ആത്മാവിന്റെ ഫലം-സന്തോഷം

Posted on
31st Aug, 2017
| 0 Comments

ആത്മാവിന്റെ ഫലം-സന്തോഷം

സാഹചര്യങ്ങൾ അനൂകൂലമാകുമ്പോൾ സന്തോഷിക്കുകയും പ്രതികൂലമാകുമ്പോൾ ദുഖിക്കുന്നതുമല്ല ദൈവിക സന്തോഷം..ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ ലോക മനുഷ്യർക്കുണ്ടാകുന്നതിലും അധികം സന്തോഷം...ലോകമനുഷ്യർ ഭൗതികമായ കാര്യങ്ങളിൽ സന്തോഷിക്കുമ്പോൾ , നമ്മുടെ ഹൃദയം ഇതൊന്നുമില്ലെങ്കിലും ഇത്രമാത്രം സന്തോഷിക്കുവാനുള്ള കാരണം തേടിപോയാൽ മനസിലാകും യഹോവ നമ്മുടെ വലതുഭാഗത്തുള്ളതുകൊണ്ടാണന്നു... "സന്തോഷത്തിന്റെ പൂർണ്ണത യേശുവാണെന്നു തിരിച്ചറിയുമ്പോളാണ് മറ്റുള്ള സന്തോഷങ്ങളെല്ലാം രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്കു തള്ളപ്പെടുന്നത്". അതെ പ്രിയരേ ലോകം ഭൗതികമായ വിഷയങ്ങളിൽ സന്തോഷിക്കുമ്പോൾ, നമ്മുടെ സന്തോഷത്തിന്റെ ഉറവിടം, നമ്മുടെ സകല നന്മകളുടെയും ഉറവിടം യേശുവാണെന്നു തിരിച്ചറിയുവാൻ ഇടയാകട്ടെ....

"അത്തി വൃക്ഷം തളിർക്കയില്ല; മുന്തിരി വള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായി പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽ നിന്നു നശിച്ചു പോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും."
നല്ലതുപോലെ അധ്വാനിക്കുന്ന ഒരുവന്റെ സംസാരം ആണ് നാം വായിച്ചതു... കൃഷി ചെയ്തു, മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ആടു മാടുകളെ വളർത്തി.തന്റെ ഉത്തരവാദിത്വങ്ങളെല്ലാം നിർവഹിച്ചു.എങ്കിലും യാതൊന്നും ഫലം കണ്ടില്ല...ഭൗതികമായ നന്മകളുടെ സകല ഉറവിടവും നഷ്ട്ടപെട്ടു. നിരാശയുടെ പടുകുഴിയിലേക്കു പോയി ആത്മഹത്യ മാത്രം മുൻപിലുള്ളപ്പോൾ ,ആത്മാവിന്റെ ഫലമായ "സന്തോഷം" ഉള്ളിലുള്ള ഭക്തൻ പറയുന്നത് എന്റെ സന്തോഷത്തിന്റെ അടിസ്ഥാനം ചുറ്റുമുള്ള സാഹചര്യങ്ങളിൽ അതിഷ്ടിതമല്ല "എൻ്റെ സന്തോഷത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ്" ...സാഹചര്യങ്ങൾക്ക് ദൈവിക സന്തോഷത്തെ കവരുവാൻ സാധിക്കയില്ല... അനിശ്ചിതത്വമാണ്, നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല എങ്കിലും യേശുവിൽ ആശ്രയിക്കുന്നവൻ അവൻ സന്തോഷ മുള്ളവനായിരിക്കും... അതെ സങ്കിർത്തനക്കാരനോട് ചേർന്നു നമുക്കും പറയാം "ധാന്യവും വീഞ്ഞും വർധിച്ചവരെക്കാൾ സമ്പത്തും പ്രശസ്തിയും പദവിയും ലഭിച്ചവരെക്കാൾ അധികം സന്തോഷം ലോകത്തിനു കവർന്നെടുക്കുവാൻ കഴിയാത്ത സന്തോഷം" അതാണ് ദൈവം പരിശുദ്ധാത്മാവിലൂടെ എൻ്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നത് 

കർത്താവിന്റെ ഐഹിക ജീവ കാലത്തു തനിക്കു നേരെയുള്ള പരിഹാസങ്ങൾ അനേകമായിരുന്നു. മറിയയുടെ മകൻ, അവനു ഭൂതം ഉണ്ട് , അവൻ ഭൂതങ്ങളുടെ തലവനെ കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു...ക്രൂശീകരണ സമയത്തു യേശു കർത്താവിനെ നഗ്നനാക്കി, അവന്റെ അങ്കി പകുത്തെടുത്തു, തന്റെ സൃഷ്ടിയായ മനുഷ്യൻ സൃഷ്ടിതാവിന്റെ കന്നത്തടിച്ചു, മുഖത്തു തുപ്പി, പരിഹസിച്ചു, നിന്ദിച്ചു, വഴി പോകുന്നവർ കൂടെ അവന്റെ നേരെ തല കുലുക്കി കൊണ്ട് പറഞ്ഞു "നിനക്കു അങ്ങനെ വേണം" എന്തൊക്കെയായിരുന്നു നീ ഞങ്ങളോട് പറഞ്ഞത് 'മന്ദിരം പൊളിക്കു മൂന്നു നാൾ കൊണ്ടു പണിയുമെന്നോ, നീ മന്ദിരം ഒന്നും പണിയണ്ടാ നിന്നെത്തന്നെ ഒന്നു രക്ഷിക്കൂ കാണട്ടെ'...കളിയാക്കുവാൻ വേണ്ടി മാത്രമായി മുള്ളുകൊണ്ടു കിരീടം മെടഞ്ഞു തലയിൽ വെച്ചു, 'രാജാവേ ജയ, ജയ എന്നു പറഞ്ഞു കന്നത്തടിച്ചു... 'കാണപ്പെടുന്നവയുടെയും കാണപ്പെടാത്തതിന്റേയും' സൃഷ്ടിതാവിനെ ഒരു കോമാളിയുടെ വേഷം ധരിപ്പിച്ചു ലോക പരമായ വിഷയങ്ങളിൽ മാത്രം സന്തോഷിക്കുന്ന മനുഷ്യൻ ആനന്ദ നൃത്തമാടി...എന്നാൽ ആത്മാവിന്റെ ഫലമാകുന്ന 'സന്തോഷം' ഉള്ളിലുള്ള കർത്താവു, പാപത്തിന്റെ കരാള ഹസ്തത്തിൽ നിന്നും നമ്മെ നേടുന്ന സന്തോഷം മാത്രം മുൻപിൽ കണ്ടു കൊണ്ടു തന്നോട് , താൻ ആരാണെന്നുള്ള തിരിച്ചറിവില്ലാതെ ചെയ്ത സകല അപമാനവും അലക്ഷ്യമാക്കുകയും , വേദന നിറഞ്ഞതും ഒറ്റപ്പെടൽ മാത്രമുള്ളതുമായ ക്രൂശിനെ സഹിക്കുകയും ചെയ്തു.... അതെ യേശു കർത്താവു മാതൃക കാണിച്ചു തന്നിരിക്കുകയാണ് കഷ്ടതയുടെ നടുവിലും സന്തോഷിക്കുന്നതാണ് ദൈവിക സന്തോഷം എന്നുള്ളത് ....

വർഷങ്ങൾ അധ്വാനിച്ച സകല സമ്പത്തും യബ്ബോക്കു എന്ന കടവിന്റെ അക്കരെ കടത്തിയിട്ടു ഇരുളിൽ ഒരുവൻ തനിച്ചു ചിന്താഭാരവുമായി നിൽക്കുന്നു. ഭാര്യമാർ, ആടുമാടുകൾ, ദാസീദാസന്മാർ, പുത്രസമ്പത്തു ഭൗതികമായ സകലതും നേടിയിട്ടും ഒരു സംതൃപ്തി ഇല്ലായ്മ...ഉപായത്താലോ അധ്വാനിച്ചു ഉണ്ടാക്കിയതോ ഏതുമാകട്ടെ നിത്യമായ സന്തോഷം , രക്ഷയുടെ സന്തോഷം കയ്യുടെ അധ്വാനത്തിലല്ല മറിച്ചു ദൈവത്തിൽ നിന്നാണ് എന്ന് യാക്കോബ് തിരിച്ചറിഞ്ഞു. സകല അനുഗ്രഹങ്ങളും അക്കരെ നിൽക്കുമ്പോളും അനുഗ്രഹത്തിനായി യാക്കോബ് ദൈവത്തോട് കേഴുകയാണ് "നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാൻ നിന്നെ വിടുകയില്ല" സകല നന്മകളുടെയും ഉറവിടം ദൈവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ മുകളിൽ നീതി സൂര്യൻ ഉദിച്ചു.
ഹബാക്കുക്കിന്റെ കാര്യത്തിൽ 'അധ്വാനിച്ചു, കൃഷി ചെയ്തു, മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ആടുമാടുകളെ വളർത്തി ഉത്തരവാദിത്തങ്ങളെല്ലാം നിർവഹിച്ചു പക്ഷെ സകലതും നഷ്ടമായി. ലോകമനുഷ്യന്റെ മുമ്പിൽ ആത്മഹത്യ മാത്രം ബാക്കിയുള്ളപ്പോൾ ആത്മാവിന്റെ ഫലമായ 'സന്തോഷം' ഉള്ളിലുള്ള ഭക്തൻ പറയുന്നത് എന്റെ സന്തോഷത്തിന്റെ അടിസ്ഥാനം സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ല . എന്റെ സന്തോഷത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ് ...
സാഹചര്യങ്ങൾക്ക് ദൈവിക സന്തോഷത്തെ കവരുവാൻ സാധിക്കയില്ല...
സന്തോഷത്തിന്റെ പൂർണ്ണത യേശുവാണെന്നു തിരിച്ചറിയുമ്പോളാണ് മറ്റുള്ള സന്തോഷങ്ങളെല്ലാം രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ടു പോകുന്നത്....

ഹന്നാ കഴിയുന്നത്ര ശ്രമിച്ചു നോക്കി, കുഞ്ഞുങ്ങളില്ലാത്ത സങ്കടം ഒന്നു മാറ്റിയെടുക്കുവാൻ. പത്തു പുത്രന്മാർ നിന്നെ നോക്കുന്നതിനേക്കാൾ ഉപരിയല്ലേ എന്റെ സ്നേഹം എന്നുള്ള ഏല്ക്കാനയുടെ ആശ്വാസ വാക്കും അവളുടെ വ്യസനത്തിനു അറുതി വരുത്തിയില്ല. എന്നാൽ ദൈവ സന്നിധിയിൽ തന്നെത്തന്നെ കീഴ്പെടുത്തിയപ്പോൾ/ സമർപ്പിച്ചപ്പോൾ ദൈവമുഖത്തുനിന്നും അവൾക്കു ഉറപ്പു ലഭിച്ചു. മറ്റാർക്കും കവരുവാൻ കഴിയാത്ത സന്തോഷം പ്രാപിച്ചു.പണ്ടത്തെ നാളുകളെ പോലെ തന്നെ പ്രതിയോഗി ഹന്നക്കു എതിരായി നിന്നെങ്കിലും യാതൊരാൾക്കും കവരുവാൻ കഴിയാത്ത രക്ഷയുടെ സന്തോഷം പ്രാപിച്ച ഹന്നയെ കുറിച്ചു തിരുവചനം സാക്ഷ്യം പറയുന്നു "അവളുടെ മുഖം പിന്നെ വാടിയതുമില്ല" 
കഷ്ടതയുടെ ആധിക്യത്താൽ മനസു പതറി പോകുമെങ്കിലും ദൈവത്തിലുള്ള ആശ്രയം ദൈവമുഖത്തു നിന്നു ലഭിക്കുന്ന ഉറപ്പു നമ്മുടെ ദുഃഖത്തെ സന്തോഷമാക്കുന്നതാണ് ...

<< Back to Articles Discuss this post

0 Responses to "ആത്മാവിന്റെ ഫലം-സന്തോഷം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image