പ്രയോജനമില്ലാത്ത ദാസന്മാർ
പ്രയോജനമില്ലാത്ത ദാസന്മാർ
ചാടി പിടഞ്ഞു എഴുന്നേറ്റു നോക്കിയത് തന്നെ ക്ലോക്കിലേക്കാണ്. അരണ്ട വെളിച്ചത്തിൽ ക്ലോക്കിന്റെ സൂചികൾ എന്നത്തേയും പോലെ തന്നെ നാലുമണിക്ക് അഞ്ചുമിനിറ്റ് കൂടിയെന്ന് സൂചിപ്പിച്ചു കൊണ്ട് മുമ്പോട്ട് കുതിക്കുവാനായി ആയാസപ്പെടുന്നു . പുറത്തു നല്ല തണുപ്പുണ്ട്. ഒന്നുകൂടെ പുതപ്പിനടിയിലേക്കു കയറുവാൻ വെമ്പൽ കൊള്ളുന്ന ജഡത്തിന്റെ മോഹത്തെ ജനിക്കുവാനായി അനുവദിക്കാതെ പെട്ടന്നു തന്നെ എഴുന്നേറ്റു...നല്ല ക്ഷീണം. കിടക്കുന്നതു മാത്രം അറിയാം. ഉറങ്ങി പോകുന്നത് അറിയുന്നതേയില്ല. അത്രയേറെയുണ്ട് പകലത്തെയും രാത്രിയിലെയും അധ്വാനം. ഒരു പരിധി വരെ നല്ലതാണു, ഉറക്കമില്ലായ്മ അസുഖമായി പറയുന്നവരുടെ മുമ്പിൽ അങ്ങനെയൊരു പ്രശ്നം നമുക്കില്ലല്ലോ..
ഒരു നൂറു കൂട്ടം പണിയുണ്ട് രാവിലെ ദോശക്കുള്ളതുകൂടെ അരച്ചു വച്ചിട്ടാണ് ഒന്നു നടുനിവർത്തി കിടന്നതു. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് വിശ്രമെന്നത് പിറ്റേദിവസത്തേക്കുള്ള ജോലി ചെയ്യുവാനുള്ള ആരോഗ്യം വീണ്ടെടുക്കലാണെന്നു...
ചിന്ദിച്ചു നിൽക്കുവാൻ സമയമില്ല. ഇപ്പോൾ തന്നെ തുടങ്ങിയാലെ യജമാനൻ എഴുന്നേൽക്കുമ്പോഴേക്കും എല്ലാം തയ്യാറാകുകയുള്ളു...യജമാനനുള്ള പ്രഭാത ഭക്ഷണവും കന്നുകാലികൾക്കുള്ളതും എല്ലാം ചെയ്തിട്ടുവേണം പാടത്തേക്കു പോകാൻ..മിക്കപ്പോഴും ഭക്ഷണം കഴിക്കാൻ മറക്കുന്നു...അടുത്ത കൃഷി ഇറക്കുന്നതിനു മുമ്പെയുള്ള കിളച്ചു മറിക്കൽ ഇന്നു മുതൽ ആരംഭിക്കണം.മഴ ഈ പ്രാവശ്യം നേരത്തെ കാണും. ആട്ടിൻ പറ്റത്തെ മേയിക്കാൻ ഇന്നലെ കണ്ട പുല്ലു കൂടുതലുള്ളടത്തേക്കു വിടണം. ഹോ! പിടിപ്പതു പണിയുണ്ട്...വഴി പോകുന്നവരെയോ ലോഹ്യം പറഞ്ഞു മിനക്കെടുത്താൻ വരുന്നവരോടു ഒരു വാക്കു മിണ്ടാൻ കൂടി സമയം കിട്ടില്ല...
സൂര്യൻ പടിഞ്ഞാറു അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. കന്നുകാലികളെ വേഗം തൊഴുത്തിലാക്കി ദേഹം ശുദ്ധി വരുത്തി അടുക്കളയിലേക്കു ഓടി. പാടത്തു നിന്ന് വരുന്നത് നോക്കികൊണ്ട് ഉമ്മറത്ത് തന്നെയുണ്ട്. "ഇത്തിരി അരി കഴുകി ഒന്നു വേവിച്ചു വച്ചാൽ എന്താ , ഞാൻ വന്നിട്ട് ബാക്കി കറികളും മറ്റും ഉണ്ടാക്കിയാൽ പോരെ. ഒന്നും ചെയ്യില്ല. എല്ലാം ഞാൻ തന്നെ ചെയ്യണം. കഴിച്ചു തീരുന്നതു വരെ ഓരോന്നും എടുത്തു കൊടുക്കുവാനും . ശിശ്രുഷിപ്പാൻ കൂടെ തന്നെ നിൽക്കണം... എന്നാൽ ഒരു നന്ദി വാക്ക്... ങേ... ഹേ... ഇല്ലേയില്ല...
ഛേ...അയ്യോ ...ഞാൻ എന്തൊക്കെയാ ഈ ദുഷ്ടത ആലോചിക്കുന്നത്...പെട്ടന്നു സുബോധം വീണ്ടെടുത്ത ഞാൻ ചിന്ദിച്ചു. എന്തു നന്ദി പ്രതിക്ഷിക്കുവാൻ...ഞാൻ ഒരു ദാസനാണ്. അതെ പ്രയോജനമില്ലാത്ത ദാസൻ..എന്നിൽ നിക്ഷിപ്‌തമായ കർത്തവ്യം മാത്രമേ ഞാൻ ചെയ്യുന്നുള്ളു...
ഞാൻ കർത്താവിന്റെ ദാസൻ "പ്രയോജനമില്ലാത്ത ദാസൻ" ചെയ്യണ്ടതേ ചെയ്തിട്ടുള്ളു.
പലപ്പോഴും നമുക്ക് കരുണ ലഭിച്ചിട്ടു കിട്ടിയ ശുശ്രുഷയിൽ യജമാനനേക്കാൾ വലിയവരാകുവാൻ ശ്രമിക്കാറില്ലേ... ദാസനു ചോദ്യം ഇല്ല. പറയുന്നത് ചെയ്യുക... ദാസൻ നന്ദി പ്രതീക്ഷിക്കുന്നില്ല. ഒരു പക്ഷെ യജമാനൻ നന്ദി പറഞ്ഞാലും ദാസന് പറയുവാൻ ഇത്ര മാത്രം " ഞാൻ പ്രയോജനമില്ലാത്ത ദാസൻ" ചെയ്യണ്ടതേ ചെയ്തിട്ടുള്ളു.
കല്പിച്ചതു മാത്രം... കല്പിച്ചതിന്റെ പുറത്തോ അകത്തോ പരിധി വിടുന്നതു ലംഘനമാണ്..കൽപ്പിക്കുന്നത് മാത്രം....
വായനഭാഗം : ലൂക്കോസ് 17:7-10
നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല:
എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറകയില്ലയോ? തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ? അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
0 Responses to "പ്രയോജനമില്ലാത്ത ദാസന്മാർ"
Leave a Comment