ആത്മാവിന്റെ ഫലം-വിശ്വസ്തത

Posted on
31st Aug, 2017
under Malayalam/മലയാളം | 0 Comments

ആത്മാവിന്റെ ഫലം-വിശ്വസ്തത

പ്രിയപ്പെട്ടവരേ, ആത്മാവിന്റെ ഫലത്തിൽ ഏഴാമത്തേതു 'വിശ്വസ്ഥത'. ആത്മാവിന്റെ എല്ലാ ഫലത്തെയും പോലെ ദൈവത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ സ്വഭാവമാണ് വിശ്വസ്തത എന്ന ആത്മാവിന്റെ ഫലവും...

ദൈവം വിശ്വസ്തനാണ്, അവൻ ഒരുനാളും നമ്മെ കൈവിടുകയില്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ആകാശവും ഭൂമിയും മാറിയാലും ദൈവത്തിന്റെ വാക്കുകകളിൽ അവൻ വിശ്വസ്തനായിരിക്കും. നാം എങ്ങനെ ദൈവ വിശ്വസ്തതയുടെ ഗുണഭോക്താക്കളാകും ? അവനിൽ പരിപൂർണ്ണമായി ആശ്രയിച്ചു കൊണ്ടു...ദൈവമായതു കൊണ്ട് അവന്റെ സ്വഭാവം മാറാത്തതായതു കൊണ്ട് അവൻ വിശ്വസ്തനായിരിക്കുന്നു. അതുപോലെ മനുഷ്യർക്കും സാധിക്കുമോ എന്നു സംശയിക്കുന്നവർക്കായി നമുക്കു സമസ്വഭാവമുള്ള മോശെയും ദാനിയേലിനെയും പൗലോസ് അപ്പോസ്തലന്റെ കൂട്ടുവേലക്കാരനായിരുന്ന തിഹിക്കോസിനെയും ചൂണ്ടി കാട്ടികൊണ്ടു വചനം പറയുന്നു അതെ നമുക്കും വിശ്വസ്തരായി ജീവിക്കുവാൻ സാധിക്കും പരിശുദ്ധമാവിന്റെ സഹായത്തോടെ ...
സാഹചര്യങ്ങൾ മാറി മറിഞ്ഞാലും കാലങ്ങൾ (season) മാറിയാലും വ്യതിയാനം സംഭവിക്കുന്നതല്ല ആത്മാവിന്റെ ഫലമായ 'വിശ്വസ്തത' ....ഭക്തന്മാർ കുറഞ്ഞു പോകുന്നതും മനുഷ്യ പുത്രന്മാരുടെ ഇടയിൽ വിശ്വസ്തന്മാരുടെ എണ്ണത്തിന് കുറവു വന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കു പ്രാർത്ഥിക്കാം എന്നെ രൂപാന്തരപ്പെടുത്തണമേ കർത്താവെ എന്നു...

സഹിക്കുവാൻ കഴിയുന്നതിലും അപ്പുറമായ പരീക്ഷ ദൈവം ഒരിക്കലും ഒരു മനുഷ്യന്റെയും ജീവിതത്തിൽ അനുവദിക്കുകയില്ല. സഹിക്കുവാൻ കഴിയുന്നതിന്റെ അതിർത്തി കടക്കുമ്പോൾ അവയെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. കാരണം അവൻ വിശ്വസ്തനാണ്. 'ദൈവം വിശ്വസ്തൻ'. ദൈവത്തിന്റെ വിശ്വസ്തതക്കു ഭംഗം വരികയില്ല. ദൈവ വിശ്വസ്തതയെ കുറിച്ച് മോശ പറയുന്നത് ശ്രദ്ധിക്കുക. 'നമ്മുടെ പൂർവ്വ പിതാക്കന്മാർ മണ്മറഞ്ഞു പോയി, നാമും ഈ ലോകത്തിൽ നിന്ന് ഒരു നിശ്ചിത കാലയളവിനു ശേഷം മറയും... പിന്നെ നമ്മുടെ മക്കൾ....അങ്ങനെ കർത്താവിന്റെ വരുവോളം തുടർന്നു കൊണ്ടേയിരിക്കും'. "എന്നാൽ തലമുറകൾ പലതും കഴിഞ്ഞു പോകുമെങ്കിലും എല്ലാ തലമുറകൾക്കും സങ്കേതമായിരിക്കുന്നതു കർത്താവാണ്. അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്"...അതെ അവൻ എല്ലാ തലമുറകൾക്കും മുകളിൽ വിശ്വസ്തനായി വാഴുന്നു...ദൈവത്തിന്റെ സ്വഭാവമാകുന്ന 'വിശ്വസ്തത' ത്യജിപ്പാൻ അവനു കഴിയുകയില്ല... 

പാപത്തിന്റെ ശമ്പളം മരണമാണെന്നുള്ള ദൈവിക നീതിക്കു മുമ്പിൽ പകെച്ചു നിൽക്കുന്ന മനുഷ്യ വർഗ്ഗത്തിനു പ്രതീക്ഷയുടെ തിരിനാളമാണ് സ്‌ത്രിയുടെ സന്തതി പിശാചിന്റെ തലയെ തകർക്കുമെന്നുള്ള ഉറപ്പ്. നൂറുകണക്കിനു വർഷങ്ങൾ ഓടി മാറി, കാലവും കാലചക്രങ്ങളും ഉരുണ്ടു നീങ്ങി. പ്രപഞ്ചത്തിനും സർവ്വ ചരാ ചരങ്ങൾക്കും കാതലായ മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട തന്റെ വാക്കിന്റെ വിശ്വസ്തതക്കു ഒട്ടും തന്നെ കോട്ടം സംഭവിച്ചില്ല. പൗലോസ് ശ്ലീഹാ പറയുന്നു 'കാലത്തിന്റെ സമ്പൂർണ്ണതയിൽ ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി നിയോഗിച്ചയച്ചു. അതെ സ്വന്ത പുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏൽപ്പിച്ചു തന്നവൻ' ..... ഇതാണ് ദൈവത്തിന്റെ വിശ്വസ്തത. വർഷങ്ങൾ ആയിരം കടന്നു പോയാലും തന്റെ വായിൽ നിന്ന് പുറപ്പെട്ട വാക്കിന് അവൻ വ്യത്യാസം വരുത്തുകയില്ല. ഈ ദൈവം എത്ര വിശ്വസ്തനാണെന്നു നോക്കുക. തന്റെ മക്കളാകുന്ന നമ്മെ കുറിച്ചും ഈ വിശ്വസ്ത ദൈവം ആഗ്രഹിക്കുന്നത് നാമും വിശ്വസ്തരാകുക എന്നുള്ളതാണ്. നമ്മുടെ കുടുംബത്തിൽ, സമൂഹത്തിൽ, ജോലി സ്ഥലങ്ങളിൽ,സഭയിൽ എല്ലായിടത്തും നമുക്കും വിശ്വസ്തരാകാം

....താലന്തുകൾ വ്യാപാരം ചെയ്തവരോടുള്ള യജമാനന്റെ അഭിനന്ദനം "നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനെ, നീ അൽപത്തിൽ വിശ്വസ്തനായിരുന്നു."ഞാൻ ഇവിടെ നിന്നെ നിരീക്ഷിക്കുവാൻ ഇല്ലെന്നു നീ അറിഞ്ഞിരിക്കെത്തന്നെ ഞാൻ ദൂരത്തായിരിക്കതന്നെ ഞാൻ നിന്നെ വ്യാപാരം ചെയ്യുവാനായി ഏൽപ്പിച്ചിട്ടു പോയ താലന്തിൽ നീ വിശ്വസ്തനായിരുന്നു. അതുകൊണ്ടു ഇനിയും ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും. ലോകത്തിൽ നമുക്കു മുകളിൽ വച്ചിരിക്കുന്ന അധികാരസ്ഥന്മാർക്കു നാം വിശ്വസ്തരായിരിക്കണം.ദൈവത്തിന്റെ സ്വഭാവാകുന്ന വിശ്വസ്തത നമ്മിൽ കൂടി സകല മേഖലകളിലും വെളിപ്പെട്ടു കാണുമ്പൊൾ ദിവസം കഴിയുന്തോറും ആത്മാവിന്റെ ഫലമായ 'വിശ്വസ്തതയും' നമ്മുടെ സ്വഭാവാകും....

<< Back to Articles Discuss this post

0 Responses to "ആത്മാവിന്റെ ഫലം-വിശ്വസ്തത"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image