പറക്കുവാൻ ശീലിപ്പിക്കാനാണ്... നിലംപരിചാകില്ല... 

Posted on
3rd Oct, 2024
| 0 Comments

യെഹൂദന്മാരെ ഇനിയും റോമാ നഗരത്തിനാവശ്യമില്ലായെന്ന ക്ളൌദ്യൊസിന്റെ ഉത്തരവിനാൽ കെട്ടും കുടുക്കയുമൊക്കെ എടുത്തു ഇറ്റലിയിൽ നിന്നു മടങ്ങുകയാണ് ജൂതന്മാർ. ഒരു ജന്മം ഉണ്ടാക്കിയതൊക്കെ ഉപേക്ഷിച്ചു കൈയിലെടുക്കുവാൻ കഴിയുന്നതുമാത്രം എടുത്തു മടങ്ങുന്നതു പ്രവാസികളുടെ നിസ്സഹായതയാണ്. അക്വിലാസും ഭാര്യ പ്രിസ്കില്ലയെയും അങ്ങനെ നിസ്സഹായത പേറി മടങ്ങിയവരാണ്. ഇറ്റലിയുടെ സുഖലോലുപതയിൽ നിന്നും കൊരിന്തിൽ കൂടാരപ്പണിയിലേക്കു മാറ്റി പ്രതിഷ്ഠിക്കുമ്പോൾ സ്വപ്നേപി വിചാരിച്ചുണ്ടാവില്ല  ലോകം കണ്ട ഏറ്റവും വലിയ മിഷനറി വര്യന്റെ കൂടെ ദൈവാരാജ്യവ്യാപനത്തിനായി കൈകോർക്കുവനായിരിക്കുമെന്ന്. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളായി വർത്തമാനകാല കഷ്ടതകൾ അനുഭവപ്പെടാമെങ്കിലും നമ്മുടെ വിശുദ്ധികരണത്തിനായും ദൈവാരാജ്യവ്യാപനത്തിനായും നമ്മെ നിയോഗിക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നു ദീർഘകാലശേഷമുള്ള മധുരസ്മരണകളുടെ അയവിറക്കിൽ കൂടി നമുക്കു മനസിലാകും.  നിരവധി മിഷനറിമാരെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു ക്രിസ്തുവിന്റെ സുവിശേഷവുമായി അയക്കുവാൻ അക്വിലാസ്  പ്രിസ്കില്ല ദമ്പതികളെ ദൈവം ഉപയോഗിച്ചു. നിരവധിപ്പേരെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ, വചനത്തിൽ സ്ഥിരപ്പെടുത്തുവാൻ, അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദനെ വചനത്തിന്റെ അടിസ്ഥാനത്തിൽ വളർത്തിയെടുക്കുവാൻ ഒക്കെ ഈ മിഷനറി ദമ്പതികളെ കർത്താവു ഉപയോഗിച്ചു.

റോമാ ലേഖനം എഴുതി അവസാനിപ്പിക്കുമ്പോൾ പൗലോസ് അപ്പോസ്തോലൻ അപ്പൊല്ലോസിന്നു വന്ദനം ചെയ്യുന്നത് "ക്രിസ്തുവിൽ  സമ്മതനെന്ന" വാക്കുമായിട്ടാണ്. അപ്പൊല്ലോസിനെ ക്രിസ്തുവിൽ സമ്മതനാക്കിയതിന്റെ പിൻപിൽ ഈ ദമ്പതികൾക്കും പങ്കുണ്ടാകാം. സഹോദരങ്ങളെ ഒരു രാജ്യം മടങ്ങിപ്പോകുവാൻ ഉത്തരവിടുമ്പോൾ ഒരു കമ്പനി നിങ്ങളുടെ സേവനം മതിയെന്നു വയ്ക്കുമ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്നൊഴിവാക്കി തുടങ്ങുമ്പോൾ മാതാപിതാക്കളും സ്നേഹം കൊടുത്തവരെല്ലാം വഴിമാറി കടന്നു പോകുമ്പോൾ പതറരുത്. നടുങ്ങുകയുമരുത്. ഒരു പ്രത്യേക കാര്യത്തിനായി ദൈവീക പദ്ധതികളുടെ തുടക്കമാണ് അത്. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. പ്രിസ്കയെയും അക്വിലാവെയും പൗലോസ് അപ്പോസ്തോലൻ അടയാളപ്പെടുത്തിയത്  കൂട്ടുവേലക്കാരെന്ന നിലയിലാണ്. "അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിൻ;"  (റോമർ 16: 4-5)

ഇറ്റലിയിൽ നിന്നും ഇറക്കിവിടുവാൻ ക്ളൌദ്യൊസിനെക്കൊണ്ടു ഉത്തരവ് പുറപ്പെടുവിച്ച ദൈവത്തിനു സ്തോത്രം.

"കൂടുകളെകൂടെക്കൂടിളക്കി

പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു

ചിറകുകളതിന്മേൽ വഹിച്ചു നമ്മെ

നിലംപരിചായി നാം നശിച്ചിടാതെ" എന്നു പാട്ടുകാരന്റെ സാക്ഷ്യം.

ഏതു സാഹചര്യത്തിലും ദൈവത്തിനു മഹത്വം കൊടുക്കുവാൻ നമുക്കു സാധിക്കും കർത്താവ് അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലായെന്നു ബോധ്യമുണ്ടെങ്കിൽ. നമ്മുടെ കൂടുപൊളിക്കുന്നതു പറക്ക ശീലിപ്പിക്കുവാനാണ്. പൊളിക്കുന്ന കൂടുകൾക്കടിയിൽ ചിറകുകൾ വിരിച്ചു കർത്താവു കാത്തുനിൽപ്പുണ്ടാവും നിലംപരിചാകാതിരിക്കുവാൻ...

<< Back to Articles Discuss this post

0 Responses to "പറക്കുവാൻ ശീലിപ്പിക്കാനാണ്... നിലംപരിചാകില്ല... "

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image