പിക്നിക്
വർഷാന്ത്യത്തിലും വർഷാരംഭത്തിലും വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന ഭാഗ്യ ദിനങ്ങൾ ആണ് തണുപ്പേറിയ ദുബായ് ദിനങ്ങൾ. യൂറോപ്പ്കാരെപ്പോലെ കമ്പിളിക്കുപ്പായമൊക്കെ ധരിച്ചു നടക്കുവാൻ കിട്ടുന്ന അപൂർവ്വ ദിവസങ്ങൾ. ഫെബ്രുവരി മൂന്ന് അങ്ങനെ അപൂർവ്വ ദിനങ്ങളിലൊന്നായിരുന്നു തണുപ്പുകൊണ്ടും മാറാനാഥാ കുടുംബം ഒന്നിച്ചു കൂടിയതുകൊണ്ടും. ഞങ്ങൾ ഒൻപതുമണിക്കു എത്തുമ്പോഴേക്കും സന്നദ്ധപ്രവർത്തകരായ യുവത സോണി ബ്രദറിൻറെയും ശിൽപ സിസ്റ്ററിന്റേയും നേതൃത്വത്തിൽ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിക്കഴിഞ്ഞിരുന്നു. ക്രീക്ക് പാർക്കിന്റെ നാലാം നമ്പർ പ്രവേശന കവാടത്തിൽ സ്വീകരിക്കുവാനും ഞങ്ങൾ എത്തേണ്ട ഉദ്യാനത്തിലേക്കുള്ള വഴികാട്ടികളായി ആഡ്ലിയും ക്രിസും കാത്തുനിൽപ്പുണ്ടായിരുന്നു.
കണ്ണെത്തുന്ന ദൂരമെല്ലാം നിന്റേതാണെന്നുള്ള പഴമൊഴി വിശ്വസിച്ചായിരിക്കും ഒരു റിബൺ കൊണ്ടു ഞങ്ങൾക്കു വിരാജിക്കേണ്ട അതിരുകൾ അവർ വിശാലമാക്കി കെട്ടിത്തിരിച്ചിരുന്നത്. തണുപ്പിനു ആധിക്യം ഏറി വരുന്നതിനാൽ ഞാൻ കരുതികൊണ്ടുവന്ന സ്വെറ്റർ അധികം താമസിക്കാതെ തന്നെ എനിക്കു അണിയേണ്ടിവന്നു. കിളികളുടെ കളകളാരവം കർണ്ണപുടങ്ങളെ മാത്രമല്ല നാടിൻറെ സ്മരണകളെ കൂടെ ഉണർത്തുന്നു എന്നു റോബിൻ പാസ്റ്ററിന്റെ നിരീക്ഷണം. ഓരങ്ങളിലെല്ലാം നിറയെ മരങ്ങളും പാർക്കിന്റെ മധ്യഭാഗത്തു യഥേഷ്ടം സഞ്ചരിക്കുവാനുള്ള സ്ഥലവും നിലനിർത്തി ചെറിയ മൊട്ടക്കുന്നുകളും പുൽത്തകിടികളുമായി മനോഹരമായി ആസൂത്രണം ചെയ്തിരിക്കുന്നതു കാണുമ്പോൾ ഒരു മരുഭൂമിയിലാണ് നമ്മൾ നിൽക്കുന്നത് എന്നു മറന്നു പോകും. പാർക്ക് പതിവിലും സുന്ദരിയായി കാണപ്പെട്ടു. സഹോദരങ്ങൾ ഓരോരുത്തരായും കുടുംബങ്ങളായും എത്തിക്കൊണ്ടിരുന്നു. അധികം കാത്തു നിൽക്കാനവസരം നൽകാതെ തന്നെ ജക്സി പാസ്റ്റർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രവുമണിഞ്ഞു എത്തി. ഒറ്റ തിരിഞ്ഞും കൂട്ടായും ഉള്ള വെറുതെയുള്ള ചർച്ചകൾ ആരംഭം കുറിക്കുന്നതിനു മുൻപേ പ്രാർത്ഥിച്ചാരംഭിക്കാമെന്നുള്ള നിർദ്ദേശം മോനച്ചായനിൽ നിന്നെത്തി. റോബിൻ പാസ്റ്റർ പ്രാർത്ഥിച്ചു. ഒരു പ്രാർത്ഥനകൊണ്ടായാലും മഹത്വവാനായ ദൈവത്തെ ഉയർത്തുവാൻ അവസരം ലഭിച്ചല്ലോയെന്ന ചിന്തയാണ് എന്റെ ഹൃദയത്തിൽ ഓടിയെത്തിയത്. സംവിധായകർ അണിയുന്ന തരത്തിലുള്ള തൊപ്പിയും ധരിച്ചു പ്രശാന്ത് ബ്രദർ എത്തുമ്പോഴേ ആ തൊപ്പി മേടിച്ചു അണിയുവാനുള്ള മോഹം എന്റെ ഉള്ളിൽ തലപൊക്കി. എന്റെ അതിലേക്കുള്ള നോട്ടം കണ്ടപ്പോഴേ പാവം എനിക്കു അത് ഊരിത്തന്നു. കളികൾ ആരംഭിക്കുന്നുവെന്ന ഉച്ചഭാഷിണിയിൽ കൂടെ ക്ലിഫിന്റെ ശബ്ദം പുറത്തേക്കെത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾ എല്ലാം ആവേശത്തിലായി. ഒന്നു രണ്ടു അവസരങ്ങൾ കുഞ്ഞുങ്ങൾക്കു കൊടുത്തപ്പോഴേക്കും മുതിർന്നവർക്കുള്ള മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ അവർ നടത്തി കഴിഞ്ഞിരുന്നു. ബലൂൺ ചവിട്ടി പൊട്ടിക്കുന്ന ഒരു തരം കളി. ഒരവസരത്തിൽ ബലൂൺ ചവിട്ടിന്റെ ആവേശം കൊടുമുടി കയറി. അവസാനം വരെ തങ്ങളുടെ ബലൂണുകൾ അപരന്റെ കാലുകൾക്കു വിട്ടുകൊടുക്കാതെ സൂക്ഷിക്കുവാനും മത്സരം ആവേശത്തിലേക്കു എത്തിക്കുവാനും റോജു ബ്രദറിനും ആനന്ദിനും സാധിച്ചു. നോക്കിനിൽക്കേ ആനന്ദ് ആ കൃത്യം നിർവ്വഹിച്ചു. സഹോദരിമാരും ബലൂൺ പൊട്ടിക്കുന്നുവെന്ന വ്യാജേന അപരയെ ചവിട്ടുവാനുള്ള അവസരം കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നു. ഒടുക്കം അലീന മത്സരത്തിൽ വിജയിച്ചു. സമൂസയും ചിക്കൻ റോളും ചായയും വേഗത്തിൽ തീർത്തു ചായ മാത്രം ബാക്കിയാക്കി ഞങ്ങൾ അടുത്ത മത്സരത്തിലേക്കു നീങ്ങി.
ഇനിയും വടംവലിയുടെ നിമിഷങ്ങൾ ആണ്. കോമ്പറ്റീഷൻ ഐറ്റം ആണെങ്കിലും അതിനു സമ്മാനം ഒന്നുമില്ലായെന്ന പ്രഖ്യാപനവും മത്സരത്തിന്റെ ആവേശം തെല്ലും കുറച്ചില്ല. കുറച്ചേറെ സമയം നീണ്ട വടം വലികൾക്കുവസാനം തങ്ങളുടെ ആരാഗ്യവും അനാരോഗ്യവും തിരിച്ചറിഞ്ഞു മത്സരം അവസാനിച്ചു. ഒരു വേള കബഡികളികൂടെ ആസൂത്രണം ചെയ്താലോ എന്ന നിർദ്ദേശം പണ്ടെപ്പോഴോ നടന്ന അപകടം മത്സരം പാടെ ഒഴിവാക്കുവാൻ സംഘാടകരെ നിർബന്ധിതരാക്കി. ഇനിയും സ്ത്രീകൾക്കു മാത്രമുള്ള നൂൽ കോർപ്പാണ്. രണ്ടു മിനിറ്റായിരുന്നു സമയം എന്നാണ് എന്റെ ഓർമ്മ. ഈ രണ്ടു മിനിട്ടിനുള്ളിൽ കൂടുതൽ സൂചികൾക്കകത്തേക്കു നൂൽ കോർത്ത് ഇടുക. സൂചി കോർക്കുന്നതു ആദ്യമായി കാണുന്നവർ വരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ഒടുക്കം ഏഴു സൂചികുഴയിലൂടെ നൂൽ കയറ്റിയിറക്കി തന്റെ വൈദഗ്ത്യം ജൂലി സാം സ്ഥാപിച്ചു. സൂചി കോർക്കുവാൻ ഈ സഹോദരിമാർ പെടുന്നപ്പാട് കണ്ടപ്പോഴാണ് ഒട്ടകത്തെ സൂചിക്കുഴയിലൂടെ കയറ്റിവിടുന്നത് ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനേക്കാൾ എളുപ്പമാണെന്നുള്ള കർത്താവിന്റെ മൊഴി ഭയപ്പെടുത്തുന്നത്. ഞാൻ കാണാതെ പോയ ഒരു മത്സരയിനമാണ് അടുത്തായി നടന്നത്. കുട്ടക്കകത്തേക്കു ബോൾ എറിഞ്ഞിടുക. ഏറ്റവും കൂടുതൽ ബോൾ കണ്ടെത്തിയത് യേശുദാസ് ലെസ്ലി ദമ്പതികളാണ്.
ഇനിയും ഒരു പ്രത്യകതരം മത്സരമാണ്. നാലഞ്ച് ടീമുകൾ, കുറേയധികം ആളുകൾ ഓരോ ടീമിലും. മൂക്കിനും ചുണ്ടിനും ഇടയിൽ സുരക്ഷിതമായി ഉറപ്പിക്കുന്ന സ്ട്രോകൾ. നിർദ്ദേശിച്ചിരിക്കുന്ന വരകൾ കടന്നുകഴിഞ്ഞാൽ പത്തു അടിയോളം ദൂരത്തു മേശമേൽ വച്ചിരിക്കുന്ന ഗ്ലാസ്സുകളിലേക്കു മറ്റു യാതൊരു അവയവങ്ങളുടെയോ സഹായം തേടാതെ കൃത്യമായി നിക്ഷേപിക്കുക. കൂടുതൽ സ്ട്രോകൾ ഇപ്രകാരം നിക്ഷേപിക്കുന്ന ടീം വിജയികളാകുന്നു ഇതായിരുന്നു മത്സരത്തിന്റെ നിബന്ധന. മത്സരത്തിൽ പങ്കെടുത്തവരുടെയെല്ലാം മുഖത്തിന്റെ ഭാവങ്ങൾ ക്യാമറ കണ്ണുകളിലൂടെ ക്രിസ് ഒപ്പിയെടുത്തതു എത്ര വിചിത്രമായ ഭാവങ്ങളും തങ്ങൾക്കു അനായാസേന കൈകാര്യം ചെയ്യാമെന്ന് തെളിയിക്കുന്നതായിരുന്നു.
കായികമായ മത്സരങ്ങൾ എല്ലാം ഒരുവിധം പൂർത്തിയായപ്പോഴേക്കും ഭക്ഷണത്തിനുള്ള ചിട്ടവട്ടങ്ങൾ എല്ലാം ക്രമീകരിക്കപ്പെട്ടിരുന്നു. വരിവരിയായി ഭക്ഷണം എടുത്തു ഓരോരോ ദിക്കിലേക്ക് മാറി മറ്റൊരു മത്സരം ആരംഭിച്ചു കഴിഞ്ഞു എല്ലാവരും. ഭക്ഷണ സമയത്തേക്ക് ശനിയാഴ്ച ജോലിയുള്ളവരും പകുതി ദിവസമായി തങ്ങളുടെ ജോലികൾ തീർത്തു പിക്നികിന്റെ ഭാഗമായി കഴിഞ്ഞു. കുറച്ചേറെ വർഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്കു കുടിയേറിയ ഷിബു ബ്രദർ ഷീജ സിസ്റ്ററും കുറച്ചു സമയത്തേക്കു ഞങ്ങളുടെ ഒപ്പം ചേർന്നു അവരുടെ സന്തോഷ നിമിഷങ്ങൾ പങ്കു വച്ചു.
മത്സരങ്ങളുടെ ചൂടിനും തണുപ്പിന്റെ ആധിക്യത്തെ ഒട്ടും കുറയ്ക്കുവാൻ മതിയാകുമായിരുന്നില്ല. എപ്പോഴോ യേശുദാസ് ബ്രദർ കൊടുത്ത മഫ്ലർ പാസ്റ്റർ ചുറ്റി. വീടുകളിൽനിന്നും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ അവഗണിച്ചവർ ദുഖിക്കുന്നുണ്ടാവും.
ഭക്ഷണത്തിനു ശേഷം കായികമത്സരങ്ങൾ അത്രകണ്ട് ഫലം കൊടുക്കില്ലായെന്നു മുൻകൂട്ടി കണ്ടതിനാലാകാം കാലേ കൂട്ടിയവർ കായികക്ഷമത വേണ്ട കളികളെല്ലാം ഭക്ഷണത്തിനു മുൻപേ അവസാനിപ്പിച്ചത് . ഭക്ഷണത്തിനും ഒരു സ്വല്പ സമയത്തെ വിശ്രമത്തിനും ശേഷം വീണ്ടും ഞങ്ങൾ കളികൾ പുനരാരംഭിച്ചു. കസേരളിലും പായ് കളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു എല്ലാവരും നിരന്നു. ഇനിയും ബൈബിൾ അടിസ്ഥാനമാക്കി ഒരു സംഭവമോ ഒരു വ്യക്തിയുടെയോ കാര്യങ്ങൾ ചെറിയ ചില തുണ്ടു കടലാസിൽ കുറിച്ചത് രണ്ടായി തിരിച്ച ടീമിൽ നിന്നും ഒരാൾ വന്നു അഭിനയിച്ചു കാണിക്കണം. ഒരു മിനിറ്റിനുള്ളിൽ നിർദ്ദേശിക്കപ്പെട്ട ടീം ആ സംഭവമോ വ്യക്തിയെയോ മനസ്സിലാക്കിയാൽ പോയിന്റ് കിട്ടും. അഭിനയിച്ചു കാണിക്കുന്നത് വളരെയെളുപ്പമാണെന്നുള്ള കണക്കുക്കൂട്ടലുകളെ എല്ലാം തകർക്കുന്നതായിരുന്നു ഈ മത്സരം. എന്തായാലും പുരുഷന്മാരുടെ ടീം ആണ് വിജയികളായത്. അഭിനയിച്ചു ഫലിപ്പിക്കുവാൻ അവരായിരുന്നോ മിടുക്കന്മാർ. ആർക്കറിയാം...
ഇനിയും അവസാനത്തെ മത്സരയിനമാണ്. ക്വിസ്. ഇരുപത്തിയഞ്ചു ചോദ്യങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നത്. "യേശുക്രിസ്തു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും വിശ്വസിപ്പാൻ യോഗ്യവുമായ വചനം തന്നെ" ആ പാപികളിൽ ഒന്നാമൻ ആരെണെന്നുള്ള ചോദ്യത്തിനു ആ ഒന്നാമൻ ഞാനാണെന്നുള്ള കൃത്യമായ ഉത്തരം ബ്രദർ റോജുവാണു നൽകിയത്. സിസ്റ്റർ ആനി ജോബി , സിസ്റ്റർ സിന്ധു മാത്യു , ബ്രദർ മാത്യു (ഇന്റർ നാഷണൽ സിറ്റി ) എന്നിവർ വിജയികളായി.
ജീവിതത്തിൽ പുതിയ വർഷം ആരംഭിക്കുന്ന സഹോദരങ്ങളായ അനൂപ് കുടുംബവും റ്റിറ്റി ബ്രദറിനായും പാസ്റ്റർ പോൾ ഏബ്രഹാം പ്രാർത്ഥിച്ചു. വിജയികൾക്കു തോമസ് വൈദ്യൻ ബ്രദർ , പാസ്റ്റർ പോൾ ഏബ്രഹാം ബ്രദർ മാത്യു പൂഴിക്കാട് എന്നിവർ സമ്മാനങ്ങൾ നൽകി. ഈ നിമിഷങ്ങൾ അവിസ്മരണിയമാക്കിയ സന്നദ്ധ സംഘങ്ങൾക്കു നന്ദി...( സോണി ശിൽപ ക്ലിൻസ് ക്രിസ് ക്ലിഫിൻ ആഡ്ലി മറിയ റെബേക്ക ആൻഡ്രിയ)
ഒരുമിച്ചിരുന്നൊരു ഫോട്ടോ. ആ ക്യാമറകണ്ണുകളിലൂടെ ഞങ്ങളെ മുഴുവനെയും ഒപ്പിയെടുത്ത അജ്ഞാത സുഹൃത്തിനും നന്ദി. പാസ്റ്റർ റോബിൻ പ്രാർത്ഥിച്ചവസാനിപ്പിച്ചു. എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഒത്തു ചേർന്ന മനോഹരമായ ചില മണിക്കൂറുകൾക്കുശേഷം ഞങ്ങൾ മടങ്ങുകയാണ്. ക്രീക്ക് തടാകത്തിന്റെ മീതേക്കൂടെ പടിപടിയായി ഉയർന്നു നിൽക്കുന്ന മൊട്ടക്കുന്നുകളും തണുപ്പേറിയ കാലാവസ്ഥയുടെ രസം ഒട്ടും ചോർത്തിക്കളയാതെ തിമിർക്കുന്ന കൂട്ടങ്ങളെയും വിട്ടേച്ചു ഞങ്ങൾ ഒറ്റക്കും കൂട്ടായും മടക്കം ആരംഭിച്ചു... സൂര്യന്റെ അന്തിപ്രകാശം ഹിമശൃംഗങ്ങളിലും മേഘപിളർപ്പുകളിലും ചായം തേച്ചു നിൽക്കുന്നു. ഞങ്ങൾ കൂടണയും മുൻപേ തന്നെ ദുബൈയുടെ തെരുവുകൾ നിയോൺ വിളക്കിൻറെ മായിക നിറങ്ങൾ ചിതറിച്ചു തുടങ്ങിയിരുന്നു.
0 Responses to "പിക്നിക് "
Leave a Comment