തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം
തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം രണ്ടു പകുതികളുടേതാണ്. യോജിക്കാത്ത രണ്ടു പകുതികൾ. ദൈവത്തെ തന്റെ മഹത്വത്തിനൊത്തവണ്ണം സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് ആദ്യത്തെ പകുതി. എന്നാൽ രണ്ടാം പകുതി കുറച്ചു സങ്കീർണ്ണം നിറഞ്ഞതാണ്. മുന്നറിയിപ്പാണ്. സുഗമമായി യാത്ര ചെയ്ത ഒരു പാതയിൽ പെട്ടെന്നു മുന്നറിയിപ്പിന്റെ ബോർഡുകൾ തെളിഞ്ഞു നിൽക്കുന്നു. ഒന്നിലേറെ സൂചകങ്ങൾ വഴിയോരങ്ങളിൽ പ്രത്യക്ഷമാകുന്നു. ഒന്നുകിൽ അവഗണിച്ചു മുൻപോട്ടു പോകാം അല്ലെങ്കിൽ ജാഗ്രത പുലർത്താം. സൂചകങ്ങൾ അധികൃതർക്കു സ്ഥാപിക്കുവാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ടാകും. അവരുടെ ഇന്നലകളിലെ പരിചയമാകാം. കൂടുതൽ പേർ ഇനിയും തിരിച്ചറിവുള്ള ബോധ്യമുള്ള ആ അപകടത്തിൽ പെടാതിരിക്കുവാനുള്ള നിതാന്ത ജാഗ്രതയാകാം.
യിസ്രായേൽ നാൽപ്പതു വർഷം മരുഭൂമിയിൽ കൂടി യാത്ര ചെയ്തത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജാതിയെന്ന പേരിലായിരുന്നുവെങ്കിലും ആ തലമുറയിൽ ആരോടും സ്നേഹം വച്ച് പുലർത്തുവാൻ ദൈവത്തിനു സാധിച്ചില്ലായെന്നതാണ് ഈ മുന്നറിയിപ്പിന്റെ കാതലായ ഭാഗം. അവരെ ഒക്കത്തു എടുത്താണ് യാത്ര ചെയ്തത്. ഞങ്ങൾക്കു ശക്തന്മാരുടെ ഭോജനം നൽകിയാണ് നടത്തിയത് എന്നു നമ്മൾ പറയുന്നതു പോലെ അവർക്കും പറയാനുണ്ട് . ഞാൻ ശക്തമായി പ്രാർത്ഥിച്ചു സഹോദരാ അതു കൊണ്ട് എനിക്കെല്ലാം ലഭിച്ചു എന്നു നമുക്കും സാക്ഷ്യം പറയാനുണ്ട്. എന്നാൽ പരീക്ഷാ കാലഘട്ടത്തിൽ അവർ കലഹിച്ചാണ് അവരുടെ കാര്യം സാധിച്ചെടുത്തത് എന്നാണ് സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നത്. ഒക്കത്തു എടുത്തു നടക്കുമ്പോഴും ദൈവത്തിന്റെ ഹൃദയം അവരോടുള്ള നീരസത്താൽ ഘനീഭവിച്ചിരുന്നു. പരീക്ഷാ കാലഘട്ടം നമ്മെ വിശുദ്ധികരണത്തിലേക്കു ദൈവം നടത്തുന്ന സമയമാണ്. ആ സമയം മിണ്ടാതിരുന്നു ദൈവമെന്നു അറിയണ്ട സമയം. ഈ സമയമാണ് കലഹിക്കുവാൻ സാധ്യതയുള്ള സമയം. കർത്താവിന്റെ പ്രവർത്തി നിരന്തരം അനുഭവിച്ചറിഞ്ഞിട്ടും മസ്സാ നാളിൽ അവർ കലഹിച്ചു. ഞങ്ങളെ എന്തിനാണ് മിസ്രയിമിന്റെ അടിമത്വത്തിൽ നിന്നും പുറത്തു കൊണ്ടു വന്നതെന്നു ചോദിച്ചു അവർ മത്സരിച്ചു. ജീവനുള്ള ദൈവത്തെ ത്യജിച്ചു പറയുന്ന ദുഷ്ട ഹൃദയം അവരുടെ ഉള്ളിൽ രൂപപ്പെട്ടു വന്നു.
ദൈവത്തിന്റെ പ്രസാദത്തിൽ നമുക്കു നൽകാത്തതെല്ലാം മോഹത്തിന്റെ പ്രേരണയാൽ കലഹിച്ചു മേടിക്കാറുണ്ട്. അതിനു നാം മനോഹരമായ നാമവും കൊടുത്തിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങൾക്കായി ഒരു മൂന്നു ഏഴു ഇരുപത്തിയൊന്നു അങ്ങനെ നീണ്ടു പോകുന്ന ഉപവാസം. ദൈവം നമ്മുടെ നന്മയെ കരുതി നൽകുവാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പിടിച്ചു മേടിക്കുവാനുള്ള കർത്താവിനോടുള്ള കലഹം. നിങ്ങളുടെ ഭോഗങ്ങളിൽ ചിലവിടേണ്ടതിനുള്ള വല്ലാത്ത യാചനയെന്നു യാക്കോബ് അപ്പോസ്തോലൻ അതിനു പേരു നൽകി വിളിച്ചു. വല്ലാത്ത യാചനയാൽ നേടിയെടുക്കുന്ന ഒരുവനും സ്വസ്ത്ഥയിൽ പ്രവേശിക്കുകയില്ലായെന്ന മുന്നറിയിപ്പോടെയാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം അവസാനിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ യാതൊരു പ്രതീക്ഷയും നൽകാതെയാണ് ഈ അദ്ധ്യായം അടയ്ക്കുവാൻ ദാവീദിന് പരിശുദ്ധാത്മാവ് നിർദ്ദേശം നൽകുന്നത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ രണ്ടു പകുതികളെയും യോജിപ്പിക്കുന്ന ഒരു വരി അതിന്റെ എട്ടാം വാക്യത്തിൽ ലഭിക്കുന്നു. "ഇന്നു നിങ്ങൾ അവന്റെ ശബ്‌ദം കേൾക്കുന്നുവെങ്കിൽ" അതാണ് ഒരു നുറുങ്ങു വെട്ടം. മടങ്ങി വരുവാനുള്ള ആഹ്വാനം. ഇന്നു നിങ്ങൾക്കു ദൈവത്തിന്റെ ശബ്‌ദം കേൾക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ മടങ്ങി വരിക. നാം ഒട്ടുമിക്ക സമയങ്ങളിലും ദൈവത്തിനു സ്തുതികൾ അർപ്പിക്കുന്നത് നമ്മുടെ സംരക്ഷണവുമായുള്ള ബന്ധത്തിലാണ്. കഴിഞ്ഞ രാത്രി, കഴിഞ്ഞ ആഴ്ച, കഴിഞ്ഞ മാസം, നമ്മെ നടത്തിയ പരിപാലിച്ച സംരക്ഷിച്ച, സമാധാനം നൽകിയ... നമ്മുടെ സ്തുതികളുടെ കാരണങ്ങളാണ്. എന്നാൽ ആദ്യ പകുതിയായ തൊണ്ണൂറ്റഞ്ചാം സങ്കീർത്തനത്തിന്റെ ആദ്യത്തെ വാക്യം നമ്മുടെ രക്ഷയുടെ വിലയെ മനസ്സിലാക്കിയാണ് സ്തുതിക്കേണ്ടത് എന്നു നമ്മെ പഠിപ്പിക്കുന്നു. എങ്ങനെയാണു രക്ഷയുടെ മൂല്യം നാം മനസ്സിലാക്കുന്നത്. നമുക്കുണ്ടാകേണ്ട സകല അപമാനങ്ങളെയും അലക്ഷ്യമാക്കി അവൻ ക്രൂശിനെ സഹിച്ചു. പത്രോസ് അപ്പോസ്തോലൻ തന്റെ ലേഖനത്തിൽ ഇങ്ങനെയാണ് പറയുന്നത് "നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിനു അവൻ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ടു ക്രൂശിന്മേൽ കയറി" നമ്മെ കർത്താവിന്റെ ഭവനക്കാരാക്കുവാനായി അവൻ കാണിച്ച കരുണ ഓർത്താണ് നാം സ്തുതിക്കേണ്ടത്. അവന്റെ ഭയങ്കരത്വം ഓർത്തു അവന്റെ മുൻപിൽ മുട്ടു മടക്കുവാനും ദാവീദു നമുക്കു ബുദ്ധിയുപദേശിക്കുന്നു.
0 Responses to "തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം"
Leave a Comment