ഒഴിവാക്കുവാൻ പറ്റാതെ
ന്യായവിധിയുടെ പകർപ്പിന്മേൽ ഒപ്പിട്ടു പേന അടച്ചു തിരിച്ചു വച്ചതിനു ശേഷം ന്യായാസനത്തിൽ നിന്നും ന്യായാധിപൻ എഴുന്നേൽക്കുന്നത് ഇനിയും തനിക്കുപോലും ആ വിധിയെ മാറ്റുവാൻ കഴിയില്ലായെന്ന നിസ്സംഗതയോടെയാണ്. ന്യായമായി വിധി പുറപ്പെടുവിക്കുന്ന ഏതൊരു ന്യായാധിപന്റെയും മുൻപിൽ വരുന്ന ഏറ്റവും വലിയ പ്രതിസന്ധി വിധിയുടെ പകർപ്പ് എഴുതി ഉണ്ടാക്കുകയെന്നതാണ്. നീതിയോടെ ന്യായം വിധിക്കുന്ന എല്ലാ ന്യായാധിപന്മാരുടെയും മുൻപിൽ വരൂന്ന ഏതു കുറ്റത്തിനും വാദപ്രതിവാദം ചെയ്യുന്ന അഭിഭാഷകർ, കാഴ്ചക്കാർ, വിധി അനുഭവിക്കുന്ന ഇരുവശത്തുമുള്ളവർ അനുഭവിക്കുവാൻ പോകുന്നതിനും പല മടങ്ങു സമ്മർദ്ദം ആയിരിക്കും തലേ ദിവസം വിധിന്യായം എഴുതിയുണ്ടാക്കുന്ന ന്യായാധിപൻ നേരിടേണ്ടി വരുന്നത്. കാഴ്ചക്കാരുടെയും ജനത്തിന്റെയും എല്ലാം ആവശ്യം പരമാവധി ശിക്ഷ എന്ന മുറവിളി ആണെങ്കിൽ ന്യായാധിപന്റെതു ഇരു പക്ഷക്കാരുടെയും നീതിയുടേതായിരിക്കും. അനുഭവിക്കുവാൻ തുടങ്ങും വരെ എന്താകുമെന്നു ഒരു അനിശ്ചിതത്വം അവരുടെ മുൻപിൽ ഉണ്ടെങ്കിൽ വരുവാൻ പോകുന്ന അനർത്ഥങ്ങളുടെ നേർ ചിത്രം എഴുതി ചേർക്കുന്ന ഹൃദയം ഉള്ള ഏതൊരു ന്യായാധിപനും അതു വേദനാജനകമായിരിക്കും.
യെരുശലേമെന്ന എക്കാലത്തെയും വാർത്താ പ്രാധാന്യമുള്ള നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിലും ഈ പ്രതിസന്ധി നീതിയുടെ ഈ ന്യായാധിപൻ അനുഭവിക്കുന്നുണ്ട്. വിധിയുടെ കാഠിന്യം കുറയ്ക്കുവാൻ പരമാവധി ശ്രമിച്ചു കഴിയാത്ത ന്യായാധിപനാണ് വാവിട്ടു നിലവിളിക്കുന്നത്. എത്ര വട്ടം നിന്റെ മക്കളെ ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു. നിങ്ങൾക്കു മനസ്സായില്ല. ഇനിയും തനിക്കും ഒന്നും ചെയ്യുവാനില്ല എന്ന നിസ്സംഗതയോടെ ഈ നിലവിളി അതിന്റെ ഉത്തുംഗശൃംഗത്തിൽ എത്തുന്നുണ്ട്. വഷളായി പോയ ഒരു കൂട്ടം മക്കളെ പ്രസവിച്ച അമ്മയെയും തള്ളക്കോഴിയുടെ മനസ്സോടെ ചിറകടിനടിയിലെ സുരക്ഷിതത്വം അനുഭവിക്കുവാനായി മാടിവിളിക്കുന്ന അമ്മ മനസ്സോടെയുള്ള യേശുവിന്റെ വിങ്ങലുകളെയും മത്തായി എന്ന സുവിശേഷകൻ അതിന്റെ ഗൗവരവം ചോരാതെ അനായാസേന വിവരിക്കുന്നത് തലേ രാത്രിയിലെ വിധിപ്രസ്താവം എഴുതിച്ചേർക്കുന്ന നീതിയുള്ള ഒരു ന്യായാധിപന്റെ ഹൃദയത്തെപ്പോലെ ഒട്ടും കുറവുവരുത്താതെയാണ്.
വിധി പ്രസ്താവം നടത്തുന്നത് ഇനിയും യാതൊന്നും അവശേഷിക്കുന്നില്ല എന്നതിന്റെ ബാക്കിയാണ്. സുവിശേഷ എഴുത്തുകാരായ മത്തായിയും ലൂക്കോസും മാത്രം രേഖകളിൽ ചേർത്ത നിർണ്ണായക ചരിത്രമാണ് യേശുകർത്താവിന്റെ യെരുശലേമിനെകുറിച്ചുള്ള നിലവിളിയും ന്യായവിധിയുടെ പ്രസ്‌താവ
വും.ക്രിസ്തുവിനു എത്ര ഉത്കൺഠയാണ് തന്റെ ജനത്തോടു എന്നു സുവിശേഷകർ വിവരിക്കുന്നു. യോനയെ പോലെ ന്യായവിധി നടന്നു കാണുവാനുള്ള താത്പര്യമല്ല പ്രത്യുത ഒരാളുപോലും നശിക്കരുതെന്നുള്ള അഭിവാഞ്ജ പ്രകടമാക്കുകയും ചെയ്യുന്നു. യോനായുടെ പ്രസംഗം സുവിശേഷത്തിന്റെ ഗണത്തിൽ പെടുത്തുവാൻ പര്യാപ്തമല്ല. സദ്വാർത്ത ആയിരുന്നില്ല.വിധി നടപ്പാക്കികാണുവാനുള്ള അഭിവാഞ്ജ യോനാ എന്ന പ്രവാചകനിൽ നിനേവെയുടെ കാര്യത്തിൽ നിഴലിച്ചിരുന്നു. ചരിത്രപരമായി തന്റെ ന്യായത്തെ സാധുകരിക്കുന്ന അനേക കാര്യങ്ങൾ ഉപോത്ഭകമായി നിരത്തുവാനുണ്ടെങ്കിലും ദൈവഹൃദയത്തിനു മുൻപിൽ അവയൊന്നും വിലപ്പോകുകയില്ല. അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു അരയോപഗകുന്നിന്മേൽ കേട്ട ശബ്‌ദം പുതിയനിയമത്തിൽ മാത്രമെന്ന തെറ്റിദ്ധാരണയും യോനയെ യഥാസ്ഥാനപ്പെടുത്തുവാൻ ശ്രമിക്കുന്ന ദൈവശബ്ദത്തിൽ തിരുത്തപ്പെടുന്നു.
വിധിയുടെമേൽ കണ്ണുനീരു ചാലിച്ച പ്രസ്താവം നടത്തിയ ഈ ന്യായാധിപന്റെ മുൻപിൽ എന്തു ന്യായവാദങ്ങൾ നിരത്തിയാലാണ് വിലപ്പോവുക. "അവനൊപ്പം പറയാനൊരാളുമില്ല
അവനെപ്പോലരാധ്യനാരുമില്ല" എന്ന കവി വാക്യം പാടുവാനെളുപ്പമാണ്. പക്ഷേ ആ സ്പർശനം എന്നിലെ എന്നെ ഉണർത്തുന്നുണ്ടോയെന്നതാണ് ചോദ്യം. ഏതു കോണിൽ കൂടി നിരീക്ഷിച്ചാലും അവനപ്പുറം ആരുമില്ല. "ഹാബേലിന്റെ രക്തം മുതൽ മന്ദിരത്തിനും ബലിപീഠത്തിനും നടുവിൽവെച്ചു കൊന്ന സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു." എന്നതു ഇനിയും ഒന്നും ചെയ്യുവാനില്ലെന്നും മടങ്ങിവരുവാനുള്ള എല്ലാ പ്രതീക്ഷയും പൊയ്പ്പോയതിനാലുമാണ്.
ലോകാരംഭം മുതലുള്ള ഏതു ന്യായവിധിയെ പരിശോധിച്ചാലും ഈ നിസ്സഹായത നമുക്കു കാണുവാൻ കഴിയും. നിവൃത്തിയില്ലാതായി പോയി എന്നു നാം ആത്മഗതം പറയാറില്ലേ... അതു പോലെ. തിരുവചനത്തിലെ അവസാനപുസ്തകത്തിലും നമുക്കു ഇതു കാണുവാൻ കഴിയും..."അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ."...."ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു."
ഒഴിവാക്കുവാൻ പറ്റാതെ അവസാന ന്യായവിധിക്കും സമയമായെന്ന മുന്നറിയിപ്പോടെ...
0 Responses to "ഒഴിവാക്കുവാൻ പറ്റാതെ"
Leave a Comment