചെയ്യുന്നു. ക്രൂശ് ഉപേക്ഷിക്കുവാനുള്ള ഉപദേശം അതു ഉറ്റ സ്‌നേഹിതനിൽ നിന്നോ അഭ്യുദയകാംഷിയുടെ പക്കൽ നിന്നോ ആയാലും ശാസിക്കുവാൻ മടികാണിക്കരുത്. ക്രൂശ് ഒഴിവാക്കി ക്രിസ്തിയ ജീവിതം പൂർത്തീകരിക്കുവാൻ കഴിയുകയില്ല. കഷ്ടത ഒഴിവാക്കാനാണ് കർത്താവിനെ പിൻപറ്റുന്നതെങ്കിൽ അയ്യോ കഷ്ടം. നാം പലപ്പോഴും തെറ്റിദ്ധരിക്കുന്നതു എന്റെ മുൻപിൽ അയച്ചിരിക്കുന്നവനെ ഉപദേശിച്ചു ശരിപ്പെടുത്താമെന്നാണ്. നമ്മുടെ മുൻപിൽ വരുന്ന സകല സാഹചര്യങ്ങളും ഒന്നാമത് നമ്മുടെ തന്നെ വിശുദ്ധികരണം ആണ് ദൈവം ആഗ്രഹിക്കുന്നത് . അപരന്റെ വിശുദ്ധികരണം രണ്ടാമത് മാത്രമാണ്. വേഗത്തിൽ പ്രതിക്രിയ നടത്തി രക്ഷപ്പെടുന്നവൻ മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം കണ്ടെത്തുകയില്ല. നമ്മുടെ വിശുദ്ധികരണത്തിനായി നൽകിയിരിക്കുന്ന പ്രതിയോഗിയെ ഒഴിവാക്കുവാനുള്ള നിരന്തര അപേക്ഷ വേഗത്തിൽ തീർപ്പു കൽപ്പിക്കുന്നത് മൂലം ദൈവം ആഗ്രഹിച്ച ലക്‌ഷ്യം കാണാതെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുന്നു. അതിന്റെ അന്തിമഫലം നാം സ്വർഗ്ഗത്തിൽ കാണുകയില്ല എന്നുള്ളതാണ് . 
വൃതന്മാരുടെ കാര്യത്തിൽ ദൈവം ദീർഘക്ഷമയുള്ളവനാണ് അവരുടെ വിശുദ്ധീകരണം വരെ കാത്തിരിക്കുവാൻ. എന്നാൽ ക്രൂശ് ഒഴിവാക്കുവാനുള്ള നിരന്തര നിലവിളി വിശുദ്ധികരണം ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾക്ക് നാം തന്നെ തുരങ്കം വയ്ക്കുന്നത് പോലെയാണ്. ദീർഘ കാല പദ്ധതികൾ ഇടയ്ക്കു വച്ച് അവസാനിപ്പിച്ചാൽ ഉണ്ടാകുന്ന കനത്ത നഷ്ടം ഇരുകൂട്ടർക്കും ആഘാതം ഏൽപ്പിക്കും. ഇടയ്ക്കു വച്ച് അവസാനിപ്പിക്കുന്ന പ്രോജക്ടിന്റെ സാക്ഷ്യം കരഘോഷത്തിൽ മുങ്ങിപ്പോകയോ ബലഹീനരായ വിശ്വാസികളിൽ മോഹമോ/ ആശങ്കയോ ജനിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഒരു പക്ഷേ ചിന്തിച്ചേക്കാം പുതിയ വിശ്വാസികൾക്കു അവ ഒരു പ്രചോദനമാകുമെന്നു. പ്രത്യക്ഷത്തിൽ കാര്യം ശരിയാണെങ്കിലും ദീർഘകാല പദ്ധതികൾക്കു അവ തടസ്സം നിൽക്കുമെന്നുള്ളതിനു സംശയമേതും വേണ്ടാ. എന്നാൽ വിശുദ്ധീകരണത്തിനായി തന്റെ പദ്ധതികളുമായി സഹകരിച്ചാൽ വിടുതലിന്റെ സാക്ഷ്യത്തെക്കാൾ താൻ പഠിച്ച പാഠം മനുഷ്യർക്ക് പകർന്നു നൽകുവാനും തന്മൂലം എന്റെ വിശുദ്ധീകരണമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും നമുക്ക് സാധിക്കുന്നു. 

വൃതന്മാരുടെ കാര്യത്തിൽ ദീർഘ ക്ഷമ കാണിച്ചതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇയ്യോബ്. പ്രതിക്രിയ വേഗത്തിൽ ചെയ്തു രക്ഷിക്കുവാൻ എന്ത് കൊണ്ടും യോഗ്യനായിരുന്നു ഇയ്യോബ്. എന്നാൽ വിശുദ്ധീകരണം എന്ന ദീർഘകാല പദ്ധതിയെ ഉപേക്ഷിക്കുന്ന യാതൊന്നും ഇയ്യോബിന്റെ ജീവിതത്തിൽ നിന്നും ഉണ്ടായില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി പറയുന്ന വാക്യമാണ് (ഇയ്യോബ് 19:25-27 ) "എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു." നാം മറ്റു പലതിനായും ഈ വാക്യം ഉപയോഗിക്കുമെങ്കിലും ദൈവത്തിന്റെ പദ്ധതിയെ തിരിച്ചറിഞ്ഞ ഇയ്യോബിനു കൃത്യതയുണ്ടായിരുന്നു, എന്റെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നതെന്ന്. ഈ തിരിച്ചറിവ് ഇയ്യോബിനെ കൊണ്ടെത്തിച്ചത് ദൈവത്തിന്റെ തികഞ്ഞ ഇഷ്ടത്തിലേക്കാണ്. (perfect will) ലേക്കാണ്.  
(ഇയ്യോബ് 42:5-6 )  "ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു." എന്നു പറയുവാൻ ഇയ്യോബിന്‌ സാധിച്ചു. 
വിശുദ്ധ ബൈബിളിലെ  ഏതു വിശുദ്ധന്മാരെയെടുത്തു പരിശോധിച്ചാലും നമുക്കു ഇങ്ങനെത്തന്നെ കാണുവാൻ കഴിയും. ദൈവത്തിന്റെ തികഞ്ഞ ഇഷ്ടത്തിലേക്കു  (perfect will) ഈ ദീർഘകാല പദ്ധതി അവരെ നയിക്കുന്നതായി നമുക്കു കാണുവാൻ സാധിക്കും. 
ഹാനോക്കിന്റെ കാര്യത്തിലായിരുന്നു ഞാൻ കുറച്ചേറെ സന്ദേഹപ്പെട്ടതു. കൂടുതൽ ഒന്നും അദ്ദേഹത്തെ കുറിച്ച് പ്രസ്‌താവന കാണാത്തതുമൂലവും മുന്നൂറു വർഷം ദൈവത്തോടുക്കൂടെ നടന്നതിനാൽ കഷ്ടത എന്ന കഠിന ശോധനയിൽക്കൂടെ അദ്ദേഹം കടന്നു പോയില്ലായെന്ന തെറ്റിദ്ധാരണ ഞാൻ വച്ചു പുലർത്തിയിരുന്നു. എന്നാൽ യൂദാ തന്റെ കൊച്ചു ലേഖനം കൊണ്ട് എന്റെ സന്ദേഹത്തിനു മറുപടി തന്നു. വാക്യം (14,15) "ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു." തന്റെ മുൻ ലുണ്ടായിരുന്ന നിരന്തരമായ പ്രതിസന്ധികൾക്കു കാരണക്കാരായ  പ്രതിയോഗികൾ വീണ്ടും അവനെ കുറ്റം വിധിക്കുവാനായി വന്നപ്പോൾ പിന്നെ ഹാനോക്കിനെ അവിടെ കണ്ടില്ല. ദൈവത്തിന്റെ വചനം പറയുന്നു "ദൈവം അവനെ എടുത്തുകൊണ്ടതിനാൽ പിന്നെ ആരും അവനെ കണ്ടില്ല." വിശുദ്ധീകരണത്തിന്റെ കാലാവധി അവസാനിച്ചപ്പോൾ ദൈവത്തിന്റെ തികഞ്ഞ ഇഷ്ടം നിറവേറ്റുവാൻ നിന്നു കൊടുത്ത ഭക്തനെ കർത്താവു എടുത്തുകൊണ്ടു പോയി .
ഏലിയാവ് കുറച്ചു സമയം ആ ദീർഘകാല പദ്ധതിയോടു എതിർത്തു നിന്നെങ്കിലും പിന്നീട് അവൻ കീഴ്‌പ്പെട്ടതായി കാണുന്നു. ഇസബേൽ എന്ന പ്രതിയോഗിയിൽ നിന്നു ഓടിയൊളിക്കുവാൻ ശ്രമിച്ചെങ്കിലും ദൈവ ശബ്ദത്തിനു മുൻപിൽ ഏലിയാവ് തന്നെ സമർപ്പിച്ചു. ശ്രുശ്രുഷയെക്കാൾ വലുതു തന്റെ വിശുദ്ധീകരണമാണെന്നു ഏലിയാവ് തിരിച്ചറിഞ്ഞതുകൊണ്ടു തന്നെ ഭരമേല്പിച്ച ശ്രുശ്രുഷ പോലും തന്റെ പിൻഗാമിക്കു വിട്ടുകൊടുത്തിട്ടു അദ്ദേഹം സ്വർഗ്ഗത്തിലേക്കു കയറിപ്പോയത്. ലോകത്തെ സ്‌നേഹിക്കുന്നവർക്കു ഇതു ദഹിക്കുവാൻ പാടാണ്‌. 
യോസഫു തന്റെ ദീർഘകാല പദ്ധതിക്കു തന്നെത്തന്നെ കീഴ്‌പ്പെടുത്തി കൊടുത്തു. തന്റെ കഷ്ടതയ്ക്കു കാരണക്കാരായുള്ളവർക്കു പ്രതികാരം ചെയ്യുവാൻ ആളും അർത്ഥവും കയ്യിലുള്ളപ്പോഴും എന്റെ വിശുദ്ധീകരണമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു. 
വിധവ നമ്മുടെ പ്രതിനിധി ആണ് . കർത്താവു പലപ്പോഴും ഈ പ്രതിയോഗിയെ ഒഴിവാക്കിത്തരുന്നതിന്റെ പ്രധാന കാരണം നമ്മുടെ അസഹ്യപ്പെടുത്തലാണ്. ഒരു പക്ഷേ ചോദിക്കാം അവരവർക്കു വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ടു എത്രയുണ്ടെന്നും അതിനെ എങ്ങനെ നേരിടുമെന്നും അറിയുവാൻ കഴിയൂ എന്ന് . ശരിയാണ് നൂറു ശതമാനവും . എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന അടിസ്ഥാന തത്വം പോലും ഈ വല്ലാത്ത യാചന മുഖാന്തിരം നാം മറന്നു പോകുകയാണ്. സഹോദരങ്ങളെ ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. 
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു. യോനായുടെ അടയാളമല്ലാതെ അതിനു അടയാളം ലഭിക്കുകയില്ല. പിന്നെ അവൻ അവരെ വിട്ടു പോയി. അടയാളം തിരയുന്നവരെ അവൻ വിട്ടുപോകും...തീർച്ച... 
പ്രീയമുള്ളവരേ,യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത നീതിയോടെ വിധിക്കാത്ത ന്യായാധിപൻ പോലും സ്ത്രീയുടെ നിരന്തരമായ യാചനയിൽ തന്റെ പ്രതിയോഗിയെ ഒഴിവാക്കി കൊടുക്കുവാൻ തയ്യാറായെങ്കിൽ സ്‌നേഹവും കരുണയുമുള്ള തന്റെ വിശുദ്ധന്മാരുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധാലുവായുള്ള സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു വല്ലാത്ത ഈ യാചനയാൽ നമ്മുടെ വിശുദ്ധികരണത്തിനായി നമുക്കു മുൻപിൽ വച്ചിരിക്കുന്ന ഈ പ്രതിയോഗിയെ വേഗത്തിൽ ഒഴിവാക്കിത്തരും. നമ്മുടെ വിശുദ്ധികരണത്തിനായി നൽകിയിരിക്കുന്ന പ്രതിയോഗിയെ ദൈവത്തിന്റെ തികഞ്ഞ ഇഷ്ടത്തിന്റെ തിരിച്ചറിവ് ഇല്ലാത്തതുമൂലം ഒഴിവാക്കി കിട്ടുവാനുള്ള നിരന്തര കരച്ചിൽ മുഖാന്തിരം ഒഴിവാക്കുന്നുവെങ്കിൽ നാം സ്വർഗ്ഗത്തിൽ അവനോടു കൂടെ കാണുകയില്ലയെന്നാണ് കർത്താവു പറഞ്ഞതിന്റെ ആകെ തുക.

<< Back to Articles Discuss this post

0 Responses to "മടുത്തുപോകാതെ പ്രാർത്ഥിക്കുക "

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image