പ്രോഗ്രസ്സിവ് റവലേഷൻ

Posted on
3rd Oct, 2023
| 0 Comments

ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉത്തരങ്ങളുമായി നീണ്ടുപോകുന്ന ഒരദ്ധ്യായമാണ് യോഹന്നാൻ എഴുതിയ കർത്താവിൻ്റെ സുവിശേഷം ഒൻപതാം അദ്ധ്യായം. ഒരു വ്യക്തിയുടെ സൗഖ്യവുമായുള്ള ബന്ധത്തിൽ വാദപ്രതിവാദങ്ങളുമായി നീണ്ടുപോകുന്ന മറ്റൊരു സംഭവം ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ലാസറിൻ്റെ ഉയിർപ്പാണ് കൂടുതൽ ജനകീയമായ അത്ഭുതമെങ്കിലും കർത്താവിൻ്റെ വിമർശകരെ അധികം ചൊടിപ്പിച്ചതു ഈ കുരുടന് കാഴ്ച്ച ലഭിച്ച അത്ഭുത പ്രവർത്തിയാണ്. ഈ ഈർഷ്യ പരീശന്മാർക്കും മറ്റും വരുവാനുള്ള കാരണം ഈ സൗഖ്യമായ വ്യക്തിയുടെ യേശുവിനെപ്പറ്റിയുള്ള അവൻ്റെ സാക്ഷ്യമാണ്. ഈ അദ്ധ്യായത്തിലെ ഒന്നാമത്തെ ചോദ്യം ചോദിച്ച ശിഷ്യന്മാരോടു യേശു കർത്താവു പറയുന്നുണ്ട് ആരുടെയും പാപത്തിൻ്റെ പരിണിതഫലമായിട്ടല്ല ഇവൻ കുരുടനായിപ്പിറന്നത് അവങ്കൽ ദൈവപ്രവർത്തി വെളിവാകേണ്ടതിനത്രേ എന്ന്. ഒരു അത്ഭുതം എത്രമാത്രം ദൈവത്തിനു മഹത്വം ആയി എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളുടെയും പിന്നിലെ ദൈവോദ്ദേശം ദൈവനാമത്തിൻ്റെ മഹത്വമാണ്. നിരന്തര ചോദ്യങ്ങളുടെ എല്ലാം ഇടയിൽ നിരവധിയാളുകളോടു ഈ സൗഖ്യമായ വ്യക്തി സാക്ഷ്യമാകുന്നുണ്ട്.

മാതാപിതാക്കളുണ്ടെങ്കിലും അനാഥത്വം പേറുന്നവൻ. മകനെക്കുറിച്ചുള്ള ഉത്തരവാദിത്വ ബോധത്തിൽ നിന്നു ഒഴിഞ്ഞു സമൂഹത്തിൻ്റെ മാന്യതയ്ക്ക് വിലകല്പിക്കുന്ന രക്ഷകർത്താക്കളുള്ളവൻ. അറിയാമെങ്കിലും അറിയാത്തവരെപ്പോലെ നടന്നകലുന്ന അയൽക്കാരോ ഇരക്കുന്നവരായി കണ്ടവരോ. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിലും സന്തോഷിക്കുവാനോ ആഹ്ളാദം പങ്കിടുവാനോ കൂടെയാരുമില്ലാത്തവൻ. ഇങ്ങനെ ഏറെ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുവാൻ കഴിയും ഈ സൗഖ്യമായ വ്യക്തിക്ക്.

അനേകവർഷത്തെ ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും ഒരു മോചനം ലഭിക്കുകയും അവൻ്റെ ജീവിതത്തിലും പ്രകാശം പരക്കുകയും ചെയ്തല്ലോ എന്നു ഓർത്തു അവനോടുക്കൂടെ സന്തോഷിക്കുവാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് ഈ അദ്ധ്യായത്തിലെ ഏറ്റവും ദുഃഖമേറിയ കാര്യം. എല്ലാവർക്കും അറിയേണ്ടതു എങ്ങനെ ഇതു സംഭവിച്ചു. നീ എങ്ങനെ ഇങ്ങനെ ആയി? നിനക്കു കാഴ്ച കിട്ടിയതു എങ്ങനെ? നിന്നെ സൗഖ്യമാക്കിയവൻ എവിടെ? എന്നിത്യാദി ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി പതിനൊന്നോ അതിലധികമോ ചോദ്യങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ശബ്ബത്തിൽ സൗഖ്യമാക്കിയതു എന്തിനെന്നുള്ള സ്ഥിരം ന്യായങ്ങളുമായി പരീശന്മാരും അവരുടെ വക ചോദ്യങ്ങളുമായി കളം നിറയുന്നുണ്ട്.  അവനെ പള്ളിയിൽ നിന്നു ഭൃഷ്ട് കൽപ്പിച്ചു പുറത്താക്കി കളയുന്നതാണ് അന്ത്യം. തൻ്റെ മാതാപിതാക്കളെപ്പോലെ അവൻ യേശുവിനെ അറിയുന്നില്ലാ എന്നു പറഞ്ഞില്ല. എല്ലാവരാലും  ഉപേക്ഷിക്കപ്പെട്ടവനായി ഇരുളടഞ്ഞ ജീവിതത്തതിൽ വെളിച്ചമായവനെ അത്രപെട്ടെന്നു ഉപേക്ഷിക്കുവാൻ അവനു കഴിയുമായിരുന്നില്ല. വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന സ്നേഹം പ്രവർത്തിപഥത്തിലേക്കു എത്തുവാൻ വില കൊടുത്തേ മതിയാകു. അതിനു നഷ്ടങ്ങൾ ഉണ്ടാകും. ചിലപ്പോൾ വിലയേറിയതായി എണ്ണിത്തിട്ടപ്പെടുത്തിയെതൊക്കെ നഷ്ടപ്പെടും. യേശുവിലേക്കു എത്തപ്പെടണമെങ്കിൽ ഈ നഷ്ടത്തിൻ്റെ തോത് വളരെവലുതായിരിക്കും. ഈ സൗഖ്യമായ വ്യക്തിയോടു ദൈവം ചെയ്ത കരുണ എത്ര വലുതായിരുന്നു എന്നുള്ളതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. അവൻ്റെ വ്യക്തിപരമായ സാക്ഷ്യം പരീശന്മാരുടെ മുൻപിലെ ഇപ്രകാരമായിരുന്നു “കുരുടനായി പിറന്നവൻ്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.” (വാ 9:32)  അവനെ ഈ ലോകത്തിൽ ഐഹികമായി കണ്ടുമുട്ടുന്ന ആദ്യത്തെ അവസരത്തിൽ കർത്താവിൻ്റെ ആദ്യത്തെ പ്രസ്താവന “ഇവനിൽ ദൈവീക പ്രവർത്തി വെളിപ്പെടുവാനായിട്ടാണ് ഇവൻ കുരുടനായിപ്പിറന്നതു എന്നാണ്.” ഒരു പക്ഷേ നാമും പലപ്പോഴും ചിന്തിക്കും ഞാൻ മാത്രം എന്താണ് ഇങ്ങനെ? ഏറ്റവും അവഗണിക്കപ്പെടുവാൻ, ഒഴിവാക്കപ്പെടുവാൻ, നിരന്തരം പരിഹസിക്കപ്പെടുവാൻ…. ഈ ചോദ്യങ്ങളുടെ എല്ലാം പര്യവസാനം ദൈവപ്രവർത്തി നിങ്കൽ വെളിപ്പെടുവാനാണ് എന്നതാണ്. എന്തെങ്കിലും വെറുതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതല്ല. അവഗണിക്കുവാൻ ആകാത്ത രോഗം, ഉപേക്ഷണം, സാമ്പത്തിക പരാധീനതകൾ… ഇവയെല്ലാം ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ വെറുതെ കയറിക്കൂടുകയില്ല.

എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അവനു കാഴ്ചതിരികെ കിട്ടിയതല്ല. അവൻ്റെ സ്വർഗ്ഗപ്രവേശനത്തിനു കർത്താവു കൊടുത്ത വിലമതിക്കുവാനാവാത്ത സാധ്യതകളാണ്. അയൽക്കാരുടെയും പരിചയക്കാരുടെയും ചോദ്യത്തിനു അവൻ്റെ യേശുവിനെപ്പറ്റിയുള്ള ആദ്യ മറുപടി “യേശു എന്നു പേരുള്ള മനുഷ്യൻ” എന്നായിരുന്നു.  നിൻ്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നുള്ള പരീശന്മാരുടെ ചോദ്യത്തിന് അവൻ്റെ കാഴ്ചപ്പാടു കുറച്ചുക്കൂടെ മാറി “അവൻ ഒരു പ്രവാചകൻ” എന്നു ഉത്തരം നൽകുന്നു. പള്ളിയിൽ നിന്നു പുറത്താക്കപ്പെടുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ അവൻ ഗുരുവാണെന്ന് മനസിലാക്കുന്നു. അവിടത്തന്നെ നിന്നു കൊണ്ടു അവൻ പ്രസ്താവന നടത്തുന്നു “ദൈവത്തിൻ്റെ അടുക്കൽനിന്നു വന്നവൻ”. നിരന്തരം ചോദ്യം ചോദിച്ചു കുഴക്കിയവരിൽ നിന്നും വ്യത്യസ്തനായി കർത്താവു അവനോടു ചോദിക്കുന്ന ഒരേ ഒരു ചോദ്യം “നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ” ആ നിമിഷം അവൻ കർത്താവിൻ്റെ മുൻപിൽ അവൻ്റെ മുഴംകാലുകളെ മടക്കുകയാണ് . ഏറ്റവും വലിയ വെളിപ്പാടു അവനു ലഭിക്കുകയാണ്.  പഴയനിയമ പ്രവാചകൻമാരും പിതാക്കന്മാരും കാണുവാൻ ആഗ്രഹിച്ചവൻ തൻ്റെ മുൻപിൽ തന്നെത്തന്നെ വെളിപ്പെടുത്തി നില്ക്കുന്നു.    കാഴ്ചയുണ്ടെന്നു നടിച്ചു ചുറ്റും കൂടി നിന്നവർ,  നിരന്തരം തങ്ങളുടെ മുൻപിൽ ഒരു നേരത്തെ ആഹാരത്തിനായി ഇരന്നവനെ അവഗണിച്ചു വഴിമാറിപ്പോയവർ, അവൻ്റെ സന്തോഷത്തിൽ പങ്കുചേരാതെ മാറിനിന്നവർ , നിത്യജീവനേക്കാൾ പള്ളിയിലെ അവകാശങ്ങൾക്കു വിലകല്പിച്ചവർ എല്ലാവരെയും ലജ്ജിപ്പിച്ചു ഈ നിമിഷം. അവനു ലഭിച്ചതു പ്രോഗ്രസ്സിവ് റെവലേഷൻ അല്ലെങ്കിൽ പുരോഗമിച്ചു കൊണ്ടിരുന്ന  വെളിപ്പാട് ആണ്.

രണ്ടുസ്ഥലത്തും ഉൾപ്പെടാത്ത പരിശന്മാരിൽ ചിലരുടെ ചോദ്യത്തോടെയാണ് ഈ അദ്ധ്യായം യോഹന്നാൻ അവസാനിപ്പിക്കുന്നത് “ഞങ്ങളും കുരുടന്മാരാണോ” എന്നതാണു ആ ചോദ്യം. യേശു കർത്താവിൻ്റെ ഉത്തരം  “നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു”. ന്യായവിധിയെക്കുറിച്ചു വ്യക്തമായ രേഖാചിത്രവും കർത്താവു നൽകുന്നു “കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു”  യോഹന്നാൻ തന്നെ എഴുതിയ സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ കർത്താവു പറയുന്നത് കേൾക്കുക ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.”
സഹോദരങ്ങളെ ഒരുവൻ നിൽക്കുന്നു എന്ന് എപ്പോൾ തോന്നുന്നുവോ അവൻ വീഴും. എല്ലാം അറിയാമെന്നു നടിച്ചു മറ്റുള്ളവരെ നിയന്ത്രിക്കുവാനും വിമർശിക്കുവാനും മാത്രം നാം ശ്രമിക്കുമ്പോൾ നാം മറ്റുള്ളവരെക്കാൾ മെച്ചമാണെന്ന സ്വയ നീതിയോടുകൂടെയാകരുത് അത്. ആത്മാവിലെ ദാരിദ്ര്യമാണ് സ്വർഗ്ഗ പ്രവേശനത്തിന്റെ വാതിലുകളെ നമ്മുടെ മുൻപിൽ തുറന്നിടുന്നത്. നമ്മുടെ നിസ്സഹായാവസ്ഥയിൽ എനിക്കു കഴിയില്ല കർത്താവേ എന്ന നിലവിളിയാണ് ഓരോ ഭക്തനെയും മുൻപോട്ടു നയിക്കേണ്ടത്. ഈ ലോകത്തിലെ സുഗമമായ ജീവിതത്തിനു കർത്താവിനെ നാം പലപ്പോഴും ആശ്രയിക്കാറുണ്ട്. എല്ലാം സമാധാനമായി പോകുവാൻ. എല്ലാം നല്ലതു തന്നെയാണ്. പക്ഷേ ഈ ആശ്രയം നമ്മുടെ വിശുദ്ധജീവിതത്തിനുള്ള വാഞ്ഛയായി തീരുമെങ്കിൽ എനിക്കു ഒരു വിശുദ്ധ ജീവിതം നയിക്കുവാൻ കഴിയില്ലായെന്ന തിരിച്ചറിവോടുക്കൂടെ കർത്താവിൻ്റെ മുൻപിൽ ചെല്ലുമെങ്കിൽ നമുക്കു കഴിയാത്ത നമുക്കു അപ്രാപ്യമെന്നു തോന്നുന്ന സകലത്തിലും അവൻ നമ്മെ ജയോത്സവമായി നടത്തും. ദാവീദു സങ്കീർത്തനത്തിൽ പറയുന്നത് “നിന്നാൽ ഞാൻ പടകൂട്ടത്തിൻ്റെ നേരെ പാഞ്ഞു ചെല്ലുമെന്നാണ്, എൻ്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കുമെന്നും”. വിശുദ്ധ ജീവിതം നയിക്കണമെന്ന വല്ലാത്ത അഭിനിവേശം നമ്മിലുണ്ടെങ്കിൽ കർത്താവു ഈ മതിലുകളെ  ചാടിക്കടക്കുവാൻ നമ്മെ സഹായിക്കും.
കുരുടനായി പിറന്നെങ്കിൽ എന്ത്? എല്ലാവരാലും അവഗണിക്കപ്പെട്ടെങ്കിൽ എന്ത്? നിരന്തരം നിന്ദ അനുഭവിച്ചെങ്കിൽ എന്ത്? എന്നെ കാണുന്നവൻ എന്നെ കാണുന്നു ….

<< Back to Articles Discuss this post

0 Responses to "പ്രോഗ്രസ്സിവ് റവലേഷൻ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image