നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു
മനുഷ്യരുടെ പൊതുവെയുള്ള പ്രത്യേകതയാണ് എത്ര ബലഹീനരായാലും മറ്റുള്ളവരെ ആശ്രയിക്കരുതെന്നുള്ള അഭിമാന ബോധം. അതുകൊണ്ടാണ് നമ്മുടെ എത്ര വലിയ പ്രതിസന്ധിയിലും മറ്റുള്ളവരെ അറിയിക്കാതെ സ്വയമായി പരിഹരിക്കുവാൻ നാം അക്ഷീണം പ്രയത്നിക്കുന്നത്. എന്നാൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമ്പോൾ സഹായത്തിനായി ആരും ഇല്ലാതെ മുൻപോട്ടു പോകുവാൻ കഴിയില്ലായെന്നുള്ള തിരിച്ചറിവിൽ ആണ് നാം ആശ്രയിക്കുവാൻ കഴിയുന്നൊരിടം തേടുന്നത്. അത് നിസ്സഹായതയുടെ പാരമ്യത്തിൽ മാത്രം ആയിരിക്കും. ഈ നിസ്സഹായത നമ്മെ കരച്ചിലിന്റെ വക്കോളം എത്തിക്കും. ഹൃദയം തകർക്കപ്പെടും. സഹായിക്കുവാൻ കഴിയുന്ന ഇടത്തേക്കു അഭിമാനക്ഷതമെല്ലാം മറന്നു നാം തിടുക്കത്തിൽ എത്തപ്പെടും.
വെളിച്ചത്തിന്റെ ലാഞ്ചന ലവലേശമില്ലാത്ത സെബൂലൂന്റേയും നഫ്താലിയുടെയും അതിരുകളിൽ ഈ നിസ്സഹായത നാം കണ്ടെത്തുന്നുണ്ട്. ഇവിടെയാണ് യിസ്രായേലിന്റെ എക്കാലത്തെയും വലിയ പ്രവാചകനിലൂടെ ദൈവത്തിന്റെ അരുളപ്പാട് : "ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു."
മുഴുവനും ഇരുട്ടു നിറഞ്ഞ അന്ധകാരത്താൽ മൂടപ്പെട്ട സ്വയം പ്രകാശിക്കുവാൻ ഒട്ടും കഴിവില്ലാത്ത നിസ്സഹായരാണ് നാം ഓരോരുത്തരും. ക്ഷമിക്കണമെന്നുണ്ട്, കഴിയുന്നില്ല. കോപിക്കരുതെന്നുണ്ട്, പക്ഷേ എത്ര നിയന്ത്രിച്ചാലും പലപ്പോഴും അറിയാതെ കോപിക്കുന്നു. കുറ്റം പറയരുതെന്നുണ്ട്, പക്ഷേ ആരെങ്കിലുമൊക്കെ കുറ്റം പറയുമ്പോൾ അതിനൊപ്പം ചേർന്ന് ഒരു യെസ് പറയുവാൻ വല്ലാത്തൊരു ത്വര. വിധിക്കരുതെന്നു പലപ്പോഴും തീരുമാനമെടുക്കും സ്വയ നീതി പലപ്പോഴും എന്നെ മറ്റുള്ളവരുടെ നേർക്കു വിരൽ ചൂണ്ടുവാൻ പ്രേരിപ്പിക്കുന്നു. പൗലോസ് അപ്പൊസ്തലനും ഈ നിസ്സഹായത അനുഭവിക്കുന്നുണ്ട്. നന്മ ചെയ്യുവാൻ ഇച്ഛയുള്ള ഹൃദയമാണ് എനിക്കുള്ളത്. എന്നാൽ ഞാൻ പ്രവർത്തിച്ചു വരുമ്പോൾ വിപരീത ഫലമാണ് എന്നിൽ നിന്നും പുറപ്പെടുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് "ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. " ലോകം കണ്ടതിൽ വച്ചേറ്റവും വലിയ മിഷ്ണറി വീരനും വാവിട്ടു നിലവിളിക്കുകയാണ് "അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും?"
എത്ര ആഗ്രഹിച്ചാലും ഭൂമിയുടെ ആകർഷണ പഥത്തിലുള്ള എന്റെ ഈ ജഡശരീരത്തിനു സ്വയമായി പ്രകാശിക്കുവാനുള്ള കഴിവില്ലായെന്ന യാഥാർത്ഥ്യം ഈ നിസ്സഹായതയിലൂടെ നമുക്ക് വെളിപ്പെടുന്നു. ഈ തിരിച്ചറിവിൽ ആണ് യഥാർത്ഥ വെളിച്ചമായി ക്രിസ്തുവിനെ നാം ആശ്രയിക്കുവാൻ നിർബന്ധിതരാകുന്നത്.
പൗലോസ് അപ്പൊസ്തലൻ നമ്മെ കൊതിപ്പിക്കുന്ന ഒരു വാക്യം എഴുതിയാണ് റോമാ ലേഖനം ഏഴാം അധ്യായത്തിനു സമാപ്തി വരുത്തുന്നത്. "നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു." ഒരു പകരക്കാരനെ നാം കണ്ടെത്തുന്നു.
ആ നിസ്സഹായതയിൽ നിന്നുള്ള നിലവിളിയുടെ നടുവിൽ യെശയ്യാവ് ഒൻപതാം അദ്ധ്യായം ആറാം വാക്യം പ്രതീക്ഷയുടെ ഒരു നറുമണം നമുക്കു ചാർത്തുകയാണ്. വാക്യം ഇങ്ങനെയാണ് ഉരുവിടുന്നത്. "നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും."
എല്ലാം അവസാനിച്ചെന്ന് കരുതിന്നിടത്തു നിന്നാണ് ദൈവം ആരംഭിക്കുന്നത്. ഗലീലയിലെ നസറെത്തിൽ നിന്നും സെബൂലൂന്റേയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരയിൽ ചെന്നു പാർത്ത നമ്മുടെ കർത്താവിനെക്കുറിച്ചു സഹസ്രാബ്ദങ്ങൾക്കു മുൻപ് യിസ്രയേലിന്റെ വലിയ പ്രവാചകനായ യെശയ്യാവ് പ്രവചനാത്മാവിൽ ഇങ്ങനെ കുറിച്ചുവച്ച വാക്യങ്ങളാണ് ഇത്. ഈ വെളിച്ചത്തെ പിന്നീട് 'അത്ഭുത പ്രകാശം' എന്ന് പത്രോസ് അപ്പൊസ്തലൻ വിശേഷിപ്പിച്ചു. തലമുറകളായി ഇരുളിന്റെ കരാള ഹസ്തത്തിൽ ഞെരിഞ്ഞമർന്ന ജനതയിലേക്കു ഈ അത്ഭുത പ്രകാശം വെളിച്ചം പകർന്നു...
ഈ വെളിച്ചം അനേകരിലേക്കു പകരുവാൻ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു മുതലായവ അനുഭവിച്ചു. വേറെ ചിലർ കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു. ബുദ്ധിമുട്ടും ഉപദ്രവും കഷ്ടവും സഹിച്ചു. കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു. ലോകം എല്ലാം പ്രതികൂലമായിരുന്നിട്ടും അന്ധകാരത്തിൽ നിന്നു വിടുവിച്ച ക്രിസ്തുവിന്റെ പ്രകാശത്തെ മറ്റുള്ളവരിലേക്കു പകരുവാൻ ഇവർ അക്ഷീണം യത്നിച്ചു.
ആഫ്രിക്കയുടെ ഇരുളടഞ്ഞ വനാന്തരങ്ങളിൽ ഈ വെളിച്ചം അലയടിച്ചു. അന്ധതമസ്സിന്റെ പിടിയിലമർന്ന ഊഷര ഭൂമിയിൽ ഈ അത്ഭുത പ്രകാശം വെളിച്ചം പകർന്നു. ലോകത്തിന്റെ അഞ്ചു വൻകരകളിലും ക്രിസ്തുവിന്റെ വെളിച്ചം സാന്ത്വനമായി. നമ്മെയും വിളിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ വെളിച്ചമാകുവാനാണ്. "ഒരിക്കൽ അന്ധകാരത്തിന്റെ പിടിയിലായിരുന്ന നമ്മെ അത്ഭുത പ്രകാശത്തിലേക്കു നടത്തിയവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗ്ഗവും വിശുദ്ധ വംശവും സ്വന്തജനവും" ആയി നമ്മെയും കർത്താവ് തിരഞ്ഞെടുത്തു. അനേക വാഗ്ദത്തങ്ങളും അനുഗ്രഹങ്ങളും നമുക്കുണ്ടെന്നും ഈ വാക്യങ്ങൾ അടിവരയിടുന്നു. കർത്താവു ഈ താണ ഭൂമിയിൽ അവതരിച്ചതിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞു കൊണ്ട് ജീവിതത്തെ അവിസ്മരണീയമാക്കാം. ദൈവം നമ്മെ ഒരുമിച്ചു അനുഗ്രഹിക്കട്ടെ!
0 Responses to "നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു"
Leave a Comment