കർത്താവ് നമ്മളെ മിസ് ചെയ്യുന്നുണ്ടോ ?
നമ്മുടെ വേണ്ടപ്പെട്ടവരിൽ നിന്നു വല്ലപ്പോഴുമെങ്കിലും കേൾക്കാറുള്ള ഒരു വാചകമല്ലേ ഞാൻ നിന്നെ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്ന് ? വെറുതെ ഒന്നു കിടന്നിട്ടു എണീറ്റു ബൈബിൾ വായിക്കാൻ എടുത്തപ്പോൾ കേട്ട കർത്താവിന്റെ ശബ്‌ദമാണ്. രാവിലെ തുടർവായനാഭാഗത്തു നിന്ന് ആ ശബ്‌ദം രാവിലെ ഒന്ന് മിന്നി പോയിരുന്നു. പക്ഷേ അത് അത്ര കാര്യമായി എടുത്തില്ല. കിടക്കുമ്പോഴും മറ്റു പല കാര്യങ്ങൾ ചെയ്യുമ്പോഴും ആ നേർത്ത ശബ്‌ദം വിങ്ങലായി മനസ്സിലുണ്ടായിരുന്നു. വായനാഭാഗത്തു നിന്നും എന്നെ ഉലച്ച വാക്യം ഇതാണ് "നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുത് ". നാം വിചാരിച്ചാൽ വ്യർത്ഥമാക്കി കളയുവാൻ കഴിയുന്നതാണു നമുക്കു ലഭിച്ച ദൈവകൃപ... ഈ കൃപ എന്തിനു വേണ്ടിയായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണ് അതു കുറച്ചുകൂടെ നമ്മെ ഭയചകിതരാക്കുന്നതും കൃപ എങ്ങനെ നശിപ്പിച്ചെന്നുള്ള ബോധം നമ്മിലുളവാക്കുകയും ചെയ്യുന്നത്.
പൗലോസിനെ നമ്മൾ കാണുന്നത് ലോകം കണ്ട ഏറ്റവും വലിയ മിഷനറി വീരനായിട്ടാണ്. അദ്ദേഹത്തിന്റെ പ്രത്യേകതയുടെ ഒന്നാമത്തെ കാര്യം അദ്ദേഹം ലഭിച്ച ദൈവകൃപ വ്യർത്ഥമാക്കിയില്ല എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം ഏതു കാര്യത്തിനായി ദൈവകൃപ തനിക്കു ലഭിച്ചുവോ അതിനെ ക്രിയാത്മകമായി ഉപയോഗിച്ചു എന്നതാണ്. എന്നു മാത്രമല്ല വേറെ ഒന്നിലും ആ ദൈവകൃപ ഉപയോഗിക്കപ്പെടുവാൻ അദ്ദേഹം തുനിഞ്ഞില്ല. എന്തിനു വേണ്ടി തന്നെ തിരഞ്ഞെടുത്തുവെന്നും ആ കാര്യം മാത്രം ചെയ്തെടുക്കുവാനായി അദ്ദേഹത്തിന്റെ ജീവിതം ശേഷിപ്പിച്ചു എന്നുള്ളതുമാണ്. എടുക്കാതെ വച്ചിരിക്കുമ്പോൾ പാത്രങ്ങൾ ക്ലാവ് പിടിക്കുന്നതുപോലെ അദ്ദേഹത്തിന്റെ ദൈവകൃപ ക്ലാവ് പിടിച്ചു നശിപ്പിക്കുവാൻ അദ്ദേഹം തയ്യാറായില്ല. നമുക്ക് കിട്ടിയ ദൈവകൃപ എവിടെയൊക്കെ എടുത്തു വച്ചു എന്നുപോലും നമുക്ക് തിട്ടമില്ലാത്ത ഒരു സമയത്താണ് നാം ഉള്ളത്. എവിടെയൊക്കെയോ വച്ചു മറന്നുപോയിട്ടു തിരിച്ചെടുക്കാൻ എവിടെയാണ് ഇരിക്കുന്നതെന്നുപോലും നമുക്കു നിശ്ചയമില്ല അപ്പോഴല്ലേ ക്ലാവ് പിടിച്ചോ, നശിച്ചു പോയോ എന്നൊക്കെ അറിയുവാൻ കഴിയുന്നത്.
സ്വന്തമായി കൈവന്നതല്ല പാടുവാനും പ്രാർത്ഥിക്കുവാനും മറ്റുള്ളവർക്കുവേണ്ടി കരയുവാനും ചേർത്ത് നിർത്തുവാനും സുവിശേഷം അറിയിക്കുവാനും ഓർഗനൈസ് ചെയ്യുവാനും സ്‌നേഹിക്കുവാനും ഉപദേശിക്കുവാനും തർജ്ജനം ചെയ്യുവാനും പ്രബോധിപ്പിക്കുവാനും ഉള്ള ദൈവകൃപ. എനിക്കു ലഭിച്ച സകല കൃപകളും എന്റെ സ്വന്തമല്ല. ദൈവത്തിന്റെ ദാനമാണ്. അവ ദീർഘനാളുകൾ ഉപയോഗിക്കാതിരുന്നാൽ വളരെ പ്രതീക്ഷയോടെ ഉത്തരവാദിത്വം നിറവേറ്റുമെന്ന ധാരണയിൽ നൽകിയ ഈ കൃപ വ്യർത്ഥമായിത്തീരും. ശ്ശൊ... ഇവന്റെ / ഇവളുടെ കയ്യിലാണല്ലോ ഞാൻ ഇവയെല്ലാം നിക്ഷേപിച്ചതെന്ന ആത്മഗതം ഉണ്ടാവും നിക്ഷേപകന്റെ ഹൃദയത്തിൽ നിന്നും.
നാം മറ്റുള്ളവരുടെ രക്ഷയുടെ ബന്ധത്തിലാണ് അതായത് അവരോട് സുവിശേഷം അറിയിക്കുമ്പോഴാണ് ഇപ്പോൾ രക്ഷപ്പെടണം "ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം." എന്ന ഈ വാക്യം ഉപയോഗിക്കുന്നത്. രക്ഷയുടെ ബന്ധത്തിൽ ഉപയോഗിക്കാമെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം സുവിശേഷീകരണത്തിലുള്ള നമ്മുടെ ജാഗ്രതയ്‌ക്കുവേണ്ടിയുള്ളതാണ്. ഈ അദ്ധ്യായം തന്നെ നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപയുടെ ആഴത്തെ മനസ്സിലാക്കുവാനുള്ളതാണ്. അതിനായി പൗലോസ് അപ്പൊസ്തലൻ തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നു. ഈ സുപ്രസാദ കാലത്തിൽ പൗലോസ് ഉറങ്ങാതിരുന്നതാണു എന്നോട് ഈ പകലും സംസാരിച്ച ജീവന്റെ വചനം എന്റെ കൈകളിൽ ഇരിക്കുന്നത്. അസഹിഷ്ണുത ഉണ്ടാക്കുന്ന ഒരു നൂറു കൂട്ടം കാര്യം കൂടെയുണ്ടായിട്ടും കഷ്ടങ്ങളുടെ ഒരു ഘോഷയാത്ര നയിച്ചുകൊണ്ടാണ് ഞാൻ പോകുന്നതെങ്കിലും ബുദ്ധിമുട്ടുകളുടെ ആധിക്യം കൂടെത്താമസിച്ചിട്ടും സങ്കടം നിറഞ്ഞ ജീവിതാനുഭവങ്ങൾ ഹൃദയത്തിലുണ്ടായിട്ടും തല്ലും തടവും കലാപവും മിക്കപ്പോഴും ബന്ധുവായി വിരുന്നു വന്നിട്ടും കഠിനാധ്വാനവും ഉറക്കിളപ്പും പട്ടിണിയും എന്നെ തളർത്തുവാൻ നിരന്തരം പരിശ്രമിച്ചിട്ടും അവയെയെല്ലാം ഞാൻ മറികടന്നത് തന്നെ ഭരമേല്പിച്ച ദൈവകൃപയുടെ ആഴം പൗലോസ് എന്ന ദൈവമനുഷ്യനെ ആഴമായി സ്പർശിച്ചതിനാലാണ്.
യേശു കർത്താവു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞ ഒരു വാചകം ഇതുമായി ബന്ധപ്പെട്ടുത്തിയാൽ അന്വർത്ഥമാണ് "പിതാവ് എപ്പോഴും എന്നോട് കൂടെയുള്ളതിനാൽ ഞാൻ ഏകനല്ല" പൗലോസ് അപ്പൊസ്തലനും എപ്പോഴും ദൈവത്തിനു അവൈലബിൾ ആയിരുന്നു. ആയതിനാൽ ദൈവത്തിനു പൗലോസ് അപ്പൊസ്തലൻ മിസ് ചെയ്തില്ല. നമ്മെ ഭരമേല്പിച്ച എല്ലാ ശുശ്രൂഷകളിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും ഓടിയൊളിച്ചു വ്യാജ സ്വസ്ഥത നയിക്കുന്നവരാണെങ്കിൽ കർത്താവിനു നാം മിസ് ചെയ്യുന്നവരാകും. വിങ്ങുന്ന ഹൃദയവുമായി ആയിരിക്കും ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാമായിരുന്നിട്ടും ലഭിച്ച താലന്തുകൾ എല്ലാം കുഴിച്ചിട്ടവരെന്നാകും അനേകം ന്യായ വാദങ്ങൾ നിരത്തുവാൻ നമ്മുടെ കയ്യിലുണ്ടെങ്കിലും ചരിത്രവും ദൈവവും നമ്മെ അടയാളപ്പെടുത്തുന്നത്. അനുസരിക്കുവാൻ എന്നെ തടഞ്ഞതിന് നാം നിരത്തുവാൻ പോകുന്ന സകല പ്രതിസന്ധികളും അതിന്റെ പാരമ്യത്തിൽ അനുഭവിച്ച മനുഷ്യനാണ് തന്റെ ചരിത്രം നിർത്തിയിട്ടു പറഞ്ഞത് നിങ്ങളുടെ ദൈവകൃപ വ്യർത്ഥമാക്കരുത്. പൗലോസ് അപ്പൊസ്തലൻ പറഞ്ഞത് എന്നോടുള്ള ദൈവകൃപ ഞാൻ വ്യർത്ഥമാക്കിയില്ല. എന്നെ ദൈവം മിസ് ചെയ്തില്ല.
0 Responses to "കർത്താവ് നമ്മളെ മിസ് ചെയ്യുന്നുണ്ടോ ?"
Leave a Comment