ആത്മാവിന്റെ ഫലം-സൗമ്യത
ആത്മാവിന്റെ ഫലം-സൗമ്യത
തന്റെ ജനത്തിന്റെ രാജാവായി ദൈവത്താൽ അഭിഷിക്തനായ ദാവീദ്. അബ്ശാലോം എന്ന തന്റെ മകനെ ഭയന്നു ഓടിപോകുമ്പോൾ ശിമയി ദാവീദിനെ ശപിക്കുന്നു.(2 ശമുവേൽ 5-12) രാജാവിന്റെ വീരന്മാരും തന്റെ ജനവും ഭൃത്യന്മാരും എല്ലാം കാൺകയാണ് തനിക്കു ഒരു നിസാരനായ മനുഷ്യനിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നത്. ശിമയിയെ കൊല്ലുവാനായി അനുവാദം ചോദിക്കുന്ന സെരൂയയുടെ പുത്രനോട് ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന ദാവീദ് ഉത്തരം പറയുന്നത് "ദാവീദിനെ ശപിക്ക എന്നു യഹോവ ശിമയിയോടെ കല്പിച്ചിരിക്കുന്നു. പിന്നെ അവൻ അത് ചെയ്യുമ്പോൾ അരുതെന്നു പറയുവാൻ ആർക്കു കഴിയും". ശിമയിയെ കൊല്ലുവാനുള്ള ശക്തിയും കാരണവും ഉള്ളപ്പോഴും ദൈവം അറിയാതെ തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യത്തോടെ ഇടപെടുന്നതാണ് 'സൗമ്യത' എന്ന ആത്മാവിന്റെ ഫലം.
മറ്റുള്ളവരോട് സൗമ്യതയോടെ ഇടപെടണമെന്ന് ആഗ്രഹിക്കുമ്പോഴും നമ്മുടെ ജഡത്തിന്റെ ബലഹീനത നമ്മെ അതിനു സമ്മതിക്കുന്നില്ല. മാനുഷികമായ ശക്തിയാൽ നമുക്ക് ജയിക്കുവാൻ സാധിക്കാതെ ആയിരിക്കുമ്പോൾ മുറിവേൽക്കുന്നതും, ദുഷിക്കുന്നതും, അപവാദം കേൾക്കുന്നതുമായ സമയത്തു എതിരിടുവാനും നമ്മുടെ ഭാഗം ന്യായികരിക്കുവാനുമായി പെട്ടെന്നു പ്രതികരിക്കാതെ ദൈവത്തിനു വിട്ടുകൊടുക്കുക...നാം പ്രതികരിക്കാതിരിക്കുന്നിടത്തു ദൈവം നമുക്കായി പ്രതികരിക്കും...
കൂട്ടുകാരനാകട്ടെ, സഹോദരനാകട്ടെ വല്ലതെറ്റിലും അകപ്പെട്ടു പോകുമ്പോൾ അവനെ തള്ളിക്കളയാതെ, മറ്റുള്ളവരുടെ മുൻപിൽ പിച്ചിചീന്താതെ, അവന്റെ കുറ്റം മറ്റുള്ളവരുടെ മുൻപിൽ പറഞ്ഞു നടന്നു അവനെ നിത്യനാശത്തിലേക്കു തള്ളിയിടാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സ്നേഹത്തോടെ യഥാസ്ഥാനപ്പെടുത്തുന്നവൻ 'സൗമ്യത' എന്ന ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവനാണ്. ഇങ്ങനെയുള്ളവരാണ് ഒരു യഥാർത്ഥ ആത്മിക പക്വതയുള്ളവൻ. ഇന്നു വിശ്വാസ സമൂഹത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നതു തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുവാനുള്ള മനസാണ്. ഈ വലിയ വിപത്തിൽ നിന്ന് നമുക്ക് ഒഴിഞ്ഞിരിക്കാം. സൗമ്യതയെന്ന ആത്മാവിന്റെ ഫലം നമ്മിലൂടെ ഒഴുകുമ്പോൾ, അനേക പിന്മാറ്റക്കാർ , ദൈവത്തെ കണ്ടുമുട്ടാത്തവർ നാം മുഖാന്തിരം യഥാസ്ഥാനപ്പെടട്ടെ.... കർത്താവെ, മറ്റുള്ളവരെ ദൈവത്തിനായി നേടുവാൻ, സൗമ്യത എന്ന ആത്മാവിന്റെ ഫലം എന്നിലൂടെ വെളിപ്പെടുവാൻ സഹായിക്കണമേ !!!
0 Responses to "ആത്മാവിന്റെ ഫലം-സൗമ്യത"
Leave a Comment