ഒൻപതുപേർ എവിടെ ?

Posted on
17th Jun, 2024
| 0 Comments

ശരിക്കും ആ ഒൻപതു പേർ എവിടെ? ആ അന്യജാതിക്കാരനെ കർത്താവിന്റെ അടുത്തു നിർത്തിയിട്ടാണ് ബാക്കിയുള്ള ഒൻപതു പേരെ തിരക്കി ഞാനും ഇറങ്ങിയത്. നന്ദിയില്ലാത്തവൻമാരാണെന്നു ആത്മഗതം പറഞ്ഞാണ് തിരച്ചിലാരംഭിച്ചതു തന്നെ. മനുഷ്യർക്കു ഇങ്ങനെയാകുവാൻ കഴിയുമോ എന്നു തിരയുന്ന കൂട്ടത്തിൽ ഞാനാണ് ആദ്യം മൊഴിഞ്ഞത്. കുറ്റപ്പെടുത്തുന്ന ഓരോ വാക്കുകളും ആ ഒൻപതുപേരിലേക്കു ചൊരിയുമ്പോഴും എന്റെ ഉള്ളിൽ എനിക്കു എന്നെ നന്ദിയുള്ളവനാക്കുവാനുള്ള വ്യഗ്രതയായിരുന്നു. ഒന്നും തിരിച്ചു കൊടുക്കണ്ടാ വന്നൊന്നു കണ്ടു ഒരു നന്ദി വാക്ക്. ഒൻപതുപേരെയും കുറ്റം പറഞ്ഞു തന്നെയാണ് തിരച്ചിൽ തുടരുന്നത്. സത്യത്തിൽ ആ ഒൻപതു പേരെയല്ല ഒൻപതു പേരിലുള്ള എന്നെ തന്നെ തേടിയാണ് ഞാൻ ഇറങ്ങിയത്. ഒൻപതു പേരെ തേടിയുള്ള യാത്രയിൽ അകലെ വച്ചേ പുറം തിരിഞ്ഞു നടക്കുന്നവരിൽ ഞാൻ ഉണ്ടാകല്ലേയെന്ന പ്രാർത്ഥനയുണ്ടായിരുന്നു. പ്രാർത്ഥിക്കുവാൻ കാരണം എനിക്കു നന്ദി ലേശവുമില്ലാത്തവനായതിനാലാണ്. എല്ലാം എന്റെ യോഗ്യതയാൽ ലഭിച്ചതിനാൽ എനിക്കു ആരോടും വിധേയത്വത്തിന്റെ ആവശ്യമില്ലായെന്നു എനിക്കു സ്വയം ബോധ്യമുണ്ടായിരുന്നു. പ്രവർത്തികൾ കൊണ്ടും ലഭിക്കേണ്ട അവകാശം കൊണ്ടു ലഭിച്ചതിനു എന്തു നന്ദിയെന്നായിരുന്നു എന്റെ ഭാഷ്യം. നന്ദിയുള്ള ഹൃദയമുണ്ടാകണമെന്നു ഉപദേശിക്കുമ്പോഴും എനിക്ക് അതിന്റെ ആവശ്യമില്ലായെന്നു തന്നെയാണ് എന്റെ പക്ഷം. ആ ഒൻപതു പേരിൽ പുറം തിരിഞ്ഞുള്ള നടപ്പിൽ എല്ലാവരെയും എനിക്ക് മനസ്സിലായില്ലെങ്കിലും എന്നെ പെട്ടെന്ന് തന്നെ എനിക്ക് തിരിച്ചറിയുവാനായി. സംശയിച്ചത് പോലെ തന്നെ ഞാനും ഉണ്ട് ആ കൂട്ടത്തിൽ.

ഉച്ചത്തിൽ മഹത്വപെടുത്തേണ്ട ആവശ്യമെന്താണ് ? നിലവിളിച്ചപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് നിലവിളിച്ചത്. ലഭിച്ചു കഴിഞ്ഞാൽ പിന്നെ തിരികെ നടക്കുവാൻ തോന്നിയില്ല. തന്നെയുമല്ല ഞാൻ കരഞ്ഞിട്ടല്ലേ. പ്രാർത്ഥന കഴിച്ചിട്ടല്ലേ? യോഗ്യത ഇല്ലാതെ എങ്ങനെയാണു ഒരുവനു ലഭിക്കുന്നത്? എന്റെ ഹൃദയത്തിൽ നന്ദിയും സ്നേഹവും ഉണ്ടല്ലോ എന്നായിരുന്നു എന്റെ ചിന്ത ഇക്കാലമത്രയും. എന്നാൽ നിർണ്ണായകമായ കർത്താവിന്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. പത്തുപേർ സൗഖ്യമായില്ലേ? ബാക്കിയുള്ളവരെവിടെ? ഒൻപതുപേർക്കും തങ്ങളുടെ സൗഖ്യം അവകാശമായി തോന്നിയപ്പോൾ ശമര്യക്കാരനു അതു കൃപയായി തോന്നി. ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു. നാം ജീവിക്കുന്നത്, നാം ഉറങ്ങുന്നത്, നാം എഴുന്നേൽക്കുന്നത്, ജോലിക്കു പോകുന്നത്, സുഖത്തോടെ ഇരിക്കുന്നത്, എല്ലാം എന്റെ യോഗ്യതയാൽ എന്ന് നിനക്കുന്നവർ നന്ദിയില്ലാതെ താന്താന്റെ വഴിക്കു പോകും. യോഗ്യതയില്ലാത്ത എനിക്ക് ലഭിച്ചല്ലോയെന്ന ചിന്ത നമ്മെ ഭരിക്കുന്നുവെങ്കിൽ ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു കാൽക്കൽ വീഴും. കാൽക്കൽ നന്ദിയോടെ വീഴുന്നവരോടുള്ള പ്രാണനാഥന്റെ മറുപടി. "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" എന്നതാണ്. സൗഖ്യം പ്രാപിക്കുവാനായിരുന്നില്ല അവന്റെ വിശ്വാസം പ്രവർത്തിച്ചത്. യേശു ദൈവമാണെന്നുള്ള തിരിച്ചറിവാണ് അവന്റെ രക്ഷയ്ക്ക് നിദാനമായത്. മടങ്ങിവരാത്ത ഒൻപതുപേരും സൗഖ്യത്തിന്റെ അപ്പുറത്തേക്കു ദീർഘവീക്ഷണം ഉള്ളവരായിരുന്നില്ല. അവർക്കു പുരോഹിതനെ കാണിച്ചിട്ടു മടങ്ങിയാൽ മതിയായിരുന്നു. യോഗ്യതകൊണ്ടു നേടിയതെന്ന ബോധ്യം നമ്മെ നന്ദിയില്ലാത്ത ഹൃദയത്തിനുടമകളാക്കുന്നു. സംതൃപ്തിയില്ലാത്ത ഒരു ഹൃദയത്തിനു നന്ദി ഉണ്ടാവില്ല. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുവാനറിയാത്തവർക്കും ദൈവത്തോടു നന്ദി പറയുവാൻ സാധ്യമല്ല. ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും നന്ദിയുടെ ഒരു മിടിപ്പുകൂടെ ചേരുന്നുണ്ടെങ്കിൽ നിഷ്ഫലമായി പോകില്ല നമ്മുടെ ജീവിതമത്രെയും. ഭക്തൻ പറയുന്നത് ഞാൻ എഴുന്നേൽക്കുന്നതും കിടക്കുന്നതും സംസാരിക്കുന്നതും ഭക്ഷിക്കുന്നതും നടക്കുന്നതും ഓടുന്നതും എന്തിനേറെ ശ്വാസം എടുക്കുന്നതും പുറത്തേക്കു കളയുന്നതും എല്ലാം അവിടുത്തെ കൃപയാണെന്നാണ്. നന്ദിയുള്ളപ്പോഴേ നമുക്ക് ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരുവാൻ സാധിക്കുകയുള്ളൂ. അപ്പോൾ മാത്രമേ ഉച്ചത്തിൽ മഹത്വപ്പെടുത്തുവാൻ കഴികയുള്ളൂ. പരിസരം എന്ന സ്വയത്തിന്റെ നിന്ദയുടെയും പരിഹാസത്തിന്റെയും ഇടം അപ്രസക്തമാകുകയുള്ളൂ.

ഞാൻ തിരക്കി നടന്ന എല്ലാ കവലകളിലും ആരാധനാലയനങ്ങളിലും ജോലിസ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും പോകുന്നിടത്തൊക്കെയും പല വേഷത്തിലും ഭാഷയിലും എല്ലാം ആ ഒൻപതു പേരെ ഞാൻ കാണുന്നുണ്ടായിരുന്നു. ആ ഇടങ്ങളിലെല്ലാം എന്റെ മുഖം തെളിഞ്ഞു നിൽക്കുന്നതു ഇളിഭ്യതയോടെ ഞാൻ കണ്ടു. തിരക്കിയിറങ്ങേണ്ടിയില്ലായിരുന്നുവെന്നു ഞാൻ ജാള്യതയോടെ ഓർത്തു. അവരെ പറഞ്ഞ പള്ളെല്ലാം എന്റെ നേരെ അസ്ത്രമായി തിരിഞ്ഞു കുത്തിക്കൊണ്ടേയിരുന്നു.

<< Back to Articles Discuss this post

0 Responses to "ഒൻപതുപേർ എവിടെ ?"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image